in ,

പുനരുപയോഗിക്കാന്‍ കഴിയുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയമായി റാസ് അബുഅബൗദ് സജ്ജമാകുന്നു

റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ രൂപരേഖ

ദോഹ: 2022 ഫിഫ ലോകകപ്പിന്റെ സുപ്രധാന വേദികളിലൊന്നായ റാസ് അബുഅബൗദ് സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഫിഫ സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്.

ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. സുസ്ഥിരതക്കാണ് പ്രധാന ഊന്നല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന എല്ലാ ഘടകങ്ങളും പുനരുപയോഗിക്കാവുന്നതാണ്.

സ്റ്റേഡിയത്തിന്റെ നിര്‍മാണം നടക്കുന്നതിന്റെ ദൃശ്യം

സ്‌റ്റേഡിയത്തിനുള്ളില്‍ പ്രധാനമായും ഹോസ്പിറ്റാലിറ്റി ബോക്‌സുകള്‍, ബാത്ത്‌റൂമുകള്‍, ഓഫീസുകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പടെയെല്ലാം നിര്‍മിക്കുന്നതിന് കണ്ടെയ്‌നറുകളാണ് ഉപയോഗിക്കുക.


സ്റ്റേഡിയത്തിന്റെ ഓരോ ഘടകവും അത് കണ്ടെയ്‌നറുകളോ അവയെ താങ്ങിനിര്‍ത്തുന്ന സ്റ്റീല്‍ ഘടനയോ മേല്‍ക്കൂരയോ എന്തുതന്നെയായാലും ഇവ എങ്ങനെ പുനരുപയോഗിക്കാം എന്നതിനായിരുന്നു ഡിസൈനിന്റെ വളരെ പ്രാഥമിക ഘട്ടം മുതല്‍ പ്രാധാന്യം നല്‍കിയതെന്ന് പ്രൊജക്റ്റ് മാനേജര്‍ മുഹമ്മദ് അല്‍മുല്ല പറഞ്ഞു. പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമായിരിക്കും.

2022 ഫിഫ ലോകകപ്പിനായി നിര്‍മിക്കുന്ന ഏഴു സ്റ്റേഡിയങ്ങളിലൊന്നു കൂടിയാണിത്. 2020 അവസാനത്തില്‍ സ്റ്റേഡിയം നിര്‍മാണ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയം നിര്‍മാണത്തിനായി ചൈനയില്‍ നിന്നും 92 കണ്ടെയ്‌നറുകള്‍ അടങ്ങിയ ആദ്യ ബാച്ച് എത്തിയിട്ടുണ്ട്.

ആകെ 1000ത്തോളം കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനുശേഷം ഈ സ്‌റ്റേഡിയം വേര്‍പെടുത്തുകയും ഈ കണ്ടെയ്‌നറുകള്‍ ലോകത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്ത് മറ്റൊരു സ്‌റ്റേഡിയം നിര്‍മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യും. ലോകകകപ്പിനായി സമര്‍പ്പിക്കപ്പെട്ട ഖത്തറിന്റെ ബിഡിന്റെ ഭാഗമാണ് മറ്റൊരു രാജ്യത്തെ സഹായിക്കുന്നതിനുള്ള പദ്ധതി.

ആ രാജ്യത്തെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഖത്തര്‍ സൗകര്യങ്ങളൊരുക്കും. റാസ് അബു അബൗദില്‍ നിര്‍മിക്കാന്‍ പോകുന്ന മുഴുവന്‍ സൗകര്യവും പുനരുപയോഗിക്കുന്നതിലൂടെ ആ രാജ്യങ്ങള്‍ക്ക് നല്ല അവസരമായിരിക്കുമെന്നും അല്‍മുല്ല പറഞ്ഞു. മറ്റു പരമ്പരാഗത സ്റ്റേഡിയങ്ങള്‍ക്കു വരുന്ന ചെലവിനേക്കാള്‍ 20ശതമാനം കുറവ് ചെലവു മാത്രമായിരിക്കും ഈ സ്റ്റേഡിയത്തിനുണ്ടാവുക.

കഷണം കഷണമായി റാസ് അബു അബൗദ് സ്റ്റേഡിയത്തിന്റെ ഒത്തുചേരല്‍ ആരംഭിക്കുകയാണ്. ഇളക്കി മാറ്റാനും പുനരുപയോഗിക്കാന്‍ കഴിയുന്നതുമായ ലോകത്തിലെ തന്നെ ആദ്യ ലോകകപ്പ് സ്റ്റേഡിയമാണ് റാസ് അബുഅബൗദ്. ഫിഫ ലോകകപ്പ് വേദികളില്‍ ഇതുവരെ കാണാത്ത പുതുമ നിറഞ്ഞതാണ് സ്റ്റേഡിയത്തിന്റെ മാതൃക.

മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മികച്ച ആസ്വാദനവും സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട്. വളരെ കുറച്ച് സാമഗ്രികള്‍ ഉപയോഗിച്ച് കെട്ടിട മാലിന്യങ്ങളും കാര്‍ബണ്‍ പ്രസരണവും കുറച്ചുകൊണ്ടാണ് നിര്‍മാണം. ദോഹയുടെ തീരത്ത് കടലിന് അഭിമുഖമായാണ് 4,50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള റാസ് അബു അബൗദ് നിര്‍മിക്കുന്നത്.

40,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് സ്റ്റേഡിയത്തില്‍ ഉണ്ടാവുക. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് ബില്‍ഡിങ് ബ്ലോക്കുകളില്‍ ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ടത്. ഇതിനായാണ് കണ്ടെയ്‌നറുകള്‍ എത്തിച്ചിരിക്കുന്നത്. ഇത്രയധികം കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ഏഴു നിലകളിലായാണ് സ്‌റ്റേഡിയം നിര്‍മാണം.

ആറു മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതം വീതിയും ഉയരവുമുള്ളതാണ് ഓരോ മോഡുലര്‍ കണ്ടെയ്‌നറും. അത്യാധുനിക സ്റ്റാര്‍ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന സംവിധാനങ്ങളെല്ലാം സ്റ്റേഡിയത്തിലുണ്ടാകും. വിവിധ ഘട്ടങ്ങളായാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. സ്റ്റീല്‍ നിര്‍മിത ചട്ടക്കൂട് ഉയര്‍ത്തുകയെന്നതാണ് ഒന്നാംഘട്ടം.

നിര്‍മാണ ബ്ലോക്കുകള്‍ പോലെ കണ്ടെയ്‌നറുകള്‍ വിന്യസിക്കുകയെന്നതാണ് രണ്ടാം ഘട്ടം. തുടര്‍ന്ന് പെയിന്റിങ് പ്രവര്‍ത്തികള്‍. സ്റ്റേഡിയം കെട്ടിപ്പെടുക്കുകയല്ല, മറിച്ച് സ്റ്റേഡിയം ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. എച്ച്ബികെ കോണ്‍ട്രാക്റ്റിങ് കമ്പനി(എച്ച്ബികെ)യ്ക്കാണ് പ്രധാന നിര്‍മാണ കരാര്‍ അനുവദിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ്: ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു

ഖത്തര്‍ ഫൗേേണ്ടഷന്‍ പിയുഇ വാര്‍ഷിക ഫോറം സംഘടിപ്പിച്ചു