
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിയോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനസമയം പുന:ക്രമീകരിക്കും. ഹമദ് ജനറല്‍ ആസ്പത്രിയുടെ ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ്(ഒപിഡി) ക്ലിനിക്കുകളും ഫാര്‍മസിയും ജൂണ്‍ രണ്ട് ഞായര്‍ മുതല്‍ ജൂണ്‍ ആറ് വ്യാഴം വരെ പ്രവര്‍ത്തിക്കില്ല. വാരാന്ത്യ അവധിക്കുശേഷം ജൂണ്‍ ഒന്‍പത് ഞായറാഴ്ചയായിരിക്കും പുനരാരംഭിക്കുക. ഈദ് അവധിക്കു മുമ്പുതന്നെ മരുന്നുകളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് രോഗികള്‍ ഉറപ്പുവരുത്തണമെന്ന് എച്ച്എംസി നിര്‍ദേശിച്ചു. അത്യാഹിത വിഭാഗം എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ഈ കാലയളവിലെ എല്ലാ അത്യാഹിത, അടിയന്തര കേസുകളും എമര്‍ജന്‍സി യൂണിറ്റായിരിക്കും കൈകാര്യം ചെയ്യുക. റമദാനില്‍ ഹമദ് ജനറല്‍ ആസ്പത്രിയിലെ താഴത്തെ നിലയിലെ പ്രധാന ഔട്ട്പേഷ്യന്റ് (ഒപിഡി)ഫാര്‍മസി ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് എട്ടര മുതല്‍ പന്ത്രണ്ട് വരെയും പ്രവര്‍ത്തിക്കും. വ്യാഴാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും പ്രവര്‍ത്തനം.