in , ,

പ്രഥമ ട്രാവല്‍ ആന്റ് ടൂറിസം എക്‌സ്‌പോ നവംബറില്‍

ദോഹ: ഖത്തര്‍ ട്രാവല്‍ മാര്‍ട്ട്(ക്യുടിഎം) 2020ന്റെ ഉദ്ഘാടന പതിപ്പ് ഈ നവംബറില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ കാര്‍മികത്വത്തിലാണ് ക്യുടിഎം. യാത്രാ വിനോദസഞ്ചാര മേഖലയില്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന വിപുലമായ എക്‌സ്‌പോയാണിത്. ഖത്തറിന്റെ വിനോദസഞ്ചാരമേഖലയെ പരിപോഷപ്പെടുത്തുന്നതിനും ടൂറിസം ഉത്പന്നങ്ങളിലും സേവനങ്ങളിലും വ്യവസായ നിക്ഷേപ അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ക്യുടിഎം. ജനങ്ങളെയും സ്ഥലത്തെയും സംസ്‌കാരത്തെയും കണ്ടെത്തുക എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യുടിഎം 2020ല്‍ പ്രധാന സര്‍ക്കാര്‍, പൊതുമേഖലാ അതോറിറ്റികള്‍, ആഭ്യന്തര, വിദേശ ടൂറിസം സ്ഥാപനങ്ങള്‍, യാത്രാ, ടൂറിസം പ്രൊഫഷണലുകള്‍ എന്നിവരുടെ പങ്കാളിത്തമുണ്ടാകും. വിനോദസഞ്ചാര മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. ടൂറിസം, യാത്രാ മേഖലകളിലെ വ്യവസായ പ്രൊഫഷണലുകള്‍ക്ക് വ്യവസായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു വേദിയും ക്യുടിഎം നല്‍കും. ഖത്തറിന്റെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാനപരമായ ഒരു മേഖലയായി ടൂറിസത്തെ അംഗീകരിച്ചിട്ടുണ്ട്. 80ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ഉള്‍പ്പെടെ വിനോദസഞ്ചാരം ഉയര്‍ത്താന്‍ ഖത്തര്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളും നടപടികളുമാണ് സ്വീകരിക്കുന്നത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം വിസ സൗകര്യത്തിന്റെ കാര്യത്തില്‍ ഖത്തര്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും തുറന്ന രാജ്യമായും ലോകത്തിലെ എട്ടാമത്തെ തുറന്ന രാജ്യമായും മാറിയിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖത്തര്‍.
ദേശീയ ടൂറിസം മേഖലയുടെ കര്‍മ്മപദ്ധതി 2030 അനുസരിച്ച് 2023ഓടെ ഖത്തര്‍ 5.6 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നു. 2028ഓടെ ടൂറിസം മേഖലയിലെ നിക്ഷേപം നാലു ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപിയില്‍ ടൂറിസം മേഖലയുടെ പങ്ക് 36.57 ബില്യണ്‍ ഡോളറിലെത്തും. 2022 ഓടെ 60,000 ഹോട്ടല്‍ മുറികള്‍ വേണമെന്ന ഫിഫയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തിലും പിന്തുണയിലും ക്യുടിഎം സംഘടിപ്പിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് നെക്സ്റ്റ്‌ഫെയേഴ്‌സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍കാബി പറഞ്ഞു. ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് 2020 ഈ മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യുടിഎം 2020ല്‍ ഏറ്റവും പുതിയ യാത്രാ, ടൂറിസം സാങ്കേതികവിദ്യയും ഹോസ്പിറ്റാലിറ്റി ഓട്ടോമേഷനും അവതരിപ്പിക്കും. ആഗോള യാത്രാ വ്യവസായ വിദഗ്ധര്‍ നൂതനവും കാലികവുമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും. ക്യുടിഎം 2020 ഖത്തറിലെ വളര്‍ന്നുവരുന്ന യാത്രാ, ടൂറിസം വ്യവസായത്തിലേക്ക് പുതിയ സാങ്കേതിക ദാതാക്കളെ അവതരിപ്പിക്കും. ക്യുടിഎം 2020 ന്റെ മറ്റൊരു പ്രത്യേകത ഹോസ്റ്റഡ് ബയര്‍ പ്രോഗ്രാമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് വിമാനത്താവളത്തിലെത്തിയത് 38.78 മില്യണ്‍ യാത്രക്കാര്‍

വെള്ളവും വൈദ്യുതിയും: സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് തുടക്കമായി