in ,

പ്രതിസന്ധികള്‍ സൃഷ്ടിപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം: വിദേശകാര്യമന്ത്രി

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘര്‍ഷ തീവ്രതയും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. റുമാനിയയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയുടെ സുരക്ഷയില്‍ പ്രതിസന്ധിയുടെ ആഘാതം ഒഴിവാക്കുന്നതിനായി രാജ്യന്തര സമൂഹം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഗള്‍ഫ് മേഖലയുടെ അയല്‍ രാജ്യമാണ് ഇറാന്‍. ഇറാനും ചില ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങളെ ക്രിയാത്മകമായി പരിഗണിക്കണം. അത്തരം വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ സംഭാഷണങ്ങളും കൂടിയാലോചനകളുമാണ് വേണ്ടത്.

ഭൂമിശാസ്ത്രപരമായ മാറ്റം ഒരു രാജ്യത്തിന്റെയും കയ്യിലല്ല. ഇറാനുമായുള്ള അയല്‍പക്കം ഭൂമിശാസ്ത്രപരമായി വളരെ അടുത്താണ്. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകത വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞു. സൃഷ്ടിപരവും വ്യവസ്ഥകളില്ലാതെയുമുള്ള ചര്‍ച്ചകളിലൂടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കണമെന്ന ഖത്തറിന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

കപ്പലുകളെ ലക്ഷ്യമിടുന്നതിനെ ഖത്തര്‍ അപലപിക്കുന്നു. മേഖലയുടെ സുരക്ഷയ്ക്കും ലോകത്തൊട്ടാകെ ഊര്‍ജസുരക്ഷയ്ക്കും ദോഷം വരുത്തുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ക്രിയാത്മക ചര്‍ച്ചകളിലൂടെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടണമെന്ന ഖത്തറിന്റെ നിലപാട് സ്ഥായിയാണ്. അന്താരാഷ്ട്ര നിയമസാധുത സംബന്ധിച്ച പ്രമേയങ്ങള്‍, രണ്ടു രാജ്യങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഫലസ്തീന്‍ ജനതയ്ക്ക് ന്യായമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങളെയും ഖത്തര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സിന് ഇനി 96 ദിനങ്ങള്‍; കൗണ്ട്ഡൗണ്‍ തുടരുന്നു

യാത്രയയപ്പ് നല്‍കി