
ദോഹ: സര്‍ക്കാര്‍ ജപ്തി ചെയ്ത വാഹനങ്ങളുടെ നിയമ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് പൊതുലേലം നടത്തുന്നു. ഒക്ടോബര്‍ 13 ഞായറാഴ്ച മുതല്‍ രണ്ടാഴ്ച വരെ ലേലം തുടരും. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ ഏഴുവരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 52-ല്‍ വെഹിക്കിള്‍ ഡിറ്റെന്‍ഷന്‍ ഏരിയയിലാണ് ലേലം. വാഹനങ്ങള്‍ മുഴുവന്‍ വിറ്റുപോകുന്നതു വരെ തുടരും. ലേലത്തിനുള്ള കാര്‍ഡ് ലേല സ്ഥലത്ത് നിന്നും ആദ്യ ദിനത്തില്‍ രാവിലെ മുതല്‍ ലഭിക്കും. ലേല കമ്മിറ്റി ഔദ്യോഗിക അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും.
ലേലത്തില്‍ പോകുന്ന എല്ലാ വാഹനങ്ങളും ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റെ രേഖകളില്‍ നിന്നും ഒഴിവാക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലേല വാഹനങ്ങള്‍ പൂര്‍ണമായും പരിശോധിക്കാം. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര് ലേല സ്ഥലത്ത് നിന്നും ലേല കാര്‍ഡ് വാങ്ങുകയും നിശ്ചിത തുക അടക്കുകയും വേണം. ഈ തുക ലേല ദിവസത്തിന്റെ അവസാനം തിരികെ ലഭിക്കും.