in , , , , , ,

പ്രതീക്ഷകളോടെ 2020ലേക്ക് ഖത്തര്‍

ആര്‍ റിന്‍സ്
ദോഹ

സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച 2019നുശേഷം ഏറെ പ്രതീക്ഷയോടെയും പുതിയ വികസന സ്വപ്‌നങ്ങളോടയുമാണ് ഖത്തര്‍ 2020ലേക്ക് കടക്കുന്നത്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നുണ്ടെങ്കിലും അതൊന്നും ബാധിക്കാത്തവിധത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
രാജ്യാന്തരതലത്തില്‍ ഖത്തറിന്റെ പേരും പ്രശസ്തിയും മുന്‍ുപൊന്നും ഉണ്ടായിട്ടില്ലാത്ത വിധം വര്‍ധിക്കുന്നതിനാണ് 2019 സാക്ഷിയായത്. കായികതലസ്ഥാനമെന്ന പേര് അന്വര്‍ഥമാക്കുന്ന വിധത്തില്‍ സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് രാജ്യം 2019ല്‍ ആതിഥേയത്വംവഹിച്ചത്. ഏഷ്യന്‍ അത്‌ലറ്റിക്‌സും ലോക അത്‌ലറ്റിക്‌സും ലോക ബീച്ച് ഗെയിംസും ഗള്‍ഫ് കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും ഉദാഹരണങ്ങള്‍ മാത്രം. കൂടുതല്‍ മികച്ച ചാമ്പ്യന്‍ഷിപ്പുകളും കായിക മത്സരങ്ങളുമാണ് 2020ല്‍ നടക്കാനിരിക്കുന്നത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം അതിനുള്ള ഒരുക്കങ്ങളും ദ്രുതഗതിയില്‍ തുടരുന്നു. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളും ഖത്തറിലെ 2020നെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തൊഴില്‍ ക്ഷേമ പരിഷ്‌കരണ മേഖലയില്‍ മേഖലക്കാകെ മാതൃകയാണ് ഖത്തര്‍. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനകരമാകുന്ന വിസ പരിഷ്‌കാരങ്ങള്‍ 2020ല്‍ യാഥാര്‍ഥ്യമാകും. വികസനത്തിന്റെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ് ഖത്തര്‍. ഗതാഗത, വിദ്യാഭ്യാസ, ആരോഗ്യ അടിസ്ഥാനസൗകര്യ മേഖലകളിലെല്ലാം പദ്ധതികള്‍ തടസമില്ലാതെ പുരോഗമിക്കുന്നു. നിശ്ചയിച്ച തീയതിക്കു മുമ്പുതന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കപ്പെടുന്നു. പിന്നിട്ട വര്‍ഷത്തില്‍ തുടങ്ങിവെച്ചതും തുടരുന്നതുമായ പദ്ധതികളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും പൂര്‍ത്തീകരണമാണ് 2020ല്‍ രാജ്യം ലക്ഷ്യംവെക്കുന്നത്. ലോകത്തൊട്ടാകെ ഖത്തറിന്റെ സഹായ പ്രവാഹം 2020ലും തുടരും. 2019ല്‍ ദുരിതം നേരിടുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിനായി 100 മില്യണ്‍ ഡോളറാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തങ്ങളുടെ രാജ്യങ്ങളിലെ കമ്യൂണിറ്റികളുമായി ഇടപഴകുന്നതിനും അവസരമൊരുക്കുന്നതിനായി 20 മില്യണ്‍ യുഎസ് ഡോളര്‍ ആഫ്രിക്കന്‍ യൂണിയന് ഖത്തര്‍ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്. ഗസയിലുള്‍പ്പടെ ഫലസ്തീന്‍ ജനതക്കായി ഖത്തറിന്റെ നിര്‍ലോഭമായ പിന്തുണയും സഹകരണവും തുടരുന്നു. ഗസയില്‍ വന്‍ പദ്ധതികള്‍ നടപ്പാക്കുന്നു.
ഗള്‍ഫ് പ്രതിസന്ധിക്ക് പുതിയവര്‍ഷത്തില്‍ പരിഹാരമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് അറബ് മേഖലയും നയതന്ത്രലോകവും. ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയില്‍ സമ്മര്‍ദ്ദം കുറയുന്നതിന്റെ സൂചനകള്‍ വര്‍ഷാവസാനത്തില്‍ കണ്ടുതുടങ്ങിയിരുന്നു. ഖത്തര്‍ ആതിഥ്യംവഹിച്ച ഗള്‍ഫ് കപ്പില്‍ സഊദി, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങളുടെ പങ്കാളിത്തവും റിയാദിലെ ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തതും നയതന്ത്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിന് വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പുതിയവര്‍ഷത്തില്‍ ശുഭവാര്‍ത്തകളുണ്ടാകുമോയെന്നാണ് അറബ് ലോകം നോക്കുന്നത്.

തുടര്‍ച്ചയായ രണ്ടാംവര്‍ഷവും
മിച്ച ബജറ്റ്, വന്‍ പദ്ധതികള്‍

തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മിച്ച ബജറ്റിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഖത്തര്‍ 2020ലേക്ക് കയറുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിട ഏറ്റവും ഉയര്‍ന്ന ബജറ്റ് ചെലവാണ് ഇത്തവണത്തേത്. ദേശീയ വികസന തന്ത്രം 2018-2022 ഉള്‍പ്പെടെ വിവിധ മേഖലകളിലായി നിരവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ സാമ്പത്തികവര്‍ഷം ചെലവ്് 210.5 ബില്യണ്‍ റിയാലാണ് കണക്കാക്കുന്നത്. എണ്ണവില ബാരലിന് 55 ഡോളര്‍ അടിസ്ഥാനപ്പെടുത്തിയാണ് ബജറ്റ്.
വരുമാനം 211.0 ബില്യണ്‍ റിയാലിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന അംഗീകൃത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ആകെ ചെലവിന്റെ ഏകദേശം 43%വും പ്രധാനപദ്ധതികള്‍ക്കാണ്. ഈ പദ്ധതികള്‍ക്കായി 90 ബില്യണ്‍ റിയാല്‍ അനുവദിച്ചു. 2022ലെ ഫിഫ ലോകകപ്പ് പദ്ധതികള്‍, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 2020ല്‍ 11.5 ബില്യണ്‍ റിയാല്‍ മൂല്യമുള്ള പുതിയ പദ്ധതികള്‍ അനുവദിക്കും. ഇതില്‍ 8.5 ബില്യണ്‍ റിയാലിന്റെ പദ്ധതികളുടെ ഉത്തരവാദിത്വം പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിനായിരിക്കും. പ്രാദേശിക റോഡുകള്‍, മലിനജല ശൃംഖലകള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, മഴവെള്ളം ഒഴുകല്‍, മറ്റ് യൂട്ടിലിറ്റി, മെയിന്റനന്‍സ് സേവനങ്ങള്‍ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സബാഹ് അല്‍ അഹ്മദ് ഹൈവേ ഉള്‍പ്പെടെയുള്ള ദേശീയപാതകളുടെ പൂര്‍ത്തീകരണം, ജല, വൈദ്യുത ശൃംഖലകളിലെ വിപുലീകരണം, നിലവിലുള്ള നഗരപ്രദേശങ്ങളില്‍ സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മലിനജല ശൃംഖലയുടെ വിപൂലീകരണം, റാസ് അബു അബൗദിനെയും വെസ്റ്റ്‌ബേയെയും ബന്ധിപ്പിക്കുന്ന ശര്‍ഖ് ക്രോസിംഗ് പദ്ധതി എന്നിവ ഉള്‍പ്പെടുന്നു. ശര്‍ഖ് ക്രോസിങ് പദ്ധതി നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടണലുകളും പാലങ്ങളും ഉള്‍പ്പെടുന്ന പന്ത്രണ്ട് കിലോമീറ്റര്‍ പദ്ധതിയാണിത്. ലോകത്തിലെ അല്‍ഭുത പാതയെന്ന് വിശേഷിപ്പിക്കുന്നതാണ് ശര്‍ഖ് ക്രോസിങ്.
പാലവും ടണലും ഇടവിട്ടു വരുന്ന മാസ്റ്റര്‍പീസ് ഡിസൈനാണു പദ്ധതിയുടെ പ്രത്യേകത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റോഡ്, പാലങ്ങള്‍, അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ എന്നിവയില്‍ നല്ലൊരുപങ്കിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2020ല്‍ പൂര്‍ത്തിയാകും. സുപ്രധാന റോഡ്, ഹൈവേ പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഫിഫ ലോകകപ്പ് പദ്ധതികളും പുരോഗതിയിലാണ്. 2020ല്‍ നാലു സ്്‌റ്റേഡിയങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എജ്യൂക്കേഷന്‍ സിറ്റി, അല്‍ബയ്ത്ത്, അല്‍റയ്യാന്‍, അല്‍തുമാമ സ്റ്റേഡിയങ്ങളായിരിക്കും അടുത്തവര്‍ഷം തുറക്കുക. ഇതോടെ ലോകകപ്പിനായി ആകെ സജ്ജമാകുന്ന സ്റ്റേഡിയങ്ങളുടെ എണ്ണം ആറാകും. നിലവില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അല്‍വഖ്‌റ അല്‍ജനൂബ് സ്റ്റേഡിയവുമാണ് തുറന്നത്.

2019ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

ദോഹ മെട്രോയുടെ പൂര്‍ണതോതിലുള്ള സര്‍വീസ്, ഫിഫ ലോകകപ്പിനായി വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എന്നിവക്കു പുറമെ മറ്റു സുപ്രധാന നേട്ടങ്ങളും പരിപാടികള്‍ക്കും പദ്ധതികള്‍ക്കും 2019 സാക്ഷ്യം വഹിച്ചു. ആറാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷമാണ് നടന്നത്. നാലു മണ്ഡലങ്ങളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ 25 മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 5ജി വിന്യാസം കൂടുതല്‍ വ്യാപകമായതും ഈ വര്‍ഷമായിരുന്നു. വൊഡാഫോണും ഊരിദൂവും രാജ്യത്തൊട്ടാകെ 5ജി സേവനം ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കി. ആശയവിനിമയ സാങ്കേതിക മേഖലയില്‍ കുതിച്ചുചാട്ടമായിരുന്നു ഖത്തര്‍ നടത്തിയത്. ഇന്റര്‍നേറ്റ വേഗതയില്‍ ആഗോളതലത്തില്‍തന്നെ മുന്നിലുള്ള രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറിയിട്ടുണ്ട്. ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ഔദ്യോഗിക ലയനം പ്രഖ്യാപിക്കപ്പെട്ടതും ഈ വര്‍ഷമായിരുന്നു. ഇതോടെ മേഖലയിലെ മുന്‍നിര ബാങ്കിങ് സംവിധാനമായി മാറാന്‍ ഈ ശൃഖലക്ക് കഴിയും.
പച്ചക്കറി, പഴവര്‍ഗങ്ങളുടെ സ്വയംപര്യാപ്തതയിലേക്ക് വളരെ വേഗം കുതിക്കുകയാണ് ഖത്തര്‍. പാലുത്പാദനത്തില്‍ നൂറുശതമാനത്തിലധികം സ്വയംപര്യാപ്തമാകാന്‍ രാജ്യത്തിനായിട്ടുണ്ട്. പച്ചക്കറി ഉല്‍പാദനത്തിനായി പ്രൊജക്ട് ഗ്രീന്‍ ഹൗസ്്് സംരഭംഭത്തിന് തുടക്കംകുറിച്ചു. നിലവിലുള്ള ശൈത്യകാല കാര്‍ഷിക ചന്തകള്‍ക്കു പുറമെ അല്‍ഷമാലിലും അല്‍ ഷഹാനിയയിലും പുതിയ ശൈത്യകാല കാര്‍ഷിക ചന്തകള്‍ തുറന്നു. 2023നകം വിവിധ മേഖലകളില്‍ സ്വയംപര്യാപ്തമാകാനുള്ള ശ്രമത്തിലാണ് ഖത്തര്‍. നിരവധി രാജ്യാന്തര പ്രദര്‍ശനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ഖത്തര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഒട്ടനവധി സമ്മേളനങ്ങളിലും സുപ്രധാന പ്രദര്‍ശനങ്ങളിലും പങ്കെടുത്തു.
ഖത്തര്‍ എയര്‍വേയ്‌സ് വിമാനശ്രേണിയിലെ 250-ാമത് എയര്‍ക്രാഫ്റ്റ് സ്വീകരിച്ചതാണ മറ്റൊരു ശ്രദ്ധേയ നേട്ടം. ഫ്രാന്‍സിലെ തുളൂസില്‍ നടന്ന ചടങ്ങില്‍ എയര്‍ബസ് എ350-900 എയര്‍ക്രാഫ്റ്റാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. യാത്രാ, കാര്‍ഗോ, എക്‌സിക്യുട്ടീവ് എയര്‍ക്രാഫ്റ്റ്ുകളുടെ ഗണത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് എയര്‍ബസ് എ350-900. ഖത്തര്‍ എയര്‍വേയ്്‌സ് പ്രവര്‍ത്തനം തുടങ്ങി 22 വര്‍ഷത്തിനുള്ളില്‍തന്നെ ഈ വലിയ നേട്ടം കൈവരിക്കാനായി. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പടെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ എയര്‍ലൈന് സാധിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ക്രാഫ്റ്റുകളുടെ ശരാശരി പ്രായം അഞ്ചുവര്‍ഷത്തില്‍ താഴെയാണ്. ഖത്തര്‍ എയര്‍വേയ്‌സിന് 203ലധികം യാത്രാവിമാനങ്ങളും 25 കാര്‍ഗോ വിമാനങ്ങളും 22 ഖത്തര്‍ എക്‌സിക്യുട്ടീവ് ജെറ്റുകളുമാണുള്ളത്. ഖത്തര്‍ എക്്സിക്യൂട്ടീവ്്് ഗള്‍ഫ്്് സ്ട്രീം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലോകം ചുറ്റി സഞ്ചരിച്ച്്് റെക്കോഡിട്ടു.
ഖത്തര്‍ എയര്‍വേയ്‌സും ഹമദ് വിമാനത്താവളവും നിരവധി പുരസ്‌കാരങ്ങള്‍ നേടി. ആംബുലന്‍സുകളുടെ വരവറിയിച്ച്്്് എഫ്്്എം റേഡിയോ സംപ്രേഷണ സാങ്കേതിക വിദ്യയിലുള്ള അടിയന്തര മുന്നറിയിപ്പ്്് സംവിധാനത്തിനും ഈ വര്‍ഷം തുടക്കംകുറിച്ചു. സെന്‍ട്രല്‍ ഭക്ഷ്യ ലാബുകള്‍ക്കായി പുതിയ ഇലക്ട്രോണിക്് ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ മാനേജ്്മെന്റ്് സിസ്റ്റം നടപ്പാക്കി. 2022 ഫിഫ ലോകകപ്പ്് സുരക്ഷയ്ക്കായി ഇന്റര്‍നാഷനല്‍ പൊലീസ്് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐപിസിസി) തുറന്നതും ഈ വര്‍ഷമായിരുന്നു.
സായുധസേനയുടെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൈനിക മെഡിക്കല്‍ സിറ്റി എന്നിവക്ക് തറക്കല്ലിട്ടതും 2019ലായിരുന്നു. വിവിധ രാജ്യങ്ങളുമായി സംയുക്ത സൈനിക പരിശീലനത്തിലും ഖത്തര്‍ ഏര്‍പ്പെട്ടു. സിവില്‍ഡിഫന്‍സ് കൂടുതല്‍ അത്യാധുനിക ഉപകരണങ്ങളും സായുധവാഹനങ്ങളും സ്വന്തമാക്കി. ശരിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ലോകത്തെ ഏറ്റവും വലിയ ഊര്‍ജ ബാങ്കിന്റെ പ്രഖ്യാപനമാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. പ്രാദേശിക, വിദേശ ഊര്‍ജ പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 10 ബില്യണ്‍ ഡോളര്‍ മൂലധനം ലക്ഷ്യമിട്ടാണ് ഖത്തര്‍ പുതിയ ബാങ്ക് പ്രഖ്യാപിച്ചത്. കായികമേഖലയിലെ നേട്ടങ്ങളില്‍ ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ കിരീട നേട്ടത്തിനു പുറമെ നിരവധി മേഖലാ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ താരങ്ങള്‍ തിളങ്ങി. അല്‍സദ്ദിന്റെ അക്രം അഫീഫ് ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹൈജമ്പ് താരം മുതാസ് ബര്‍ഷിമിന്റെ പേര് ഐഎഎഎഫിന്റെ അത്‌ലറ്റിക്‌സ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.
2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അനാവരണം ചെയ്തതും 2019ലായിരുന്നു. ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതും ഇടപഴകുന്നതുമായ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ് ചിഹ്നം. പ്രാദേശിക, മേഖലാ അറബ് സംസ്‌കാരത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളും മനോഹരമായ ഗെയിമിലേക്കുള്ള സൂചനകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ചിഹ്നത്തിന്റെ സ്വൂപ്പിങ് വളവുകള്‍ മരുഭൂമിയിലെ മണ്‍കൂനകളെയും പൊട്ടാത്ത ലൂപ്പ് എട്ട് എന്ന സംഖ്യയെയും പ്രതിനിധാനം ചെയ്യുന്നു.
ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന എട്ട് അതിശയകരമായ സ്റ്റേഡിയങ്ങളുടെ ഓര്‍മ്മപ്പടുത്തല്‍ കൂടിയാണ് എട്ട് എന്ന അക്കം. ലോകകപ്പിന്റെ പരസ്പര ബന്ധിതമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചിഹ്നം. ഫിഫ ലോകകപ്പ് ട്രോഫിയുടെ ആകൃതിയിലുള്ള ചിഹ്നത്തിന്റെ കേന്ദ്രരൂപം പരമ്പരാഗത കമ്പിളിഷാളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.തൊഴില്‍ തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറാണ് ഒന്നാമത്.

വിസ, തൊഴില്‍, നിക്ഷേപ പരിഷ്‌കരണങ്ങള്‍

വിസ, തൊഴില്‍പരിഷ്‌കരണങ്ങളില്‍ മുന്നേറുകയാണ് ഖത്തര്‍. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് ഖത്തറിന്റെ പരിഷ്‌കരണങ്ങള്‍. റസിഡന്‍സ് പെര്‍മിറ്റുള്ള പ്രവാസികളുടെ ആണ്‍മക്കള്‍ക്കും ഇനി മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ഖത്തറില്‍ ജോലി ചെയ്യാനാകും. നിലവില്‍ ഈ സൗകര്യം പെണ്‍മക്കള്‍ക്കു മാത്രമായിരുന്നു. ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ ആണ്‍മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാനാകുമെന്നത് നിരവധിപേര്‍ക്ക് പ്രയോജനകരമാകും. പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കള്‍ക്ക് വിസ മാറാതെ ജോലി ചെയ്യാം.
ഇതിനായി ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടണം, പുതിയ തീരുമാനം നടപ്പാകുന്നതോടെ പ്രവാസി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിസ മാറാതെ ജോലി ചെയ്യാം. സ്വകാര്യ കമ്പനികള്‍ക്ക് താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കാനുള്ള സുപ്രധാന തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അംഗീകൃത ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താല്‍ക്കാലിക തൊഴില്‍ വീസയും ഉടന്‍ പ്രാബല്യത്തിലാകും. ഒന്നു മുതല്‍ ആറു മാസം വരെയാണ് താല്‍ക്കാലിക തൊഴില്‍ വീസ അനുവദിക്കുന്നത്.
ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ടു മാസത്തേക്ക് 500 റിയാല്‍, മൂന്നു മുതല്‍ ആറു മാസത്തേക്ക് ഒരു മാസം 200 റിയാല്‍ വീതവുമാണ് ഫീസ് അടക്കേണ്ടത്. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര മന്ത്രാലയമാണ് വീസ അനുവദിക്കുന്നത്.
ഖത്തര്‍ വീസ സെന്ററുകള്‍ വഴിയാണ് ഇവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളുടെ നിരക്കില്‍ 20 ശതമാനം വരെ കുറവ് വരുത്താനും തീരുമാനമായിട്ടുണ്ട്. ചില തൊഴിലുകളിലും പ്രൊഫഷനുകളിലുമാണ് താല്‍ക്കാലിക വര്‍ക്ക് വിസ ഏര്‍പ്പെടുത്തുന്നത്. ചില അടിയന്തര സന്ദര്‍ഭങ്ങളിലും താല്‍ക്കാലിക, സീസണല്‍ ജോലികള്‍ക്കായി താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കും. തൊഴിലിന്റെ പൂര്‍ത്തീകരണത്തിന് ഒരു നിശ്ചിത കാലയളവ് ആവശ്യമാണെങ്കില്‍ അതിന്റെ സ്വഭാവത്തിനനുസരിച്ചാണ് വിസ അനുവദിക്കുന്നത്.
പ്രവാസി തൊഴിലാളികളുടെ വിവര സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനം സുഗമമാക്കാന്‍ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യും. ഐസിടി ലഭ്യത ഉറപ്പാക്കി പ്രവാസി തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. സര്‍ക്കാരിന്റെ ഇ-പോര്‍ട്ടലായ ഹുക്കുമിയില്‍ തൊഴിലാളികള്‍ക്കിടയിലെ അഞ്ചു പ്രധാന ഭാഷകളിലായി 1,000 പുതിയ ഇ-ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 50,000 തൊഴിലാളികള്‍ക്ക് ഐസിടി പരിശീലനം നല്‍കും. ഇതിനകം പദ്ധതിയുടെ പ്രയോജനം ലഭിച്ചത് 15 ലക്ഷം തൊഴിലാളികള്‍ക്കാണ്.
ഫാമിലി വിസയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മുഖേന അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നു. ഹുകൂമി വെബ്സൈറ്റ്, മെട്രാഷ് 2, ഇന്റേണല്‍ സര്‍വീസ് സിസ്റ്റം എന്നിവ ഉള്‍പ്പടെ മന്ത്രാലയത്തിന്റെ ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ താമസക്കാര്‍ക്ക് അവരുടെ കുടുംബ റെസിഡന്‍സി അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന പുതിയ നടപടിക്രമങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജനറല്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നോണ്‍ ഖത്തരി മൂലധന നിക്ഷേപ നിയന്ത്രണം സംബന്ധിച്ച നിയമത്തിനും 2019ല്‍ അമീര്‍ അംഗീകാരം നല്‍കി.
നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തികമേഖലകളിലും മൂലധനത്തിന്റെ 100ശതമാനം വരെ നിക്ഷേപം നടത്താം. ഖത്തര്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഖത്തരി ലിസ്റ്റഡ് കമ്പനികളില്‍ മൂലധനത്തിന്റെ 49ശതമാനം ഉടമസ്ഥാവകാശം മാത്രമെ സ്വന്തമാക്കാനാകു.
സാമ്പത്തിക വാണിജ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഉടമസ്ഥാവകാശത്തിന്റെ ശതമാനം ഉയര്‍ത്താനുമാകും.മന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭയ്ക്ക് നിക്ഷേപപദ്ധതികള്‍ക്ക് ഇന്‍സെന്റീവും മറ്റു ആനുകൂല്യങ്ങളും നല്‍കാം. രാജ്യത്ത് നടക്കുന്ന കായികമേളകളിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നവര്‍ക്കായി ഖത്തര്‍ പ്രത്യേക വിസ അനുവദിക്കുന്നതുള്‍പ്പെടുയുള്ള സൗഹാര്‍ദ്ദപരമായ പദ്ധതികളും നടപ്പാക്കുന്നു.
കായിക, സാംസ്‌കാരിക മേഖലകളില്‍ പങ്കെടുക്കുന്നതിന് വിസക്ക് അപേക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് (വി.എസ്.എസ്.ഡി) പ്രത്യേക ഖത്തര്‍ വിസ പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ട്. 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഉള്‍പ്പടെ ഖത്തറില്‍ നടക്കുന്ന നിരവധി രാജ്യാന്തരമേഖലാതല കായികമേളകളില്‍ വര്‍ധിച്ച വിദേശപങ്കാളിത്തം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

ഇന്ത്യ- ഖത്തര്‍ ബന്ധം
കൂടുതല്‍ ഉയരങ്ങളില്‍

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുന്നതിനും 2019 സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം പന്ത്രണ്ട് ബില്യണിലധികം ഡോളറായിട്ടുണ്ട്. 2019 ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷമായാണ് ആഘോഷിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും അരങ്ങേറി. ഖത്തര്‍ മ്യൂസിയംസിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടികള്‍. ഇന്ത്യയിലേക്ക് ഖത്തരി ഫോട്ടോഗ്രാഫര്‍മാരെ അയച്ചുകൊണ്ടുള്ള എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഉള്‍പ്പടെയുള്ളവ നടന്നു. എംഎഫ് ഹുസൈന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ഉള്‍പ്പടെയുള്ളവ ശ്രദ്ധിക്കപ്പെട്ടു. കത്താറയിലും വിവിധ ഇന്ത്യന്‍ പ്രദര്‍ശനങ്ങളും ഫോട്ടോഗ്രാഫി എക്‌സിബിഷനുകളും നടന്നു. ഇന്ത്യയിലെ ഇസ് ലാമിക സ്മാരകങ്ങളെക്കുറിച്ചുള്ള ഫോട്ടോഗ്രാഫി പ്രദര്‍ശനം വേറിട്ട അനുഭവമായി.
ഇന്ത്യന്‍ പരമ്പരാഗത ഫോക് ലോര്‍ നാടോടിനൃത്തങ്ങളുടെയും മറ്റും അവതരണവും നടന്നു. സാംസ്‌കാരിക വര്‍ഷാഘോഷങ്ങള്‍ മികച്ച ജനപങ്കാളിത്തത്താല്‍ ആകര്‍ഷകമായി. ബിഗ് ഫൈവ് റിയല്‍എസ്റ്റേറ്റ് പ്രദര്‍ശനത്തിലെയും മറ്റും ഇന്ത്യന്‍ പവലിയന്‍ ശ്രദ്ധേയമായി. 2022 ഫിഫ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടില്‍ ദോഹയില്‍ ഖത്തറും ഇന്ത്യയും ഏറ്റുമുട്ടിയ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കരുത്തരായ ഖത്തറിനെതിരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍, വിദേശകാര്യസഹമന്ത്രി വി.കെ.സിങ് ഉള്‍പ്പടെയുള്ളവര്‍ ഖത്തര്‍ സന്ദര്‍ശിക്കുകയും ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. ദോഹയില്‍ നടന്ന ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനത്തിലും ഇന്ത്യ പങ്കെടുത്തു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന്‍ അമൈസിങിന്റെ ആഭിമുഖ്യത്തില്‍ മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികള്‍ക്കായി പിച്ച് സജ്ജമാക്കി. സാവിത്രിഭായ് ഫുലെ പുനെ സര്‍വകലാശാല ഖത്തറില്‍ ബ്രാഞ്ച് തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ അമൂല്യ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനവും നടന്നു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മൈസൂര്‍ ഹമദ് തുറമുഖം സന്ദര്‍ശിച്ചു. ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ താരങ്ങളും മത്സരിക്കാനെത്തി. ഖത്തറിലേക്കുള്ള ഇന്ത്യന്‍കയറ്റുമതിയില്‍ വര്‍ധനവ്. ഇന്ത്യയിലെ ഏഴു ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങിയത് 2019ലായിരുന്നു. ന്യുഡല്‍ഹി, മുംബൈ, കൊച്ചി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഈ ഏഴു കേന്ദ്രങ്ങളുടെ ലക്ഷ്യം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഇന്ത്യയിലെ ഏഴു കേന്ദ്രങ്ങളില്‍ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും. ദ്രവീകൃത പ്രകൃതിവാതക മേഖലയില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം 2019ല്‍ കൂടുതല്‍ ശക്തമായി. ഖത്തര്‍ ഗ്യാസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പുതിയ പ്രകൃതിവാതക ടെര്‍മിനലായ ചെന്നൈയിലെ എന്നൂറിലേക്ക് ദ്രവീകൃത പ്രകൃതിവാതകം(എല്‍എന്‍ജി) കയറ്റി അയച്ചു. 1999 ജൂലൈ മുതല്‍ ഇന്ത്യയുമായി ശക്തമായ വ്യാപാരബന്ധമാണ് ഖത്തറിനുള്ളത്. ലോകത്തിലെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനിയായ ഖത്തര്‍ഗ്യാസ് ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ(എല്‍എന്‍ജി) 2000-ാമത് കാര്‍ഗോ വിജയകരമായി വിതരണം ചെയ്തു. 1,55,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള പരമ്പരാഗത എല്‍എന്‍ജി കപ്പലായ അസീമിലാണ് 2000-ാമത് എല്‍എന്‍ജി കാര്‍ഗോ ഇന്ത്യയില്‍ എത്തിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യവസായികളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിക്കുന്നു

സൊമാലിയക്ക് അടിയന്തരസഹായം