വെയ്ല്‍ കോര്‍ണല്‍ മെഡിസിനും യുഎസ് കമ്പനിയും ധാരണയായി

ദോഹ: പ്രമേഹം നിയന്ത്രിക്കുന്ന പുതിയ മരുന്ന് വികസിപ്പിക്കുന്നതിനായി ഖത്തറിലെ പ്രമുഖ സര്‍വകലാശാല. ടൈപ്പ് രണ്ട് പ്രമേഹ ചികിത്സ, ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങളുടെ ചികിത്സ എന്നീ മേഖലകളില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പര്യാപ്തമായ ഗവേഷണത്തിനായി ഖത്തറിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനും(ഡബ്ല്യുസിഎം-ക്യു) യുഎസിലെ പ്രശസ്ത ബയോടെക്‌നോളജി കമ്പനി മൊഡേണയും സുപ്രധാനകരാറില്‍ ഒപ്പുവച്ചു. മസാച്യുസേറ്റ്‌സിലെ കാംബ്രിഡ്ജിലാണ് മൊഡേണ കമ്പനി പ്രവര്‍ത്തിക്കുന്നത്.
രക്തത്തിലെ കൊഴുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, രക്തധമനികളെ ഇതെങ്ങിനെ ബാധിക്കുന്നു തുടങ്ങിയവ സംബന്ധിച്ച ഡബ്ല്യുസിഎം-ക്യുവിലെ ഗവേഷക ഡോ. ഹനി നജാഫിയുടെ ഗവേഷണവും വിവിധ പഠനങ്ങളും കമ്പനി സ്‌പോണ്‍സര്‍ ചെയ്യും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമപ്പെടുത്തുന്നതിനുള്ള പുതിയ തെറാപ്പി സംബന്ധിച്ചതാണ് ഡോ. ഹനി നജാഫിയുടെ പഠന ഗവേഷണം. കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഉത് പാദിപ്പിക്കുന്നതും ഈ തെറാപ്പിയുടെ ഭാഗമാണ്.
എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെയും അളവ് ക്രമപ്രകാരമല്ലാത്ത അവസ്ഥ ഒരാളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കും. രണ്ട് തരത്തിലുള്ള ഈ കൊളസ്‌ട്രോളിന്റെയും അളവ് ക്രമപ്രകാരമല്ലാത്ത ഘട്ടത്തില്‍ ഒരാള്‍ പ്രമേഹ രോഗിയായി മാറാനിടയുണ്ട്. ഇത് അപകടകാരിയായ ടൈപ്പ് രണ്ട് പ്രമേഹത്തിനും തല്‍ഫലമായി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.
രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രണവിധേയമാക്കുന്ന തെറാപ്പി കൃത്യമായി പാലിച്ചാല്‍ കൊഴുപ്പന്റെ അളവ് കുറക്കുകയും രോഗിക്ക് ആരോഗ്യപ്രദമായ ജീവിതം നല്‍കുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യതയും കുറയും. മൈക്രോ ആര്‍എന്‍എയും മെസന്‍ഞ്ചര്‍ ആര്‍എന്‍എയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ തെറാപ്പിയാണ് ഡോ. നജാഫിയുടേത്.
ഡോ. നജാഫിയും മൊഡേണ കമ്പനിയുടെ ശാസ്ത്രഞ്ജരുടെയും നേതൃത്വത്തില്‍ ഈ ഗവേഷണങ്ങളും അതിന്റെ ഫലങ്ങളും വിലയിരുത്തി പ്രമേഹത്തിനുള്ള പുതിയ മരുന്ന് വികസിപ്പിക്കും. മൊഡേണ ലാബില്‍ വികസിപ്പിക്കുന്ന മരുന്ന് പിന്നീട് രോഗികളില്‍ പരീക്ഷിച്ച് അവരില്‍ ടൈപ്പ് ടു പ്രമേഹത്തിന്റെ അളവ് കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ജീന്‍തെറാപ്പി സംബന്ധിച്ച സുപ്രധാനമായ ശാസ്ത്രീയ പരീക്ഷണങ്ങള്‍ കരാറിന്റെ ഭാഗമാണ്.
ജീവിതശൈലി ആരോഗ്യകരമാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം സൃഷ്ടിക്കുകയുമാണ് പ്രമേഹം നിയന്ത്രിക്കാനുള്ള നല്ല വഴി. ആവശ്യമില്ലാത്ത കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കൂടിയാണിത്. 2010ലാണ് മൊഡേണ കമ്പനി സ്ഥാപിക്കപ്പെടുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസില്‍ കുറഞ്ഞ കാലംകൊണ്ട് മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇതിനകം കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.