
ദോഹ: മക്കയില്‍ ജിസിസി അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉന്നതതല കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കുവൈത്ത്, സൊമാലിയ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ പ്രധാനമന്ത്രി ഇരുവര്‍ക്കും കൈമാറി.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി മക്കയിലെ അല്‍ദിയാഫ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും കുവൈത്തും തമ്മിലുള്ള ബന്ധവും സഹകരണവും ഇരുവരും വിലയിരുത്തി. ജിസിസി ഉച്ചകോടി, അറബ് ഉച്ചകോടി, 14-ാമത് ഇസ്ലാമിക് ഉച്ചകോടി എന്നിവയുടെ അജണ്ടയിലെ സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.
കുവൈത്ത് നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ഗാനിം, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സബാഹ്, ധനകാര്യമന്ത്രി ഡോ.നായിഫ് അല്ഹജ്രഫ്, ഔഖാഫ് ഇസ്ലാമിക കാര്യ, മുനിസിപ്പല്‍ കാര്യമന്ത്രി ഫഹദ് അല്‍ഷൂല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സൊമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി ഫര്മജോയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഒമാന്‍ സുല്‍ത്താന്റെ ഉപദേഷ്ടാവ് ഷിഹാബ് ബിന്‍ താരിഖ് അല്സഈദുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും സഹകരണവും ഇരുവരും വിലയിരുത്തി.