in ,

പെരുന്നാള്‍ മധുരത്തിന്റെ മഹല്ലബിയ

ജാബിര്‍ റഹ്മാന്‍

ഹസന്‍ അയ്യാദിയുടെ മജ്‌ലിസില്‍ ആകാശവട്ടത്തിലെ താലത്തില്‍ മജ്ബൂസ് എന്ന അറബിച്ചോറിനു മുകളില്‍ ശാന്തമായി ‘ഉറങ്ങുന്ന’ ഒട്ടകത്തിന്റെ തുട ഭാഗത്തു നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്ത് വായില്‍ വെച്ച്  പാചകക്കാരനു (തബ്ബാഹ്)  നേരെ തംസപ് അടിച്ചു, കൊച്ചു മകന്‍ റാഷിദ്. ഒട്ടക മജ്ബൂസ് അടിപൊളി എന്നര്‍ത്ഥം. അതൊരു പെരുന്നാള്‍ മധ്യാഹ്നമായിരുന്നു.

മുഹമ്മദലി എന്ന മലയാളി തബ്ബാഹിന് ഏറ്റവും തിരക്കുപിടിച്ച ദിനം. രാവിലത്തെ മേളം കഴിഞ്ഞു ഉച്ചക്കത്തെ ഒരുക്കത്തിലായിരുന്നു മുഹമ്മദലി. നിലം തൊടാത്ത പണി. രുചിക്കൂട്ടില്‍ ഒരു കോംപ്രമൈസും പാടില്ലെന്ന കഫീലിന്റെ ഉത്തരവ് അതേപടി പാലിക്കുന്നതാണ് മുഹമ്മദലിയെ അയ്യാദിയുടെ പ്രിയങ്കരനാക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ഈദെങ്കിലും സ്വന്തം വീട്ടില്‍ കൂടാമെന്നത് ഇരുപതിലധികം വര്‍ഷമായി മുഹമ്മദലിക്ക് സ്വപ്‌നമാണ്. 

ഈദ് ആഘോഷങ്ങളിലെ ഖത്തരീ പാരമ്പര്യം ചിട്ടയോടെ നിലനിര്‍ത്തുന്ന ഒരു മജ്‌ലിസ് ആണ് അയ്യാദിയുടേത്. ഓരോ അണുവിലും പെരുന്നാളിന്റെ ആഘോഷം തുളുമ്പി നില്‍ക്കുന്ന വിശിഷ്ടമായ സങ്കേതം. ഊദിന്റെയും ബുഹൂറിന്റെയും അറേബ്യന്‍ അത്തറുകളുടെയും മിശ്രസുഗന്ധിയായ ഒരു ബാങ്ക്വറ്റ് ഹാള്‍. ദോഹയിലെ മറ്റു നിരവധി ഖത്തരീ മജ്‌ലിസുകള്‍ പോലെ തന്നെ. ഓരോ ഈദിനും ഇവിടെ പ്രത്യേക അലങ്കാരം നടത്തും.

നമ്മുടെ നാലുകെട്ടുകളുടെ മാതൃകയില്‍ ‘റിയാദുകള്‍’ എന്നറിയപ്പെടുന്ന മൊറോക്കോയിലെ ഗൃഹചത്വരങ്ങളില്‍ കാണുന്ന ചിത്രസന്നിഭമായ കാര്‍പെറ്റുകളും കുഷ്യനുകളും നക്ഷത്ര ചിത്രണങ്ങളുള്ള തൂക്കുവിളക്കുകളുമൊക്കെയായി മൊത്തത്തില്‍ ഒരു പ്രത്യേക പെരുന്നാള്‍ മൂഡ്. കസവുകാന്തിയണിഞ്ഞതായിരിക്കും സ്ത്രീകള്‍ക്കായി പ്രത്യേകം സജ്ജീകരിക്കുന്ന സംഗീത സാന്ദ്രമായ മജ്‌ലിസുകള്‍.

ഈത്തപ്പഴവും ‘ഖഹ്‌വ’ എന്ന അറബിക്കാപ്പിയും മാത്രം കഴിച്ചു പെരുന്നാള്‍ നമസ്‌കാരത്തിനായി പുറപ്പെടുന്നവര്‍, നിസ്‌കാരം കഴിഞ്ഞയുടന്‍ ‘ഈദ് മുസല്ല’ എന്ന ഈദ് ഗാഹില്‍ നിന്ന് ഇവിടേക്ക് വെച്ച്പിടിക്കും. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സല്‍ക്കാര മുറിയെ അനുസ്മരിപ്പിക്കുന്ന വിധം മധുര പലഹാരങ്ങളുടെ മേളയാണവിടെയപ്പോള്‍. വിവിധ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മധുര പലഹാരങ്ങളുടെ സമ്മേളനം.

ഖത്തരി പാരമ്പര്യ മധുരപലഹാരമായ ‘ഷേരിയ്യ’ എന്ന സേമിയ ചേര്‍ത്തുണ്ടാക്കിയ വിഭവം മുതല്‍ ഫലസ്തീന്‍ജോര്‍ദാന്‍ പാരമ്പര്യത്തിലെ പ്രസിദ്ധമായ ‘കനാഫ’ എന്ന സേമിയ പുഡ്ഡിംഗ് വരെയുള്ള വ്യത്യസ്ത രുചിക്കൂട്ടുകള്‍. ‘മഹല്ലബിയ’, ‘ഉംഅലി’ എന്നീ ഖത്തറിന്റെ സ്വന്തം മധുരോന്മാദങ്ങള്‍.  തേനീച്ചക്കൂടിന്റെ മാതൃകയില്‍ ഉള്ളില്‍ ചീസുവെച്ച ‘ഹലിയ്യ’, ‘തഹ്‌നിയ്യ’ എന്ന ഒമാനി ഹല്‍വ തുടങ്ങിയവയും പെരുന്നാളിന്റെ അതിമധുരങ്ങള്‍. പക്ഷെ, ഈ മധുരങ്ങളെയൊക്കെ മറികടക്കുന്നത്, മജ്‌ലിസില്‍ നിറയുന്ന പരസ്പര സ്‌നേഹത്തിന്റെ മധുര ഭാഷണങ്ങളാണ്. അന്യാദൃശ്യമായ സ്‌നേഹത്തിന്റെ സന്ദേശമാണ് അറബികള്‍ക്ക് ഈദ്. 

പരസ്പരം സന്ദര്‍ശിക്കാനും, ഒത്തുചേരാനും, പങ്കുവെക്കാനുമുള്ള ആഘോഷവേള. അതിനാല്‍ തന്നെ ഈദ് ദിനത്തെ കൂട്ടുകാരും കുടുംബങ്ങളുമൊത്തുള്ള ട്രിപ്പുകള്‍ക്കുള്ള അവസരമായി കാണുന്ന മലയാളികളടക്കമുള്ള ഇതര നാട്ടുകാരേക്കാള്‍ അറബികള്‍ പ്രാധാന്യം കൊടുക്കുന്നത് ഗൃഹസന്ദര്‍ശനത്തിനാണ്. ബന്ധങ്ങള്‍ പുതുക്കുന്നതിനുള്ള അവസരമാണവര്‍ക്കത്. 

നിസ്‌കാരം കഴിഞ്ഞുള്ള ആദ്യഘട്ടത്തില്‍ അയല്‍വാസികളെയും അടുത്ത ബന്ധുക്കളെയുമൊക്കെ മജ്‌ലിസില്‍ സ്വീകരിക്കുന്ന ഖത്തരികള്‍ തുടര്‍ന്ന് മറ്റുവീടുകള്‍ സന്ദര്‍ശിക്കും.  മാതാപിതാക്കളുടെ അടുത്തേക്കോ, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ വീടുകളിലേക്കോ ഒക്കെ ആണ്ആദ്യം പോവുക. പിന്നീട് ആശുപത്രികളില്‍ കഴിയുന്ന പ്രിയപ്പെട്ടവരെ ഈദ് മധുരവുമായി സന്ദര്‍ശിക്കും. 

പിന്നെ, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഒരു ദിനം മുഴുവന്‍ സന്ദര്‍ശനവും സന്ദര്‍ശകരെ സ്വീകരിക്കലുമായി തിരക്കുപിടിച്ച ദിനമാണ് ഖത്തരികളുടെ പെരുന്നാളുകള്‍. ഇതിനൊക്കെയിടയില്‍, ‘പെരുന്നാള്‍ പടി’ എന്ന് നാം മലയാളികള്‍ വിളിക്കുന്ന ‘ഈദിയ്യ’ തരപ്പെടുന്ന സന്തോഷത്തിലായിരിക്കും റാഷിദിനെ പോലുള്ള കൊച്ചുകുട്ടികള്‍. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തരി റഫാല്‍ സേനാവിഭാഗത്തിന് ആവേശകരമായ വരവേല്‍പ്പ്: അമീര്‍ പങ്കെടുത്തു

കിലാ എ മുബാറഖിലെ നോമ്പും പെരുന്നാളും