in

പ്രഥമ രാത്രി മാരത്തോണിനായി ദോഹ സജ്ജം

രാത്രി മാരത്തോണിനായി ദോഹ കോര്‍ണീഷ് സജ്ജമായപ്പോള്‍

ദോഹ: ഐഎഎഎഫ് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രാത്രി മാരത്തോണ്‍ ഇന്നു അര്‍ധരാത്രി 11.59ന് ദോഹ കോര്‍ണീഷില്‍ നടക്കും. കോര്‍ണീഷിലെ വാട്ടര്‍ഫ്രണ്ടിനെ ചുറ്റിയായിരിക്കും വനിതാ മാരത്തോണ്‍ താരങ്ങള്‍ ദീര്‍ഘദൂര ഓട്ടം പൂര്‍ത്തിയാക്കുക. കോര്‍ണീഷില്‍ എല്ലാ ഒരുക്കങ്ങളും തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കായികതാരങ്ങളുടെ ക്ഷേമത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് സംഘാടകര്‍ ഉറപ്പാക്കിയിട്ടുണ്ട്. വനിതാ മാരത്തോണ്‍ കായികപ്രമേകള്‍ക്ക് അവിസ്മരണീയമായ കായികാനുഭവമായിരിക്കും.

കൂടുതല്‍ മുന്‍കരുതലുകളും ആരോഗ്യസഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു. വനിതാ മാരത്തോണില്‍ 42.195 കിലോമീറ്റര്‍ ദൂരമാണ് പിന്നിടേണ്ടത്. വനിതകളുടെയും പുരുഷന്‍മാരുടെയും 50കിലോമീറ്റര്‍ നടത്തം നാളെയും പുരുഷന്‍മാരുടെ മാരത്തോണ്‍ ഒക്ടോബര്‍ അഞ്ചിനും നടക്കും. അത്‌ലറ്റുകളുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയും പ്രാധാന്യവുമാണ് നല്‍കുന്നതെന്ന് കോ പറഞ്ഞു.

എല്ലാ സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ മേല്‍നോട്ടവും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കുന്നുണ്ട്. എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പോള്‍ഡ റാഡ്ക്ലിഫും ഖത്തറിലെ ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു- ഇത് ഒരു എതിരാളിയുടെ കാഴ്ചപ്പാടില്‍ നിന്ന് ആവേശകരമാണ്, കാരണം ഇത് അദ്വിതീയമാണ്. കാണികളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമാകും.

കൂടാതെ ചില മികച്ച പ്രകടനങ്ങള്‍ കാണാന്‍ പോകുന്നു. മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വിജയകരമായ ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കാന്‍ ദോഹ നഗരത്തില്‍ എല്ലാമുണ്ട്- പോള്‍ഡ പ്രതികരിച്ചു. കോര്‍ണിഷില്‍ അമിരി ദിവാന് മുന്നില്‍ നിന്ന് തുടങ്ങി നഗരത്തിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ ഷെറാട്ടണ്‍ ദോഹയുടെ സ്ഥാനം വരെയാണ് റൂ്ട്ട് സജ്ജമാക്കിയിരിക്കുന്നത്. ഐഎഎഎഫ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന അധിക ലൈറ്റിങുകള്‍ ഇവിടങ്ങളില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ സൈനുല്‍ആബിദീനെ ആദരിച്ചു

ലോക അത്‌ലറ്റിക്‌സ് അഭിമാനപോരാട്ടത്തില്‍ പ്രതീക്ഷയോടെ ഖത്തര്‍