in ,

പോളീഷ് നാവിക അക്കാദമിയില്‍ നിന്നും ആദ്യ ഖത്തരി ബാച്ച് പുറത്തിറങ്ങി

പോളീഷ് നാവിക അക്കാഡമിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ഖത്തരി കേഡറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം

ദോഹ: പോളണ്ടിലെ ഡൈനിയയില്‍ സ്ഥിതിചെയ്യുന്ന പോളീഷ് നാവിക അക്കാദമിയില്‍നിന്നും ആദ്യ ബാച്ച ഖത്തരി ബിരുദധാരികള്‍ പുറത്തിറങ്ങി. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കിയ പത്ത് വിദ്യാര്‍ഥികളാണ് നാലുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി ബിരുദം നേടിയത്.

മറൈന്‍ സയന്‍സില്‍ ബാച്ച്‌ലര്‍ ബിരുദമാണ് ഇവര്‍ നേടിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനും ശാസ്ത്രീയ കഴിവുകള്‍ വികസിപ്പിക്കുന്നതിലും അക്കാദമി നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ഡോ.മുഹമ്മദ് ഹമദ് അല്‍ഗയാതീന്‍ പറഞ്ഞു. ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദധാരികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ശാസ്ത്ര ശേഷികളും അറിവുകളും മത്സരക്ഷമതയുമാണ് കോഴ്‌സിലൂടെ ലഭ്യമാക്കിയത്. പോളീഷ് മാരിടൈം അക്കാദമിയുമായുള്ള പങ്കാളിത്തത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും പ്രശസ്തവും അംഗീകാരവുമുള്ള മാരിടൈം അക്കാഡമികളിലൊന്നാണിത്. മന്ത്രാലയത്തിന്റെ കേഡറ്റുകളുടെ ശേഷി വികസിപ്പിക്കുന്നതിനും അത്യാധുനിക പോലീസുകാരെ കെട്ടിപ്പെടുക്കുന്നതിനും എല്ലാ തലങ്ങളിലും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അക്കാദമിയിലെ പഠനം സഹായകമാണ്.

തീര അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് നടത്തുന്ന സമുദ്ര ചുമതലകളും ദൗത്യങ്ങളും നിര്‍വഹിക്കുന്നതില്‍ ആദ്യ ബാച്ചിലെ ബിരുദധാരികള്‍ മന്ത്രാലയത്തിന് ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണ്. കേണല്‍ അല്‍ ഗയാതീന്‍ ബിരുദധാരികളെ അഭിനന്ദിച്ചു.

ആഭ്യന്തരമന്ത്രാലയവും പോളീഷ് അക്കാദമിയും തമ്മിലുള്ള പങ്കാളിത്തം പ്രശംസനീയമാണെന്ന് തീര അതിര്‍ത്തി സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്‍അസീസ് അലി അല്‍മുഹന്നദി പറഞ്ഞു. അക്കാദമിയിലെ മികച്ച ബിരുദധാരികള്‍ക്കുള്ള പുരസ്‌കാരം ഖത്തരി വിദ്യാര്‍ഥി ഹുമൈദ് മുഹമ്മദ് അല്‍ഹുമൈദിക്ക് ലഭിച്ചു.

ബിരുദദാന ചടങ്ങില്‍ പോളണ്ടിലെ ഖത്തര്‍ അംബാസഡര്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍മാദദിയും ആഭ്യന്തരമന്ത്രാലയം പ്രതിനിധിസംഘവും ബിരുദധാരികലുടെ മാതാപിതാക്കളും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ പ്രകാശനം നാളെ

എംഇഎസില്‍ സൗഹൃദ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു