in ,

പോരാട്ടങ്ങള്‍ സജീവമാകുന്നത് ബഹുസ്വര ഇന്ത്യ നിലനിര്‍ത്താന്‍: അഡ്വ മുഹമ്മദ് ഷാ

പേരാമ്പ്ര മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ‘പൗരത്വ നിയമം അറിയേണ്ടതെല്ലാം’ എന്ന ചര്‍ച്ചാ സദസ്സില്‍ അഡ്വ. മുഹമ്മദ് ഷാ സംസാരിക്കുന്നു

ദോഹ: പൗരത്വ ഭേദഗതി നിയമ (സി എ എ) ത്തിനെതിരെ ഗാന്ധിജി നിര്‍ത്തിയേടത്തു നിന്നാണ് നമ്മുടെ സമരം മുന്നോട്ടുപോവേണ്ടതെന്നും ഇത് ഇന്ത്യയുടെ ആത്മാവിനേയും ഇന്ത്യന്‍ ഭരണഘടനയേയും ചോദ്യം ചെയ്യുന്ന പ്രശ്‌നമാണെന്നും പ്രമുഖ അഭിഭാഷകനും ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. മുഹമ്മദ് ഷാ.
പേരാമ്പ്ര മണ്ഡലം കെ എം സി സി സംഘടിപ്പിച്ച പൗരത്വ നിയമം അറിയേണ്ടതെല്ലാം എന്ന ചര്‍ച്ചാ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും വിവിധ തലങ്ങളില്‍ പോരാട്ടം നയിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം ബഹുസ്വര ഇന്ത്യ നിലനില്‍ക്കണമെന്നതിനു വേണ്ടിയാണ് സമരം നയിക്കുന്നത്. ഇതൊരു മതപരമായ പ്രശ്‌നമേയല്ല. മറിച്ച് ഇന്ത്യ ഏത് ദിശയിലേക്ക് പോവണമെന്ന ചോദ്യമുന്നയിക്കുന്ന വിഷയമാണ്.
സി എ എയും (സിറ്റിസണ്‍ അമന്റമെന്റ് ആക്ട്) എന്‍ പി ആറും (നാഷണല്‍ പോപ്പുലര്‍ രജിസ്റ്റര്‍) എന്‍ ആര്‍ സിയും (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍) വെവ്വേറെയാണെന്ന പ്രചാരണം തെറ്റാണ്. എല്ലാം പരസ്പരം ബന്ധിതമാണ്. 1948ലെ സെന്‍സസ് ആക്ട് പ്രകാരമാണ് സെന്‍സസ് നടക്കുന്നത്. എന്‍ പി ആര്‍ 2003ലെ എന്‍ ആര്‍ സി റൂള്‍ പ്രകാരവും. എന്‍ ആര്‍ സിയിലെ റൂള്‍സ്3യില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പറയുന്നിടത്ത് നാഷണല്‍ പോപ്പുലര്‍ രജിസ്റ്റര്‍ വേണമെന്നും അത് ഒത്തുനോക്കി വേണം എന്‍ ആര്‍ സി എന്നും വിശദീകരിക്കുന്നു. എന്‍ പി ആര്‍ ഉണ്ടാക്കുന്നത് തന്നെ എന്‍ ആര്‍ സിക്ക് വേണ്ടിയാണ്. അപ്പോഴാണ് മറിച്ചുള്ള വ്യാജ പ്രചാരണവുമായി ചിലര്‍ രംഗത്തുവരുന്നത്. സി എ എ എന്ന നിയമം ഞാന്‍ മാത്രം മതി നീ വേണ്ടെന്ന് പറയുന്നതാണെന്നും എല്ലാവരേയും ഒന്നായിക്കാണുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണെന്നുമുള്ള യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെയാണ് മുസ്്‌ലിം ലീഗ് സുപ്രീംകോടതിയില്‍ കേസുമായി പോയത്.
ആര്‍ട്ടിക്കിള്‍ 14 ഇന്ത്യ അമേരിക്കയുടെ ഭരണഘടനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഉള്‍പ്പെടുത്തിയതാണ്. അമേരിക്കയിലെ ആര്‍ട്ടിക്കിള്‍ 14 കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരുമെന്ന വേര്‍തിരിവിനെതിരെയാണെങ്കില്‍ ഇന്ത്യയില്‍ ബ്രാഹ്മണിക്കല്‍ മേധാവിത്വം കൊണ്ടുവന്ന ജാതി വ്യവസ്ഥക്കെതിരെയുള്ളതാണ്. എല്ലാ ജാതി മത വിഭാഗങ്ങളെയും ഒന്നായിക്കാണുകയെന്ന സന്ദേശമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. പക്ഷെ ഈ ആര്‍ട്ടിക്കിള്‍ 14ന്റെ പരസ്യ ലംഘനത്തിനെതിരെ നിയമപരമായും സമരത്തിലൂടേയും നാം ശക്തമായി മുന്നോട്ടുപോവുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പേരാമ്പ്ര മണ്ഡലം കെ എം സി സി പ്രസിഡന്റ് റസാഖ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍സെക്രട്ടറി ടി ടി കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. അബ്്ദുസമ്മദ്. ചന്ദ്രിക ഗവേണിംഗ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി, കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ തയ്യില്‍, ജില്ലാ പ്രസിഡന്റ് ബഷീര്‍ഖാന്‍, ജനറല്‍സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, എന്‍ പി അബ്ദുര്‍റഹിമാന്‍, പി കെ നാസര്‍ മാസ്റ്റര്‍, മുനീര്‍ കാരയാട്, യൂസുഫ് വി കെ, റഷീദ്, അബ്ദു വാളാഞ്ഞി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ടി എം അബ്്ദുല്ല നന്ദി പറഞ്ഞു.
അഡ്വ മുഹമ്മദ്ഷാക്ക് മുഹമ്മദ് ചാവട്ട് ഉപഹാരം നല്‍കി. അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയംഗം അബ്ദുല്‍മുഈസ് എ കെയെ ആദരിച്ച ചടങ്ങില്‍ ആഷിഖ് എസ് കെ അദ്ദേഹത്തിന് ഉപഹാരം കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസി നികുതി: ശക്തമായ പ്രതിഷേധം ഉയരണമെന്ന് സംഘടനകള്‍

2022 ഫിഫ ലോകകപ്പ്: സുപ്രീംകമ്മിറ്റി അംബാസഡറായി ടിം കാഹില്‍