in

പേള്‍ ഖത്തറില്‍ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം തുടങ്ങി

പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യയില്‍ ഖത്തര്‍ ക്ലാസിക്ക് കാറുകളുടെ പ്രദര്‍ശനത്തില്‍ നിന്ന്‌

ദോഹ:ക്ലാസിക് കാറുകളുടെ പ്രഥമ പ്രദര്‍ശനത്തിന് പേള്‍ ഖത്തറില്‍ തുടക്കമായി. പേളിലെ പോര്‍ട്ടോ അറേബ്യ ബ്രോഡ്‌വാക്കില്‍ ശനിയാഴ്ച വരെ പ്രദര്‍ശനവും മത്സരവും തുടരും.
സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗള്‍ഫ് ഖത്തരി ക്ലാസിക്ക് കാര്‍സ് അസോസിയേഷന്റെയും യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി(യുഡിസി)യുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.


പേള്‍ ഖത്തറിന്റെയും ജിവാന്‍ ദ്വീപിന്റെയും മാസ്റ്റര്‍ ഡെവലപ്പറാണ് യുഡിസി. ഉദ്ഘാടന ചടങ്ങില്‍ ഗള്‍ഫ് ഖത്തരി ക്ലാസിക് കാര്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍താനി, വൈസ് ചെയര്‍മാന്‍ ഉമര്‍ അല്‍ഫര്‍ദാന്‍, യുഡിസി പ്രസിഡന്റ് ഇബ്രാഹിം, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ബോര്‍ഡംഗവുമായ ജാസിം അല്‍ ഉത്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ചരിത്ര വിഭാഗങ്ങളില്‍പ്പെടുന്ന അന്‍പതോളം ആഡംബര ക്ലാസിക് കാറുകളാണ് പ്രദര്‍ശനത്തിലുള്ളത്. 1925കള്‍ മുതലുള്ള കാറുകള്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചകളാണ് സമ്മാനിക്കുന്നത്. വാഹനപ്രേമികകളെ സംബന്ധിച്ചിടത്തോളം അപൂര്‍വമായ കാറുകള്‍ നേരിട്ടു കാണുന്നതിനുള്ള അവസരമാണ് പ്രദര്‍ശനം സമ്മാനിക്കുന്നത്. പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച കാറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികളാകുന്ന കാറുകളുടെ ഉടമകളെ ആദരിക്കും. ഭൂതകാലത്തോടുള്ള അഭിനിവേശവും ഭാവിയിലേക്കുള്ള നിക്ഷേപവും എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ക്ലാസിക് കാറുകളുടെ ഇറക്കുമതി സംബന്ധിച്ച് വാഹനപ്രേമികളിലുള്‍പ്പടെ അവബോധം സൃഷ്ടിക്കുകയെന്നതും പ്രദര്‍ശനം ലക്ഷ്യമിടുന്നു. ക്ലാസിക് കാറുകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഖത്തറിലെ ചരിത്രം ഉയര്‍ത്തിക്കാട്ടാനും പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ക്ലാസിക് കാര്‍ വ്യവസായം കടന്നുപോയ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുകയും ക്ലാസിക് കാറുകള്‍ സ്വന്തമാക്കാനുള്ള ഹോബിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വിനോദസഞ്ചാര ആകര്‍ഷണമായും വിവിധ മേഖലകളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിലപ്പെട്ട അവസരമായും പ്രദര്‍ശനത്തെ വിഭാവനം ചെയ്തിട്ടുണ്ട്. ക്ലാസിക് കാറുകളുടെ വിപുലമായ ശേഖരം പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ പൈതൃകവും ആധുനികതയും സമന്വയിപ്പിക്കുന്ന ഒരു കേന്ദ്രമായി പേള്‍ ഖത്തറിനെ ഉയര്‍ത്താനും സാധിക്കുന്നുണ്ട്. ഖത്തര്‍ ക്ലാസിക് കാര്‍ മത്സരവും പ്രദര്‍ശനവും രാജ്യത്തെ ക്ലാസിക് കാര്‍ മേഖലയ്ക്ക് ഒരു പുതിയ തുടക്കം കുറിക്കുമെന്ന് ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി പ്രത്യാശ പ്രകടിപ്പിച്ചു. അല്‍ഫര്‍ദാന്‍ പതിനൊന്ന് ക്ലാസിക് കാറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1925 മോഡല്‍ റോള്‍സ് റോയ്‌സ്, 1937 മോഡല്‍ ഫാന്റം 3 എന്നിവയുള്‍പ്പടെയുള്ള കാറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ദോഹയില്‍ ക്ലാസിസ് കാര്‍ മ്യൂസിയവും അല്‍ഫര്‍ദാനുണ്ട്. നൂറിലധികം ക്ലാസിക് കാറുകളാണ് ഈ മ്യൂസിയത്തിലുള്ളത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് -19 അണുബാധയുടെ അപകടസാധ്യത ഖത്തറില്‍ വളരെ കുറവ്: എച്ച്എംസി

ദോഹ മെട്രോയുടെ പുതിയ മെട്രോലിങ്ക് ബസ് സര്‍വീസ് എട്ടു മുതല്‍