in

പൊതു ശുചിത്വ നിയമം: ഫലപ്രദമായ മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്

ദോഹ: പുതിയ ശുചിത്വ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍. നിയമലംഘനങ്ങള്‍ക്ക് 300 മുതല്‍ 6000 റിയാല്‍വരെയാണ് പിഴ. പൊതു ശുചിത്വ നിയമ ലംഘനങ്ങള്‍ തടയുന്നതിന് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ട്രീറ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണല്‍ കമാന്‍ഡ് സെന്ററിന്റെ നിരീക്ഷണക്യാമറകളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പുറപ്പെടുവിക്കുന്നതിനുമായി കമാന്‍ഡ് സെന്ററിലെ ഓപ്പറേഷന്‍സ് റൂമില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നിരീക്ഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കുന്നു. തെരുവുകളില്‍ അപരിഷ്‌കൃതമായ രീതിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറയ്ക്കാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പട്രോള്‍ ടീമും നിയമലംഘനങ്ങള്‍ നിരീക്ഷിക്കും. പൊതുജനങ്ങളില്‍ നിന്നും പിഴ ശേഖരിക്കുകയെന്നതല്ല മന്ത്രാലയത്തിന്റെ ലക്ഷ്യം. നിയമലംഘനങ്ങള്‍ കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ടിഷ്യുപേപ്പറുകള്‍, ഗാര്‍ബേജ്, കാലിക്കുപ്പികള്‍ എന്നിവ വലിച്ചെറിയുകയും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവര്‍ക്കും 500 റിയാലാണ് പിഴ. വീടുകളുടെ മുന്നിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍, ഗാര്‍ബേജ് ബാഗുകള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍ എന്നിവ ഉപേക്ഷിച്ചാല്‍ 300റിയാലാണ് പിഴ. റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അഭിമുഖമായ വാതിലുകളിലും ബാല്‍ക്കണികളിലും കാര്‍പ്പറ്റുകള്‍, കവറുകള്‍, വസ്ത്രങ്ങള്‍ എന്നിവ തൂക്കിയിടുകയോ ശുചിയാക്കുകയോ ചെയ്താല്‍ 500 റിയാലാണ് പിഴ.
റോഡുകളില്‍ വാഹനം ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കള്‍ ചോര്‍ന്നാല്‍ 3000 റിയാലും മലിനജലം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഒഴുക്കിവിട്ടാല്‍ 5000 റിയാലും നിര്‍മാണാവശിഷ്ടങ്ങളും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകളും അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ പുറന്തള്ളിയാല്‍ 6000 റിയാലുമാണ് പിഴ. വാഹനങ്ങളില്‍ വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ ശരിയായ രീതിയില്‍ കവര്‍ ചെയ്യാതെ പുറത്തേക്കു ചോരുന്ന അവസ്ഥയാണെങ്കില്‍ 2000 റിയാലാണ് പിഴ. പൊതുസ്ഥലങ്ങള്‍, കടല്‍ത്തീരങ്ങള്‍, തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 500 റിയാലാണ് പിഴ. രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് പുതിയ നിയമം ഇടയാക്കുന്നുണ്ട്.
ഖത്തറിലെ നിരത്തുകള്‍ ഉള്‍പ്പടെ കൂടുതല്‍ വൃത്തിയായിട്ടുണ്ട്. ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് കഴിയുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയാണ് ശിക്ഷ. അതുകൊണ്ടുതന്നെ എല്ലാവരും നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട്. പൊതുശുചിത്വനിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ചെലുത്താന്‍ മന്ത്രാലയം നടത്തിയ ബോധവത്കരണപ്രവര്‍ത്തനങ്ങളും ഫലം കാണുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളില്‍ റോഡിനു അഭിമുഖമായുള്ള വാതിലുകളില്‍ തുണികള്‍ വിരിച്ചിടുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതുമെല്ലാം പിഴ ക്ഷണിച്ചുവരുത്തുന്നതാണ്. വ്യവസായ സ്ഥാപനങ്ങളും കമ്പനികളുമെല്ലാം തങ്ങളുടെ ഓഫീസുകളിലും പരിസരങ്ങളിലും ചുറ്റുപ്രദേശങ്ങളിലുമെല്ലാം നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഏഴാമത് രാജ്യാന്തര ബോട്ട്‌ഷോ മാര്‍ച്ച് 18 മുതല്‍ പേള്‍ ഖത്തറില്‍

അല്‍ഫുര്‍ഖാന്‍ എക്‌സാം മൊഡ്യൂള്‍ പ്രകാശനം നിര്‍വ്വഹിച്ചു