Monday, August 10ESTD 1934

പുസ്തകോത്സവത്തില്‍ സന്ദര്‍ശകത്തിരക്കേറി; അപൂര്‍വ പുസ്തകങ്ങളും കയ്യെഴുത്ത് പ്രതികളും സ്വന്തമാക്കാം

ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ നിന്ന്‌

ആര്‍ റിന്‍സ്
ദോഹ

30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ സന്ദര്‍ശകത്തിരക്കേറുന്നു. ദോഹ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ തുടരുന്ന പുസതകോത്സവം കാണുന്നതിനും പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനുമായി ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് എത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കുടുംബങ്ങളുടെയും വര്‍ധിച്ച പങ്കാളിത്തമുണ്ട്. പുസ്തകപ്രേമികള്‍ ധാരാളമായെത്തുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന നിരവധി പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് കുടുംബങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. വാരാന്ത്യ അവധിദിനമായ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സംഗീത പരിപാടികളും ചര്‍ച്ചാസദസ്സുകളും പുസ്തകവിലയിരുത്തലുകളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക പവലിയനുകള്‍ ക്രമീകരിച്ചിരിക്കുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ചെറിയ കുട്ടികളുടെയുള്‍പ്പെടെ ഭാഷാപരമായ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഒട്ടേറെ പുസ്തകങ്ങള്‍ മേളയില്‍ ലഭിക്കും. കുട്ടികള്‍ക്കായി കിഡ്‌സ് ഷോ, കഥ പറച്ചില്‍ സെഷനുകള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ അരങ്ങേറുന്നു. പ്രധാന വേദിയിലാണ് സംവാദങ്ങളും പുസ്തകപരിചയവും. പെയിന്റിങ്, ചിത്രരചന, ചായം തേയ്ക്കല്‍ എന്നിവയെല്ലാം വിവിധ വേദികളിലായി നടക്കുന്നു. സ്റ്റാളുകളെക്കുറിച്ചും മറ്റുമുള്ള സംശയനിവാരണത്തിനായി പ്രത്യേക വൊളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സൗജന്യമായി നല്‍കുന്നുണ്ട്. മലയാള പുസ്തകങ്ങള്‍ ലഭ്യമാകുന്ന കോഴിക്കോട് കേന്ദ്രമായുള്ള ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ പവലിയനിലും സന്ദര്‍ശകത്തിരക്കുണ്ട്. സ്വന്തമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കു പുറമെ, മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഐപിഎച്ച് ലഭ്യമാക്കുന്നുണ്ട്.
പുസ്തകങ്ങള്‍ക്ക് 50% വരെ വിലക്കിഴിവും നല്‍കുന്നുണ്ട്. അപൂര്‍വമായ നിരവധി ഖത്തരി, അറബ്, പാശ്ചാത്യ പുസ്തകങ്ങള്‍ മേളയിലുണ്ട്. ജോണ്‍ ഗില്ലോയുടെ 1991ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍സ്്, ജോര്‍ജ് മിച്ചെലിന്റെ മുഗള്‍ സ്‌റ്റൈല്‍ എന്നിവ മേളയിലുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് മേളയിലെ പുസ്തകങ്ങളിലധികവും. ഖത്തര്‍- ഫ്രഞ്ച് സാംസ്‌കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രഞ്ച് പവലിയനുകളും ക്രമീകരിച്ചിട്ടുണ്ട്. ഖത്തറിനെക്കുറിച്ച് 1590ല്‍ പ്രസിദ്ധീകരിച്ച അപൂര്‍വ പുസ്തകം ഉള്‍പ്പടെ ഇത്തവണ മേളയിലുണ്ട്. വെനീഷ്യന്‍ ആഭരണ രത്‌നവ്യാപാരി ഗാസ്പരോ ബാല്‍ബിയുടെ യാത്രാവിവരണമായ വിയാജിയോ ഡെല്‍ ഇന്‍ഡി ഓറിയന്റലി ബാല്‍ബി എന്ന പുസ്തകം 1579 മുതല്‍ 1588വരെയുള്ള ഒന്‍പത് വര്‍ഷത്തെ വെനീസില്‍ നിന്നും ഫാര്‍ഈസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അടയാളപ്പെടുത്തുന്നതാണ്. 430വര്‍ഷം പഴക്കമുള്ളതാണ് ഈ ഇറ്റാലിയന്‍ പുസ്തകം. ഒന്നരലക്ഷം യൂറോയാണ് പുസ്തകത്തിന്റെ മൂല്യം.
ആന്റിക്വേറിയാറ്റ് ഫോറത്തിന്റെയും ആന്റിക്വേറിയറ്റ് ഇന്‍ലിബ്രിസിന്റെയും സ്റ്റാളില്‍ അവതരിപ്പിച്ച അപൂര്‍വ പുസ്തകങ്ങളുടെയും കയ്യെഴുത്തുപ്രതികളുടെയും ശേഖരത്തിന്റെ ഭാഗമാണിത്. അപൂര്‍വവും പുരാതനവുമായ പുസ്തകങ്ങള്‍, കൈയെഴുത്തുപ്രതികള്‍, പ്രിന്റുകള്‍ എന്നിവയുടെ കാര്യത്തില്‍ രാജ്യാന്തര അംഗീകാരമുള്ള പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും. ഖത്തറിന്റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഈ യാത്രാവിവരണം വളരെ പ്രധാനമാണ്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഖത്തര്‍ അറിയപ്പെട്ടിരുന്നുവെന്ന് ഇത് കാണിക്കുന്നു- ആന്റിക്വേറിയാറ്റ് ഫോറത്തിന്റെ ലോറന്‍സ് ആര്‍ ഹെസ്സലിങ്ക് പറഞ്ഞു. യൂറോപ്യന്‍ സ്വദേശി ലുഡോവിക്കോ ഡി വര്‍ത്തേമയുടെ മക്കയെക്കുറിച്ചുള്ള ആദ്യ ദൃക്സാക്ഷി വിവരണമാണ് ഇവരുടെ ശേഖരത്തിലെ മറ്റൊരു പുസ്തകം.
1510ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഡെന്‍മാര്‍ക്കിലെ ഫ്രെഡറിക് ആറാമന്‍ നെപ്പോളിയന്‍ ബോണപാര്‍ട്ടെയുടെ ഭാര്യയായ ജോസഫിന്‍ ചക്രവര്‍ത്തിനിക്ക് സമര്‍പ്പിച്ച എക്കാലത്തെയും മികച്ച ഷെല്‍ പുസ്തകത്തിന്റെ അവതരണ പകര്‍പ്പും ഇവരുടെ പവലിയനിലുണ്ട്. അറബ് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ധാരാളം പുസ്തകങ്ങള്‍ പടിഞ്ഞാറന്‍ ഭാഷകളിലേക്ക് വിവര്‍ത്തം ചെയ്തത് മേളയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഹെസ്സലിങ്ക് പറഞ്ഞു. ലുസൈല്‍ പബ്ലീഷിങ് ഹൗസ്, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ഖത്തര്‍ യൂണിവേഴ്‌സിറ്റി, എച്ച്ബികെയു പ്രസ്സ്, എന്‍എച്ച്ആര്‍സി, ഖത്തര്‍ റെഡ്ക്രസന്റ്, കത്താറ പബ്ലീഷിങ് ഹൗസ് എന്നിവയുടെയെല്ലാം പവലിയനുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ നോവലിസ്റ്റ് അഹ്‌ലം മുസ്‌തെഗ്നേമി ഇന്നലെ മേള സന്ദര്‍ശിക്കുകയും അവരുടെ പുസ്തകങ്ങളില്‍ ഒപ്പിട്ടുനല്‍കുന്ന സൈനിങ് സെഷനില്‍ പങ്കെടുക്കുകയും ചെയ്തു. സന്ദര്‍ശകര്‍ ദോഹ മെട്രോയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.
റെഡ്‌ലൈനില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്റര്‍ സ്്‌റ്റേഷനിലിറങ്ങിയാല്‍ മേള നടക്കുന്ന സ്ഥലത്തേക്ക് നടന്നെത്താം. ഗ്രീന്‍, ഗോള്‍ഡ്‌ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ മുഷൈരിബ് സ്‌റ്റേഷനിലിറങ്ങി റെഡ്‌ലൈന്‍ മാറിക്കയറി ഡിഇസിസി സ്‌റ്റേഷനിലിറങ്ങാം.

error: Content is protected !!