Saturday, September 19ESTD 1934

പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍

പുസ്തകോത്സവത്തിന്റെ സമാപനദിനത്തില്‍ സംഘടിപ്പിച്ച കലാ സാംസ്‌കാരിക ഫോറത്തില്‍ സാംസ്‌കാരിക കായികമന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി പങ്കെടുത്തപ്പോള്‍

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍. പത്തു ദിവസം നീണ്ട ബുക്ക് ഫെയര്‍ 3.20ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചതായും സംഘാടകര്‍ വ്യക്തമാക്കി. ഈ വര്‍ഷം പുസ്തകമേളയിലെത്തിയത് 3,19,937 പേര്‍. പ്രതിദിനം ശരാശരി 31,994പേര്‍ മേള സന്ദര്‍ശിച്ചു. 2,15,840 പുസ്തകങ്ങളാണ് മേളയില്‍ വിറ്റുപോയതെന്ന് സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ സാംസ്‌കാരിക കലാ വകുപ്പ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍സാകിബ പറഞ്ഞു.
പുസ്തകോത്സവത്തിന്റെ സമാപന ദിനത്തില്‍ പ്രധാനവേദിയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക കായികമന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലിയായിരുന്നു ഫോറത്തിലെ മുഖ്യാതിഥി. നിരവധി ബുദ്ധിജീവികളും എഴുത്തുകാരും ഫോറത്തില്‍ പങ്കെടുത്തു. പുസ്തകമേളയില്‍ ആകെ 453 പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ പരിപാടികളിലായി 74 അതിഥികള്‍ പങ്കെടുത്തു. സെമിനാറുകളിലും പ്രഭാഷണങ്ങളിലും 3678 പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള ശില്‍പ്പശാലയില്‍ 2700 പേര്‍ പങ്കെടുത്തു. 685 സ്‌കൂളുകള്‍ മേള സന്ദര്‍ശിച്ചു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ച് മാത്രമല്ല പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചും മന്ത്രാലയത്തിന് ഉത്കണ്ഠകളുണ്ടായിരുന്നുു. എണ്ണത്തേക്കാള്‍ പ്രധാനം ഉള്ളടക്കമാണ്-അല്‍സകീബ ചൂണ്ടിക്കാട്ടി. എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും മാത്രമല്ല, എല്ലാവര്‍ക്കുമുള്ളതാണ് പുസ്തകമേളയെന്ന് സാംസ്‌കാരിക, കായിക മന്ത്രി സലാഹ്ബിന്‍ ഗാനിം അല്‍അലി പറഞ്ഞു. പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ എണ്ണത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായെങ്കില്‍ക്കൂടി പുസ്തകങ്ങള്‍ വില്‍ക്കാനുള്ള സ്ഥലം കൂടിയല്ല ഇത്.
മറിച്ച സംസ്‌കാരത്തെ സമ്പന്നമാക്കുന്ന ഒരു സ്ഥലമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മേളയില്‍ പങ്കെടുക്കാന്‍ എല്ലാവരേയും അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും വംശത്തെയോ ഒരു പ്രത്യേക വിഭാഗത്തെയോ കുറ്റപ്പെടുത്തുന്നതോ മതങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പുസ്തകങ്ങളെ മാത്രമാണ് വിലക്കിയത്. അത്തരത്തില്‍ വിലക്കിയ പുസ്തകങ്ങള്‍ ഏഴില്‍ കൂടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറില്‍ 200 രാജ്യങ്ങളില്‍നിന്നുള്ളവരുണ്ട്. സാംസ്്കാരികവൈവിധ്യം കണക്കിലെടുത്ത് റേഡിയോ സ്‌റ്റേഷനുകള്‍ തുറന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പുസ്തകോത്സവത്തിലെ ഖത്തര്‍ ഫൗണ്ടേഷന്‍ പവലിയനുകളില്‍ 12,000ലധികം പേര്‍ സന്ദര്‍ശിച്ചു.മേളയുടെ ആദ്യദിനത്തില്‍ ക്യുഎഫ് വൈസ് ചെയര്‍പേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ക്യുഎഫിന്റെ കീഴിലുള്ള അഖ്‌ലഖുന അവാര്‍ഡ്, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പ്രസ്സ്, ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍, ഖത്തര്‍ നാഷണല്‍ ലൈബ്രറി എന്നിവയുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഖത്തര്‍ ചാരിറ്റിയുടെ പവലിയനിലും നല്ല സന്ദര്‍ശകപങ്കാളിത്തമുണ്ടായിരുന്നു. കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ ഇവിടെ ഒരുക്കി. മേളയില്‍ പങ്കെടുത്ത യുഎസ്, ജാപ്പനീസ്, ഫലസ്തീനിയന്‍, കിര്‍ഗിസ്, ഫിലിപ്പൈന്‍സ്, സിറിയന്‍ എംബസികള്‍ തങ്ങലുടെ രാജ്യങ്ങളെക്കുറിച്ചുള്ള അറിവുകളും വിവരങ്ങളും സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കി.
കുവൈത്ത്, ഒമാന്‍ രാജ്യങ്ങളുടെ പവലിയനുകളുമുണ്ടായിരുന്നു. ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സായിരുന്നു പുസ്തകോത്സവത്തിലെ അതിഥി രാജ്യം. 31 രാജ്യങ്ങളിലെ 335 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു. നിരവധി എംബസികളുടെ പങ്കാളിത്തത്തിനു പുറമെ 797 പവലിയനുകളുമുണ്ടായിരുന്നു

പുസ്തകോത്സവ ചര്‍ച്ചയില്‍
മുഹമ്മദ് പാറക്കടവ് പങ്കെടുത്തു

മുഹമ്മദ് പാറക്കടവ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നു

ദോഹ: മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ ദീര്‍ഘകാല പ്രവാസിയുമായ മുഹമ്മദ് പാറക്കടവിന് ദോഹ അന്താരാഷ്ട്ര പുസ്തക മേളയില്‍ ആദരവ്.
സാംസ്‌കാരിക മന്ത്രാലയം പ്രതിനിധി മര്‍യം യാസിന്‍ ഹമ്മാദാണ് പുസ്തകോത്സവുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചാ സദസ്സിലേക്ക് ക്ഷണിച്ച് അംഗീകാരം നല്‍കിയത്.
ഖത്തര്‍ ചലനങ്ങളെ ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടുത്തിയ പത്രപ്രവര്‍ത്തകനെന്ന നിലയിലാണ് മുഹമ്മദ് പാറക്കടവ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത്. ഖത്തറിലെ അനുഭവങ്ങള്‍, പത്രപ്രവര്‍ത്തനം, ഇന്ത്യയിലെ അറബി പഠനം തുടങ്ങിയ വിഷയങ്ങളില്‍ സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

error: Content is protected !!