വഖ്റ സ്റ്റേഡിയം ഇനി അറിയപ്പെടുക അല്‍ജാനൂബ് സ്റ്റേഡിയം എന്ന പേരില്‍
സഹ ഹദീദിന്റെ ഡിസൈനിന് ഫുട്ബോള്‍ ലോകത്തിന്റെ മുക്തകണ്ഠ പ്രശംസ
ആര്.റിന്‍സ്
ദോഹ

പാരമ്പര്യവും ആധുനികതയും സമന്വയിക്കുകയാണ് വഖ്റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍. ഫുട്ബോള്‍ ലോകത്തിന് വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഖത്തറിന്റെ രണ്ടാം ലോകകപ്പ് സ്റ്റേഡിയം അല്‍വഖ്റ ഇനി അറിയപ്പെടുക അല്‍ജാനൂബ് സ്റ്റേഡിയം എന്ന പേരിലായിരിക്കും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഡിയത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പരമ്പരാഗത അറബ് ദൗ ബോട്ടുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അള്‍ട്രാ മോഡേണ്‍ സ്റ്റേഡിയം വഖ്റയുടെ മത്സ്യബന്ധനപൈതൃകത്തോടു ചേര്ന്നുനില്ക്കുമ്പോള് തന്നെ ആധുനികതയുടെയും പ്രതിഫലനമാകുന്നു. സ്റ്റേഡിയം ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം പ്രകീര്‍ത്തിച്ചത് സ്റ്റേഡിയത്തിന്റെ നൂതനമായ ഡിസൈനിനെയായിരുന്നു. അസാധാരണമാണ് സ്റ്റേഡിയം- ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു, സ്റ്റേഡിയം ഉദ്ഘാടനത്തിനായി ദോഹയിലെത്തിയതായിരുന്നു അദ്ദേഹം.

ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സമൂറയും ഒപ്പമുണ്ടായിരുന്നു. ഏഴു മാസം മുന്‍പ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലും ഇന്‍ഫന്റിനോ വഖ്റ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. മനോഹരമായിരിക്കുന്നു ഇപ്പോള്‍ സ്റ്റേഡിയം. എന്നാല്‍ തനിക്കതില്‍ അത്ഭുതമില്ല, ഖത്തര്‍ ഏറ്റവും മികച്ചത് നല്‍കാനായി കഠിനമായി പരിശ്രമിക്കുന്നു- ഇന്‍ഫന്റിനോ പറഞ്ഞു. 38,000ലധികം പേരാണ് ഉദ്ഘാടനവും അമീര്‍ കപ്പ് ഫൈനലും ആസ്വദിക്കാന്‍ അല്‍ജാനൂബ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റേഡിയം മനോഹരമായ ദൃശ്യ ശ്രവ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് പകര്ന്നുനല്കുന്നത്. 24 മാസത്തിനിടെ ഖത്തര്‍ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ ലോകകപ്പ് സ്റ്റേഡിയമാണിത്. 2017ല്‍ ഇതുപോലൊരു മെയ് മാസത്തിലാണ് നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം അമീര്‍ ലോകത്തിനു സമര്‍പ്പിച്ചത്. ലോകകപ്പിനായി ഖത്തറില്‍ പുതിയതായി നിര്‍മിക്കപ്പെട്ട ആദ്യ സ്റ്റേഡിയമാണ് അല്‍ജാനൂബ്.
2014ല്‍ ഖനനപ്രവര്ത്തനങ്ങളിലുടെ പ്രാഥമിക വര്‍ക്കുകള്‍ തുടങ്ങി അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനായി. സ്റ്റേഡിയം മനോഹരമാണ്. ഒട്ടേറെ നൂതനതകളോടെയുള്ള ഗ്രാന്റ് ഫുട്ബോള്‍ വേദി. വ്യത്യസ്തത ഫീല്‍ ചെയ്യുന്നു- ബ്രീസിലിന്റെ ഫുട്ബോള്‍ ഇതിഹാസവും 2022ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനുമായ കഫു പറഞ്ഞു. വളരെ മനോഹരമായ ലോകകപ്പ് സംഘടിപ്പിക്കുന്നതിനായി ഖത്തര്‍ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ലോകത്തെ സ്വാഗതം ചെയ്യാന്‍ അവര്‍ സജ്ജമായിട്ടുണ്ടെന്നും 48കാരനായ കഫു പറഞ്ഞു. 1988ല്‍ യൂറോ കിരീടം നെതര്ലന്റിനു നേടിക്കൊടുത്ത റൂഡ് ഗുല്ലിറ്റും ഖത്തറിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഖത്തര്‍ ക്യത്യമായൊരു സന്ദേശമാണ് വഖ്റ അല്‍ജാനൂബ് സ്റ്റേഡിയത്തിലൂടെ നല്‍കിയിരിക്കുന്നത്. ഖത്തരികള്‍ക്ക് എന്തു ചെയ്യാനാകുമെന്നതില്‍ ലോകത്തിനു നല്കിയ അടയാളമുദ്രയാണിത്. വിസ്മയകരമാണ് സ്റ്റേഡിയം- ഗുല്ലിറ്റ് പറഞ്ഞു. നെതര്ലന്റിനുവേണ്ടി 60 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ 49കാരനായ ഡി ബോയെറും സ്റ്റേഡിയത്തിന്റെ മനോഹാരിതയില്‍ വിസ്മയിച്ചു.
പുറംഭംഗി മാത്രമല്ലെന്നും അകവും മികച്ചതാണെന്നും ശരിയായ ഫുട്ബോള്‍ സ്റ്റേഡിയം ഉള്ളില്‍ പ്രകടമാണെന്നും ബോയെര്‍ പറഞ്ഞു. ഖത്തറില്‍ കളിച്ചിട്ടുണ്ട് ബോയെര്‍. പഴയ അല്‍വഖ്റ, റയ്യാന്‍ സ്റ്റേഡിയങ്ങള്‍ മോശമായിരുന്നില്ല. പക്ഷെ നാം 2022 ലേക്കു മുന്നേറുമ്പോള്‍ നാം ആഗ്രഹിക്കുന്നതാണ് അല്‍ജാനൂബ് സ്റ്റേഡിയം- ബോയെര്‍ പറഞ്ഞു. സ്റ്റേഡിയം മഹത്തരമാണെന്ന് ബ്രസീലിന്റെ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസും പ്രതികരിച്ചു. എല്ലാം ടോപ്ക്ലാസാണ്.
വിസ്മയകരമായ ജോലിയാണ് ഖത്തര്‍ നിര്‍വഹിച്ചിരിക്കുന്നത്- കാര്‍ലോസ് പറഞ്ഞു. വേറിട്ട സ്റ്റേഡിയമാണെന്ന് അല്ജാനൂബെന്ന് നേരത്തെ അല്‍ഗറാഫ ക്ലബ്ബിനു വേണ്ി കളിച്ചിട്ടുള്ള സ്പെയിനിന്റെ ഫെര്‍ണാണ്ടോ ഹിയരോ പറഞ്ഞു. ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതായിരിക്കുമെന്നതില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022ലേക്കുള്ള യാത്രയില്‍ മറ്റൊരു നാഴികക്കല്ലാണ് അല്‍ജാനൂബ് സ്റ്റേഡിയമെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു. 2022 ഫിഫ ലോകകപ്പിനുശേഷം അല്‍വഖ്റ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഹോം വേദിയായിരിക്കും ജാനൂബ് സ്റ്റേഡിയം. നൂതനമായ ശീതികരണ സംവിധാനം, മോഡുലാര്‍ സ്വഭാവം എന്നിവയെല്ലാം സ്റ്റേഡിയത്തെ വേറിട്ടുനിര്‍ത്തുന്നു.