Monday, January 20

പ്രമേഹത്തെ മറികടക്കാന്‍ കൂട്ടനടത്തം; പങ്കെടുത്തത് ആയിരങ്ങള്‍

Spread the love
ഇന്ത്യന്‍ മീഡിയാ ഫോറം അംഗങ്ങള്‍ കൂട്ടനടത്തത്തില്‍ പങ്കെടുത്തപ്പോള്‍

നൗഷാദ് പേരോട്
ദോഹ

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ (ക്യുഡിഎ) സംഘടിപ്പിച്ച വാര്‍ഷിക പ്രമേഹ കൂട്ടനടത്തത്തിലും വിവിധ കായിക പരിപാടികളിലും പങ്കെടുത്തത് ആയിരങ്ങള്‍. ഇന്നലെ ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ എജ്യൂക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കിലായിരുന്നു പരിപാടി. ‘നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരും പങ്കെടുത്തു.
പ്രമേഹം വരാതിരിക്കാന്‍ വീട്ടില്‍ നിന്നാണ് മുന്‍കരുതലുകള്‍ ആരംഭിക്കേണ്ടതെന്നും ടൈപ്പ്-2 പ്രമേഹത്തെ തടയുന്നതിനും എല്ലാതരം പ്രമേഹങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന പതിവ് വ്യായാമത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്്.
ഉച്ചക്ക് ഒരു മണിമുതല്‍ തന്നെ ഓക്‌സിജന്‍ പാര്‍ക്കിലേക്ക് ആളുകള്‍ എത്തിതുടങ്ങിയിരുന്നു. വൈകുന്നേരം നാലിനാണ് വാക്കതോണ്‍ ആരംഭിച്ചത്. ലോക പ്രമേഹ ദിനം എന്ന് എഴുതിയ വെള്ള നിറത്തിലുള്ള ടീഷര്‍ട്ടും തൊപ്പിയും പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്തു. ഇതിനായി പ്രത്യേക ബൂത്ത് തന്നെ തയ്യാറാക്കിയിരുന്നു. പ്രമേഹ പരിശോധനയും വിവിധ ബോധവത്കണ പരിപാടികളും ആളുകള്‍ക്ക് വളരെ ഉപകാരപ്രദമായി. പാര്‍ക്കില്‍ തയ്യാറാക്കിയ വിവിധ ആരോഗ്യ വകുപ്പുകളുടെ ബൂത്തുകള്‍ വഴിയാണ് പരിശോധനയും ബോധവത്കരണ ക്ലാസുകളും നല്‍കിയത്. സ്റ്റാളുകളോട് ചേര്‍ന്ന് നിര്‍മിച്ച വേദിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക വിനോദ പരിപാടികള്‍ അരങ്ങേറി. കൂട്ടമായുള്ള സ്റ്റാന്‍ഡ് സൈക്ലിങ് റൈഡിങും വേദികളിലെ ആഭ്യാസ പ്രകടനങ്ങളും കാണികളില്‍ ആവേശമുയര്‍ത്തി. വിവിധ പരിശീലകന്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യായാമത്തില്‍ പരിശീലനം നല്‍കി. പാശ്ചാത്തല സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാനുള്ള പ്രത്യേക പരിശീലന കേന്ദ്രവും നിരവധി പേരുടെ ആകര്‍ഷണം പിടിച്ചുപറ്റി.
ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് വാക്കത്തോണ്‍ ആരംഭിച്ചത്. ഓക്‌സിജന്‍ പാര്‍ക്കിലെ പ്രത്യേകം തയ്യാറാക്കിയ സ്റ്റാര്‍ട്ട് പോയിന്റില്‍ നിന്ന് ആരംഭിച്ച് മൈതാനം ചുറ്റി ഇതേ സ്ഥലത്തെ ഫിനിഷിങ് പോയിന്റില്‍ അവസാനിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും ഖത്തര്‍ ഡയബറ്റിസ് അസോസിയേഷനിലെ പ്രമുഖരും വാക്കത്തോണിന് നേതൃത്വം നല്‍കി. വിവിധ സംഘടനകളും സ്‌കൂളുകളും തങ്ങളുടെ ബാനറുകള്‍ക്ക്് പിന്നിലായാണ് അണിനിരന്നത്. ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, നാഷണല്‍ ഡയബറ്റിസ് സ്ട്രാറ്റജി, പബ്ലിക് ഹെല്‍ത്ത് മിനിസ്ട്രി, ഖത്തര്‍ മെറ്റബോളിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പുകയില നിയന്ത്രണ കേന്ദ്രം, ഹാര്‍ട്ട് ഹോസ്പിറ്റലിലെ കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ വിഭാഗം എന്നിവരുടെ സഹകരണത്തിലാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.