
ദോഹ: പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കുള്ള മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖത്തര്‍. അംഗപരിമിതര്‍ക്ക് ഏറ്റവും സ്വീകാര്യവും സുഗമമായ പ്രവേശം ഉറപ്പാക്കുന്നതുമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതില്‍ ഖത്തര്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ‘വീല്‍ ദി വേള്‍ഡ്’ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറിയിട്ടുണ്ട്. വൈകല്യമുള്ളവര്‍ക്കായി ടൂറിസം പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങളെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ട്രാവല്‍ കമ്പനിയാണിത്. 5ജിയുടെ സഹായത്തോടെ ഗൂഗിളിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന റെഡി ഡിജിറ്റല്വീല്ചെയര് ഊരിദൂ അവതരിപ്പിച്ചു.
എവിടെയായിരുന്നാലും ഖത്തറിനെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ അറിയാനും മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഖത്തറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, യാത്ര ആസൂത്രണം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന നിര്‍ദ്ദിഷ്ട ഗൂഗിള്‍ അസിസ്റ്റന്റ് ‘സാറാ’ സംവിധാനവും ഊരിദൂ അവതരിപ്പിച്ചു. ഖത്തറിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഊരിദൂ വീല്‍ ദി വേള്‍ഡുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്. വീല്‍ വേള്‍ഡുമായി പ്രവര്‍ത്തിക്കുന്നതിലും ഖത്തര്‍ എല്ലാവര്ക്കും പ്രാപ്യമാക്കുന്നതിന് ഗൂഗിള്‍ അസിസ്റ്റന്റ് എപിഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ഊരിദൂ കുവൈത്ത് സിഇഒ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. ലോകമെമ്പാടുമുള്ള വൈകല്യമുള്ളവരെ ഊരിദൂ, വീല്‍ ദി വേള്‍ഡ് ബ്രാന്‍ഡഡ് ബുക്കിംഗ് പോര്‍ട്ടല്‍ മുഖേന ഖത്തറിലെ സവിശേഷ അനുഭവങ്ങള്‍ ബുക്ക് ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനായി ബന്ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീല്‍ ദി വേള്‍ഡില്‍ നിന്നുള്ള സംഘം ഖത്തറിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ഊരിദൂ ഖത്തര്‍ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഫാത്തിമ സുല്‍ത്താന്‍ അല്‍കുവാരി പറഞ്ഞു. സംഘം നിരവധി ടൂറിസം കമ്പനികളെ സന്ദര്‍ശിക്കുകയും അംഗപരിമിതര്‍ക്ക് അത്തരം സ്ഥലങ്ങളില്‍ സ്വീകാര്യതയും സുഗമമായ പ്രവേശനവും ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഖത്തറിലെ നിരവധി ആകര്‍ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ വീല്‍ ദി വേള്‍ഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പുതിയ പങ്കാളിത്തത്തിലൂടെ, അധിക ആവശ്യങ്ങളുള്ള സന്ദര്‍ശകര്‍ക്കായി ഊരിദൂ ഖത്തറില്‍ സവിശേഷ അനുഭവങ്ങള്‍ സൃഷ്ടിക്കുകയും 5 ജി നെറ്റ്വര്ക്കും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുകയും ചെയ്യും. ഗൂഗിള്‍ അസിസ്റ്റന്റ് എപിഐ ഉപയോഗിച്ച് കമ്പനി ഒരു ബുക്കിംഗ് പോര്‍ട്ടലും പ്രീ-ട്രിപ്പ് വെര്‍ച്വല്‍ അസിസ്റ്റന്റും വാഗ്ദാനം ചെയ്യുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് അവരുടെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാനാകും. ഖത്തറിലെത്തുന്നതിനു മുമ്പോ ശേഷമോ ഡിജിറ്റല്‍ വീല്‍ചെയറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.