in ,

പുകയില നിയന്ത്രണകേന്ദ്രം, ഇഎഎ എന്നിവയുമായി ക്യുഎസ്എല്‍ കരാര്‍ ഒപ്പുവച്ചു

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, എച്ച്എംസി പുകയില നിയന്ത്രണകേന്ദ്രം പ്രതിനിധികള്‍ കരാര്‍ ഒപ്പുവക്കല്‍ ചടങ്ങില്‍

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ്(ക്യുഎസ്എല്‍) ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുകയില നിയന്ത്രണ കേന്ദ്രം, എജ്യൂക്കേഷന്‍ എബൗവ് ഓള്‍(ഇഎഎ) എന്നിവയുമായി കരാറില്‍ ഒപ്പുവച്ചു. രണ്ടുവര്‍ഷത്തെ സഹകരണ കരാറിലാണ് ഏര്‍പ്പെട്ടത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മനുഷ്യ, സാമൂഹ്യ, സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്ന ഒരു ആഗോള പ്രസ്ഥാനം കെട്ടിപ്പെടുക്കുകയാണ് ഇഎഎയിലൂടെ ലക്ഷ്യമിടുന്നത്. ക്യുഎസ്എല്ലിന്റെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന് അനുസൃതമായി കമ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായാണ് ഇഎഎയുമായുള്ള കരാര്‍. ക്യുഎസ്എല്ലിന്റെ മൂന്നു ടൂര്‍ണമെന്റുകളായ ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ്, ഖത്തര്‍ കപ്പ്, ഊരിദൂ കപ്പ് എന്നിവയുടെ കമ്യൂണിറ്റി പങ്കാളിയാണ് ഇഎഎ.

ദരിദ്രരും ആവശ്യം അര്‍ഹിക്കുന്നവരുമായവരെ സഹായിക്കുന്നതിനുള്ള ആഗോളസംരംഭമാണ് ഇഎഎ. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രത്യേകിച്ച് ദാരിദ്ര്യവും സംഘര്‍ഷവും അനുഭവിക്കുന്ന രാജ്യങ്ങളിലുള്ള കുട്ടികള്‍ക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്.

നിരവധി ക്രിയാത്മക കമ്യൂണിറ്റി സ്ഥാപനങ്ങളുമായി ശക്തവും ക്രിയാത്മകവുമായ പങ്കാളിത്തം കെട്ടിപ്പെടുക്കുന്നതിനുള്ള താല്‍പര്യത്തിന്റെ ഭാഗമായാണ് എച്ച്എംസി പുകയില നിയന്ത്രണ കേന്ദ്രവുമായി അടുത്തരണ്ടു സീസണുകളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിന് കരാറിലേര്‍പ്പെട്ടത്. ക്യുഎസ്എല്ലിന്റെ മൂന്നു ടൂര്‍ണമെന്റുകളിലും പുകയില നിയന്ത്രണ കേന്ദ്രവും സഹകരിച്ചുപ്രവര്‍ത്തിക്കും.

ക്യുഎസ്എല്ലിലും ഫുട്‌ബോളിലും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പുകവലിയെന്ന ഭീഷണിയെ ചെറുക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക സന്ദേശങ്ങള്‍ നല്‍കും. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് പുകയില നിയന്ത്രണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ പുകവലി വര്‍ധിക്കുന്നതിന്റെ തോത് കുറയ്ക്കുന്നതിനുള്ള പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് കേന്ദ്രം.

പുകവലികൊണ്ടുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും പുതിയ കേന്ദ്രം സഹായകമായിരിക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ വിവിധതരം അര്‍ബുദങ്ങളെയും അന്‍പതിലധികം മറ്റു അസുഖങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാകും.

പുകയിലയുടെയും അനുബന്ധ സാമഗ്രികളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി കാര്യക്ഷമവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ കര്‍മപദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനൊപ്പം പുകവലിശീലം ഉപേക്ഷിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുകയും ചെയ്യുന്നു.

ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച സെന്ററാണിത്. ഖത്തറിലും ജിസിസിയിലും ലോകാരോഗ്യസംഘടനയുടെ സഹകരണത്തോടെയുള്ള ആദ്യത്തെ കേന്ദ്രമാണിത്. ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.

ക്യുഎസ്എല്‍ സിഇഒ ഹാനി താലെബ് ബല്ലന്‍, എച്ച്എംസി പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍മുല്ല, ഇഎഎ പ്രൊക്യുയര്‍മെന്റ് ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍കുബൈസി തുടങ്ങിയവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാംസങ് ഗ്യാലക്‌സി നോട്ട് 10 വൊഡാഫോണ്‍ ഖത്തര്‍ സ്‌റ്റോറുകളില്‍

സെപ്തംബറില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്