in

പള്ളി തകര്‍ത്തവര്‍ക്കെതിരെ കോടതി നടപടി സ്വീകരിക്കാത്തതെന്ത്: കെ മുരളീധരന്‍ എം പി

കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘നിര്‍ഭയം’ പരിപാടിയില്‍ കെ മുരളീധരന്‍ എം പി മുഖ്യപ്രഭാഷണം നടത്തുന്നു

ദോഹ: ബാബരി മസ്ജിദ് കേസില്‍ പുറത്തുവന്ന സുപ്രിം കോടതി വിധി ഏകപക്ഷീയമാണെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവും എം പിയുമായ കെ മുരളീധരന്‍. ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘നിര്‍ഭയം’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ നടന്നത് ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കമായിരുന്നില്ല. 1949ല്‍ വിഗ്രഹം സ്ഥാപിച്ചതും 92ല്‍ പള്ളി തകര്‍ത്തതും തെറ്റായിരുന്നുവെന്ന് പറഞ്ഞ കോടതി എന്തുകൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചുവരികയും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ പള്ളി തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിനെ ഭയപ്പെടുത്തിയും എതിര്‍ക്കുന്നവരെ മുഴുവന്‍ ജയിലിലടച്ചും മുന്നോട്ട് പോകാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ദുരൂഹമായിരുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെക്കുറിച്ച് അംഗങ്ങള്‍ അറിഞ്ഞത് തന്നെ തലേ ദിവസം രാത്രിയാണ്.
ചിദംബരത്തെ ജയിലിടക്കാന്‍ പറഞ്ഞ കാരണങ്ങള്‍ പരിശോധിച്ചാല്‍ നിര്‍മ്മലാ സീതാരാമനെ ആജീവനാന്തം തടവിലിടേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണകളുണ്ടാക്കിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. അധികകാലം ഇത് മുന്നോട്ട് പോകില്ലെന്നതിന്റെ സൂചനകളാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന് യു എ പി എ നിയമത്തെ എതിര്‍ത്ത സി പി എം ഭരണം നടത്തുന്ന കേരളത്തിലാണ് ലഘുലേഖ വായിച്ചതിന്റെ പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കുന്നത്.
ബി ജെ പി ഭരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമല്ല, ഇടതുപക്ഷം ഭരണം നടത്തുന്ന കേരളത്തിലും മുസ്ലിംകള്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ചില കാര്യങ്ങളില്‍ പിണറായി വിജയന് ബി ജെ പിയുമായി രഹസ്യബന്ധമുണ്ട്. ലാവ്ലിന്‍ കേസും ഭരണത്തുടര്‍ച്ചയുമാണ് ഇതിന് പിന്നിലുള്ളത്.
ആളുകളുടെ കഴുത്തറുത്ത് കൊന്നിരുന്ന നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്തത് കെ കരുണാകരനും സി എച്ച് മുഹമ്മദ്‌കോയയുമായിരുന്നു. എന്നാല്‍ ഒരു ചാക്ക് അരി ചോദിച്ചുവന്ന മാവോയിസ്റ്റുകളെയാണ് പിണറായി വിജയന്റെ പോലീസ് വെടിവെച്ചു കൊന്നത്.
ഇന്ത്യയില്‍ ഫാഷിസം കാന്‍സര്‍ പോലെ പടരുകയാണെന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമതുള്ള കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവും പി എസ് സി മുന്‍ അംഗവുമായ ടി ടി ഇസ്മായില്‍, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, അലി കൊയിലാണ്ടി, മഠത്തില്‍ അബ്ദുറഹ്മാന്‍, ഖത്തര്‍ കെഎംസിസി കോര്‍ഡിനേറ്റര്‍ എ അസീസ് മാസ്റ്റര്‍, എം എസ് എഫ് ജില്ലാ സെക്രട്ടറി ഷാമില്‍ റഷീദ് കൊയിലാണ്ടി, ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല, ഗഷാം ഇന്റര്‍നാഷണല്‍ എം ഡി ആര്‍ പി കുഞ്ഞമ്മദ്, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം പി അഹമദ് എന്നിവര്‍ അതിഥികളായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിസ സെന്ററിലെത്തുന്നത് 1800ലേറെ പേര്‍

ലുലു ഔട്ട്‌ലെറ്റുകളില്‍ ഖത്തരി കാര്‍ഷികോത്പന്ന വിപണന മേള