
ദോഹ: പുതിയ അധ്യയന വര്‍ഷത്താരംഭത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലത്തിന്റെ ആഭിമുഖ്യത്തില്‍ ആറാമത് ബാക്ക് ടു സ്‌കൂള്‍ കാമ്പയിന് മികച്ച പ്രതികരണം. ആഗസ്ത് 24വരെ കാമ്പയിന്‍ തുടരും. വിദ്യാഭ്യാസത്തിനൊപ്പം ഞങ്ങള്‍ ഖത്തര്‍ നിര്‍മ്മിക്കുന്നു എന്ന പ്രമേയത്തിലാണ് ഇത്തവണ കാമ്പയിന്‍.
കിഡ്‌സാനിയ, മാള്‍ ഓഫ് ഖത്തര്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍. വിദ്യാഭ്യാസ പ്രക്രിയയിലെ എല്ലാ കക്ഷികളുമായും ആശയവിനിമയം ശക്തിപ്പെടുത്തുകയും പുതിയ അധ്യയനവര്‍ഷത്തിനായി വിദ്യാര്‍ഥികളെ സജ്ജമാക്കുകയും രക്ഷിതാക്കളെയും എല്ലാ പങ്കാളികളെയും വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന പിന്തുണാ സേവനങ്ങളുടെ പ്രയോജനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്നതും ലക്ഷ്യമിടുന്നു. പഠനത്തിനായി വിദ്യാര്‍ഥികളെ ധാര്‍മികമായും മനശാസ്ത്രപരമായും സജ്ജമാക്കേണ്ടതിന്റെ പ്രാധാന്യവും ഓര്‍മപ്പെടുത്തലും കാമ്പയിന്റെ ഭാഗമാണ്. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹസന്‍ അബ്ദുല്ല അല്‍മുഹമ്മദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഠനാന്തരീക്ഷം, ശാസ്ത്രം, ശാസ്ത്രീയ അഭിലാഷം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും മത്സരങ്ങളും ബാക്ക് ടു സ്‌കൂള്‍ കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ, ശാസ്ത്ര, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള നുറുങ്ങുകളും മാര്‍ഗനിര്‍ദേശങ്ങളും കാമ്പയിന്റെ ഭാഗമാണ്.
വിദ്യാര്‍ഥികളുടെ കഴിവുകളും ശേഷിയും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ പ്രക്രിയയെ സഹായിക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വിവിധ തരം പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ മന്ത്രാലയം പ്രതിബദ്ധമാണ്. അധ്യയനവര്‍ഷത്തെ പ്രോത്സാഹിപ്പിക്കുകയെന്നതുമാത്രമല്ല, മറിച്ച് പൊതുസ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ മനശാസ്ത്രപരമായും മാനസികമായും ബന്ധിപ്പിക്കുകയെന്നതും ലക്ഷ്യം വയ്ക്കുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും- വിദ്യാര്‍ഥികള്‍, സ്‌കൂളുകള്‍, രക്ഷിതാക്കള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസപ്രക്രിയയിലെ പങ്കാളികള്‍ തുടങ്ങിയവര്‍ കാമ്പയിന്റെ പരിപാടികളില്‍ പങ്കാളികളാകുന്നു.