in

പൈറസി ചാനല്‍ ബ്യൂട്ട്ക്യുവിന്റെ ആസ്ഥാനം റിയാദ്; വെളിപ്പെടുത്തലുമായി അല്‍ജസീറ

അല്‍ജസീറ സംപ്രേഷണം ചെയ്ത പ്രോഗ്രാമില്‍ നിന്നുള്ള ദൃശ്യം

ദോഹ: ഖത്തറിന്റെ ബിഇന്‍ ചാനലിന് സംപ്രേഷണാവകാശം ലഭിച്ച മത്സരങ്ങളുടെ സംപ്രേഷണം നിയമവിരുദ്ധമായി ചോര്‍ത്തി സംപ്രേഷണം ചെയ്യുന്ന സഊദി പിന്തുണയുള്ള വ്യാജ ചാനല്‍ ബ്യൂട്ട് ക്യുവിന്റെ ആസ്ഥാനം റിയാദിലാണെന്ന വെളിപ്പെടുത്തലുമായി അല്‍ജസീറ.

പൈറസി ചാനലിന്റെ റിയാദിലെ ആസ്ഥാനം എവിടെയാണെന്ന് തെളിവുസഹിതമാണ് അല്‍ജസീറ പുറത്തുവിട്ടിരിക്കുന്നത്. അല്‍ജസീറ അറബികിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് പ്രോഗ്രാമിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ടു സഊദി സേവനദാതാക്കളായ സെലിവിഷനും ഷമ്മാസും എങ്ങനെയാണ് ബ്യൂട്ട്ക്യു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതെന്ന് ഈ എപ്പിസോഡില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാന രാജ്യാന്തര കായിക പരിപാടികള്‍ മെന മേഖലയില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം കൈവശമുള്ള ബിഇന്‍ മീഡിയ ഗ്രൂപ്പായിരുന്നു ബ്യൂട്ട്ക്യുവിന്റെ പ്രധാന ഇര. ബിഇന്‍ ചാനലിന്റെ ഉള്ളടക്കം സിഗ്‌നല്‍ മോഷ്ടിച്ച് സ്വന്തമായി പ്രക്ഷേപണം ചെയ്യുകയായിരുന്നു.

സൂപ്പര്‍ഇമ്പോസ്ഡ് ഓണ്‍-എയര്‍ ലോഗോകള്‍ ഉപയോഗിച്ചാണ് ബ്യൂട്ട്ക്യൂ തട്ടിപ്പ് നടത്തിയത്. സഊദി തലസ്ഥാനമായ റിയാദിലെ അല്‍കിരവാന്‍ ജില്ലയിലെ മാധ്യമകമ്പനിയുടെ ആസ്ഥാനത്തുനിന്നാണ് ബ്യൂട്ട്ക്യു പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബ്യൂട്ട്ക്യു സഊദിയിലാണെന്ന അവകാശവാദങ്ങളെ അവര്‍ നേരത്തെ തള്ളിയിരുന്നു.

റിയാദിന്റെ നിയന്ത്രണത്തിലുള്ള അറബ്‌സാറ്റ് സാറ്റലൈറ്റ് ഫ്രീക്വന്‍സി മുഖേനയാണ് ബ്യൂട്ട്ക്യുവിന്റെ സംപ്രേഷണമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സഊദി കമ്പനികളും അറബ് സാറ്റ് മാനേജ്‌മെന്റും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായി തെളിയിക്കുന്ന രേഖകള്‍ നേടാനും അല്‍ജസീറക്ക് കഴിഞ്ഞു. പൈറേറ്റഡ് ബിഇന്‍ സിഗ്നലിന്റെ സംപ്രേഷണം നിര്‍ത്തലാക്കാന്‍ സഊദി അറേബ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായതോടെ പൈറസി പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ സ്ഥലമായി അജ്ഞാത വടക്കേ ആഫ്രിക്കന്‍ രാജ്യത്തെ ഉയോഗപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന്റെ രേഖകളും അല്‍ജസീറയുടെ പക്കലുണ്ട്.

അല്‍ജസീറ പ്രോഗ്രാമില്‍ ബ്യൂട്ട്ക്യുവിന്റെ രഹസ്യ ആസ്ഥാനത്തിനുള്ളില്‍നിന്ന് ചോര്‍ന്ന വീഡിയോയും പ്രക്ഷേപണം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

പൈറസി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ട്രാന്‍സ്മിറ്ററുകള്‍, റിസീവറുകള്‍ എന്നിവയെല്ലാം വീഡിയോയില്‍ കാണിച്ചു. ബിഇന്‍ ചാനലില്‍നിന്ന് ബ്യൂട്ട്ക്യു മോഷ്ടിച്ച ഉള്ളടക്കം നിയന്ത്രിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രധാന കണ്‍ട്രോള്‍ റൂമിന്റെയും സെര്‍വറുകളുടെയും ചിത്രങ്ങളും ഫൂട്ടേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബീഇന്‍ മീഡിയ ഗ്രൂപ്പിലെ മൂന്ന് ജീവനക്കാര്‍ സഊദി അറേബ്യയുമായും ഈജിപ്തുമായും ആശയവിനിമയം നടത്തിയെന്ന് ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഉപരോധം നടപ്പാക്കിയ ശേഷം മൂന്ന് പ്രതികളില്‍ ഒരാള്‍ സഊദി അറേബ്യയിലേക്ക് പോയതായി അല്‍ ജസീറ പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തരി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച പ്രതി സഊദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മഹേര്‍ മുതെരബിനെ കാണുകയും ഒപ്പം ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി രഹസ്യവും സംവേദനക്ഷമവുമായ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ (എംബിഎസ്) മുതിര്‍ന്ന ഉപദേശകനായി ജോലി ചെയ്തിരുന്ന സഊദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് മുതെരബ്.

നിയമവിരുദ്ധമായ വധശിക്ഷകളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ സഊദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ മുതെരബിന് അടുത്ത ബന്ധമുണ്ട്.

സഊദി അറേബ്യ നേരത്തെ അവകാശപ്പെട്ടിരുന്നതുപോലെ, പൈറസി പ്രവര്‍ത്തനം സാധാരണ ഹാക്കര്‍മാരുടെ ഉത്പന്നമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അതേസമയം ഔദ്യോഗിക സഊദി കവറും സാമ്പത്തിക സഹായത്തോടെയുമുള്ള ഒരു സംയോജിത സംവിധാനത്തിന്റെ ഭാഗമായിരുന്നു പൈറസി പ്രവര്‍ത്തനമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസി 50 ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു

വെയ്ല്‍ കോര്‍ണല്‍ മെഡിസിനില്‍ പുതിയ ബാച്ചിനെ സ്വാഗതം ചെയ്തു