
ദോഹ: ഖത്തറിലെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ ഏഴു മുതല്‍ 18വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കും. 13 രാജ്യങ്ങളില്‍നിന്നുള്ള ബലൂണുകള്‍ ഖത്തറിന്റെ ആകാശത്ത് വിസ്മയകാഴ്ചകള്‍ സമ്മാനിക്കും.
കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ബലൂണ്‍ മേള. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ സംഗീതവും കുട്ടികള്‍ക്ക് വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. നിരവധി സ്റ്റാളുകളില്‍ ആസ്വാദ്യമായ ഭക്ഷണരുചി പരിചയപ്പെടുത്തും. സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സാണ് മേള സംഘടിപ്പിക്കുന്നത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എയര്‍വേയ്‌സ്, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഹെര്‍ട്ട്‌സ്, ഔറ ഹോസ്പിറ്റാലിറ്റി എന്നിവയുടെ സഹകരണവുമുണ്ട്.
മികച്ച അനുഭവമായിരിക്കും മേളയെന്ന് സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സ് സിഇഒ ക്യാപ്റ്റന്‍ ഹസന്‍ അല്‍മൗസാവി പറഞ്ഞു. ഇത്തരം പരിപാടികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പ്രതിനിധി ജവഹര്‍ അല്‍ഖുസൈ പറഞ്ഞു. ഖത്തറില്‍ നടക്കുന്ന നിരവധി വിനോദ പരിപാടികള്‍ക്ക് മുതല്‍കൂട്ടായിരിക്കും ഈ ബലൂണ്‍ മേള. ആസ്പയറിന്റെ വിനോദപരിപാടികളുടെ കലണ്ടറിലെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് മേളയെന്ന് ആസ്പയര്‍ സോണ്‍ ഇവന്റ്‌സ് ആന്റ് ഫെസിലിറ്റീസ് ഡയറക്ടര്‍ അബ്ദുള്ള അമാന്‍ അല്‍ഖാതിര്‍ പറഞ്ഞു.
ഖത്തറില്‍ ആദ്യമായി നടക്കുന്ന വ്യത്യസ്തമായ ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം അല്‍ഷാവ പറഞ്ഞു. അടുത്തിടെ യൂറോപ്പിലെ ബലൂണ്‍ കാര്‍ണിവലിന്റെ മുഖ്യആകര്‍ഷണമായി ഖത്തറിലെ ഹോട്ട് എയര്‍ബലൂണ്‍ മാറിയിരുന്നു. യൂറോപ്പിലെ പാര്‍ക്കുകളിലെ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള ഹോട്ട് എയര്‍ബലൂണുകള്‍ക്കിടയില്‍ ഖത്തറിലെ വ്യോമയാന വിദഗ്ദ്ധന്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍മൗസാവിയുടെ ബലൂണ്‍ അസ്ഫരി വേറിട്ട കാഴ്ചയായി. ഇംഗ്ലണ്ടിലെ ഓസ്വെസ്ട്രി ബലൂണ്‍ കാര്‍ണിവലിന്റെ ഭാഗമായി ലണ്ടന്‍ സ്‌കൈലൈനിന് മുകളിലൂടെ പറക്കുന്ന 20 വര്‍ണാഭമായ ബലൂണുകളിലൊന്നായിരുന്നു ഖത്തറിന്റെ ആദ്യ ഹോട്ട് എയര്‍ബലൂണ്‍.