
ദോഹ: കോര്‍ണീഷ് സ്ട്രീറ്റിലെ അല്മസ്ര പാര്‍ക്കില്‍ അന്‍പത് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. മുനിസിപ്പിലാറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ, അശ്ഗാല്‍ പ്രസിഡന്റ്, സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി എന്നിവര്‍ പങ്കെടുത്തു. സുപ്രീംകമ്മിറ്റിയുടെ പ്രഥമ ജനറേഷന് അമൈസിങ് ഫെസ്റ്റിവലിലെ പ്രതിനിധികളാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. വടക്ക് ഖത്തര്‍ പോസ്റ്റ്, തെക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍, കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ്, പടിഞ്ഞാറ് മജ്ലിസ് അല്‍താവൂന്‍ സ്ട്രീറ്റ് എന്നിവയാല്‍ ചുറ്റപ്പെട്ട നിലയിലാണ് അല്മസ്ര പാര്‍ക്ക്.
ഖത്തര്‍ നാഷണല്‍ തീയെറ്ററിനോടുള്ള അഭിനന്ദനസൂചകമയാണ് പാര്ക്കിന് അല്മസ്ര എന്നു നാമകരണം ചെയ്തത്. കോര്‍ണിഷ് സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തെയും പാര്‍ക്കിന്റെ ഹൃദയഭാഗത്തുള്ള മെട്രോ സ്റ്റേഷനെയും കൗണ്‍സില്‍ സ്ട്രീറ്റിനെയും പാര്‍ക്ക് ബന്ധിപ്പിക്കുന്നുണ്ട്. തുരങ്കത്തിന്റെ സഹായത്തോടെയാണിത്. 1,08,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പാര്‍ക്കില്‍ 64,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പച്ചപ്പുല്ല് വിരിച്ചിട്ടുണ്ട്.
16 തരം പ്രാദേശിക, അന്തര്‍ദ്ദേശീയ വൃക്ഷങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 850ലധികം വൃക്ഷങ്ങള്‍. മൂന്ന് പ്രധാന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനോദ മേഖലയായാണ് ഒരു ഭാഗം. ഇവിടെ സന്ദര്‍ശകര്‍ക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കുന്നതിന് റെസ്റ്റോറന്റുകള്‍, കിയോസ്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഭാഗത്ത് കായിക പ്രവര്‍ത്തനങ്ങള്‍ക്കാണ് സൗകര്യം. കാല്‍നടയാത്രക്കാര്‍, ജോഗിംഗ്, സൈക്കിള്‍ പാതകള്‍ എന്നിവയെല്ലാമുണ്ട്. റീസൈക്കിള്‍ റബ്ബര്‍, പ്രാദേശിക ഖത്തരി മെറ്റീരിയലുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. മൂന്നാം ഭാഗം ഹരിതഭംഗി നിറഞ്ഞതാണ്. കുട്ടികളുടെ ഗെയിമുകള്‍ക്ക് അനുയോജ്യമായതാണ് ഈ മേഖല. കുടുംബങ്ങള്‍ക്ക് ഷേഡുള്ളതും ഷേഡില്ലാത്തതുമായ ഇടങ്ങളുണ്ട്. കൂടാതെ പച്ച കുന്നുകളും ചേര്‍ന്ന ഈ മേഖല പൊതുവായ കാഴ്ച ആസ്വാദ്യകരവും സുഖകരവുമാക്കുന്നു.