in ,

പോലീസ് കോളേജ് രണ്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

ദോഹ: പോലീസ് കോളേജിലെ രണ്ടാം ബാച്ചിന്റെ ബിരുദദാനചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. അല്‍സെയ്‌ലിയയില്‍ പോലീസ് കോളേജ് ആസ്ഥാനത്ത് ഇന്നലെ രാവിലെയായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ജോര്‍ദ്ദാന്‍ ആഭ്യന്തരമന്ത്രി സലാമെഹ് ഹമ്മാദ്, മോള്‍ഡോവ ആഭ്യന്തരമന്ത്രി പാവെല്‍ വൊയ്കു, കിര്‍ഗിസ് ആഭ്യന്തരമന്ത്രി കേണല്‍ കഷ്‌കര്‍ ജുനുഷാലിയേവ്, തുര്‍ക്കി ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി പ്രൊഫ. തയ്യിബ് സാബ്രി ഇര്‍ദില്‍ തുടങ്ങിയവരും മന്ത്രിമാരും നയതന്ത്ര തലവന്‍മാരും ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളിലെയും സ്‌റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയിലെയും അമീരി ഗാര്‍ഡിലെയും ആഭ്യന്തര സുരക്ഷാസേന (ലഖ്‌വിയ)യിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും സൗഹൃദ സഹോദര രാജ്യങ്ങളിലെ സുരക്ഷാ സൈനിക കോളേജുകളുടെ പ്രതിനിധികളും പങ്കെടുത്തു.
ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് 110 ബിരുദധാരികളുടെ ക്യൂ പരിശോധിക്കുന്നതിനായി ബിരുദധാരികളുടെ ക്യൂ കമാന്‍ഡര്‍ അമീറിനെ ക്ഷണിച്ചു. ഖത്തറിനു പുറമെ ജോര്‍ദ്ദാന്‍, ഫലസ്തീന്‍, യമന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും ഇന്നലെ ബിരുദം നേടിയിരുന്നു. ഖുര്‍ആന്‍ ആലാപനവും ബിരുദധാരികളുടെ പരേഡ്, സൈനിക പരേഡ് എന്നിവയും നടന്നു.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഏഴു ബിരുദധാരികളെ അമീര്‍ അഭിനന്ദിച്ചു. അതിനുശേഷം രണ്ടാം ബാച്ചില്‍ നിന്നും മൂന്നാം ബാച്ച് പതാക ഏറ്റുവാങ്ങി. ഓര്‍ഡര്‍ ഓഫ് പ്രമോഷന്‍ വായിച്ചു. പരേഡ് ക്യു കടന്നുപോയതോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട നാളെയുടെ ഉദ്യോഗസ്ഥര്‍ വിഭാഗം പരേഡിനായി പ്രവേശിച്ചു. ചടങ്ങിന്റെ അവസാനം രണ്ടാംബാച്ച് ബിരുദധാരികള്‍ സത്യപ്രതിജ്ഞ ചെയ്യുകയും കോളേജിന്റെ ദേശീയഗാനം ആലപിക്കുകയും ചെയ്തു.
പോലീസ് കോളേജ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്ന ചടങ്ങില്‍ സംസാരിച്ചു. നിയമത്തിലും പോലീസ് സയന്‍സിലും ബിരുദം നേടിയവരെ അദ്ദേഹം അഭിനന്ദിച്ചു. 110 ബിരുദധാരികളില്‍ 89 പേര്‍ ഖത്തരികളാണ്. ഇവര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും രാജ്യത്തെ വിവിധ സൈനിക സ്ഥാപനങ്ങളില്‍ നിന്നുമാണ് ബിരുദം നേടുന്നതിനായി കോളേജിലെത്തിയത്. 21 പേര്‍ സഹോദര അറബ് രാജ്യങ്ങളില്‍ നിന്നുളളവരാണ്. ബിരുദധാരികള്‍ രാജ്യത്തിന്റെ വിവിധ സൈനിക ഏജന്‍സികളുടെ ഭാഗമാകും.
പോലീസ് കോളേജ് ബിരുദധാരികള്‍ക്ക് നിയമ- പോലീസ് മേഖലകളിലെ ശാസ്ത്രവും അറിവും നൂതന പരിശീലന കോഴ്‌സുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന്് ബ്രിഗേഡിയര്‍ ഡോ. അല്‍മുഹന്ന പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും പൂര്‍ത്തീകരിക്കാനും ഇവര്‍ പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ മെച്ചപ്പെടുത്തുന്നതും നീതിനിര്‍വഹണം സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ പോലീസ് കോളേജ് തുടങ്ങിയത്.
നിയമവും പോലീസ് സയന്‍സും എന്ന വിഷയത്തില്‍ നാലുവര്‍ഷത്തെ ബാച്ചിലര്‍ ഡിഗ്രി കോഴ്‌സാണ് കോളേജില്‍ പഠിപ്പിക്കുന്നത്. വൈദഗ്ദ്ധ്യം ലഭിച്ച പോലീസ് സേനയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്രിക്കറ്റ്: കുവൈത്തിന് കിരീടം

ഗള്‍ഫ് പ്രതിസന്ധി: ക്രിയാത്മകവും നിരുപാധികവുമായ ചര്‍ച്ചകള്‍ക്ക് സന്നദ്ധത ആവര്‍ത്തിച്ച് ഖത്തര്‍