in , , , , ,

പുസ്തകോത്സവത്തിനു ഇന്ന് തുടക്കമാകും

ദോഹ: 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. 31 രാജ്യങ്ങളിലെ 335 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കും. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന പ്രമേയത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ്‌സിന്റെ മേല്‍നോട്ടത്തിലും സംഘാടനത്തിലുമായിരിക്കും പുസ്തകോത്സവം.
നിരവധി എംബസികളുടെ പങ്കാളിത്തത്തിനു പുറമെ 797 പവലിയനുകളുമുണ്ടാകും. അറബ് ലോകത്ത് ആദ്യമായി ബുക്കര്‍ പുരസ്‌കാരം നേടിയ ജൗഖ അല്‍ഹാരിസി അതിഥിയായി പങ്കെടുക്കും. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ജി വില്ലോ വില്‍സണ്‍, പ്രമുഖ അള്‍ജീരിയന്‍ എഴുത്തുകാരി അഹ്‌ലാം മുസ്തഗാനിമി, പ്രമുഖ അറബ് എഴുത്തുകാരന്‍ ഡോ.താജ് അല്‍സീര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്.
മലയാളി എഴുത്തുകാരി ബി എം സുഹറ ഇന്ത്യയില്‍ നിന്ന് പുസ്‌കകോത്സവത്തിനെത്തും. ഖത്തര്‍ സാംസ്‌കാരിക പൈതൃക മന്ത്രാലയം അറബിയില്‍ പുറത്തിറക്കുന്ന ആദ്യമലയാള രചന പുസ്തകമേളയില്‍ പ്രകാശിപ്പിക്കും.
പ്രമുഖ മലയാളി എഴുത്തുകാരി ബി എം സുഹറയുടെ ഇരുട്ട് എന്ന നോവലാണ് ‘തഹ്തസ്സമാ അല്‍മുദ്‌ലിമ’ എന്ന പേരില്‍ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. പതിനാലിന് വൈകീട്ട് 5-ന് നടക്കുന്ന ചടങ്ങില്‍ ഈ രചന പ്രകാശനം ചെയ്യും. അറബ്, വിദേശ രാജ്യങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം ഇത്തവണയുണ്ട്. ബെല്‍ജിയം, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ ഇതാദ്യമായി പങ്കെടുക്കും. പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായുള്ള ധാരണപ്രകാരം 25 ശതമാനം വരെ പുസ്തകങ്ങള്‍ക്ക് കിഴിവ് ലഭിക്കും. അറബിക് ബുക്കുകള്‍ക്കായി 228 പ്രസാധക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 559 പവലിയനുകളുണ്ടാകും. 35 വിദേശ പ്രസാധകരെ പ്രതിനിധീകരിച്ച് 91 വിദേശപവലിയനുകള്‍. കുട്ടികളുടെ പുസ്തകങ്ങളുമായി 72 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കും. കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തവുമുണ്ടാകും. 2020 ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷമാണെന്നതിനാല്‍ ഫ്രഞ്ച് പ്രസാധകരുടെ ഉള്‍പ്പടെ വര്‍ധിച്ച പങ്കാളിത്തമുണ്ടാകും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെയായിരിക്കും പ്രവേശനം. വെള്ളിയാഴ്ചകളില്‍ ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി പത്തുവരെയാണ് പ്രവേശനം. വ്യാഴാഴ്ചകളില്‍ രാത്രി പത്തുവരെ പരിപാടികള്‍ നീളും. ഖത്തറിലേയും അറബ്്, വിദേശ രാജ്യങ്ങളിലേയും ചിന്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉള്‍പ്പെടുന്ന നിരവധി സാംസ്്കാരിക പരിപാടികളും അരങ്ങേറും.
കേരളത്തില്‍ നിന്ന് ഇസ്ലാമിക് പബ്ലീഷിങ് ഹൗസിന് പവലിയനുണ്ടാകും.
പുസ്തകോത്സവത്തില്‍ ഇത്തവണ വര്‍ധിച്ച ഖത്തരി പങ്കാളിത്തമുണ്ടാകും. ഖത്തറിലെ സ്വകാര്യ പ്രസാധക സ്ഥാപനങ്ങള്‍ ഇത്തവണ വലിയതോതില്‍ സാന്നിധ്യമറിയിക്കും. ലുസൈല്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹൗസ്, റോസ പബ്ലീഷിങ് ഹൗസ്, സക്രീത് പബ്ലീഷിങ് ഹൗസ്, അല്‍വതാദ്, ദാര്‍ അല്‍തഖാഫ പ്രിന്റിങ്, ദാര്‍അല്‍ശര്‍ഖ് എന്നിവയുള്‍പ്പടെയുള്ളവ പങ്കെടുക്കും. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പ്രസ്സ്(എച്ച്ബികെയു പ്രസ്സ്) നൂറിലധികം പുസ്തകങ്ങളും റോസ പബ്ലീഷിങ് 49 പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പടെ 115 പുസ്തകങ്ങളും അവതരിപ്പിക്കും.
പ്രഥമ ഖത്തരി സ്വകാര്യ പ്രസാധകസ്ഥാപനമാണ് റോസ പബ്ലീഷിങ്. ലുസൈല്‍ പബ്ലീഷിങ് ഹൗസ് 126 പ്രസിദ്ധീകരണങ്ങളും കത്താറ പബ്ലീഷിങ് ഹൗസ് 150 പുസ്തകങ്ങളും അവതരിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്ടിസി 5ജി മൊബൈല്‍ സ്മാര്‍ട്ട് ഹബ്ബുമായി വൊഡാഫോണ്‍

നാലാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന് വര്‍ണാഭമായ തുടക്കം