
പി.എച്.സി.സി പഞ്ചവത്സര പദ്ധതി പ്രഖ്യാപനചടങ്ങില്‍ ഡോ.ഹനാന്‍ അല്‍കുവാരി പങ്കെടുക്കുന്നു
ദോ: ഖത്തര്‍ പ്രാഥമികാരോഗ്യ സുരക്ഷാ കോര്‍പറേഷന്‍(പി.എച്.സി.സി) അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ അല്‍കുവാരിയുടെ സാന്നിധ്യത്തിലാണ് 2019 മുതല്‍ 2023 വരെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഖത്തറിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
‘നമ്മുടെ കുടുംബങ്ങള്‍ക്ക് ആരോഗ്യകരമായ ഭാവി’ എന്ന ആശയത്തില്‍ തയ്യാറാക്കിയ പദ്ധതി കുടുംബാരോഗ്യ മാതൃകാ സംരക്ഷണവും ആരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുക, ഉന്നത നിലവാരം പുലര്‍ത്തുന്ന പരിചരണം, ആശുപത്രി കേന്ദ്രീകരിച്ചുള്ള രോഗ പ്രതിരോധ നടപടികള്‍, വെല്‍നസ് ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയാണ് പഞ്ചവത്സര പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
മുന്‍ഗണനാ ക്രമത്തില്‍ ആറു മേഖലകള്‍, 20 തന്ത്രപ്രധാന ലക്ഷ്യങ്ങള്‍, 80 പ്രവര്‍ത്തന പരിപാടികള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച നിലവാരം പുലര്‍ത്തുന്ന കുടുംബാരോഗ്യ പരിചരണ രീതി, ആരോഗ്യ സംരക്ഷിക്കുന്നിതിനുള്ള മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, തൊഴിലാളി ശക്തി, രോഗിയും കുടുംബവും സമൂഹവും തമ്മിലുള്ള ശക്തമായ ബന്ധം, രോഗികളുടെ സുരക്ഷയും പരിചരണവും മെച്ചപ്പെടുത്തുന്നതിന് പ്രൈമറി കെയര്‍ സംവിധാനങ്ങളുടേയും കോര്‍പറേഷന്റെയും നിലവാരം മെച്ചപ്പെടുത്തല്‍, പ്രായോഗികവും നൂതനവുമായ സംഘടാനം എന്നിവയാണ് പഞ്ചവത്സര പദ്ധതി കേന്ദ്രീകരിക്കുന്ന ആറ് മേഖലകള്‍.
ആരോഗ്യമുള്ള കുട്ടികളും മുതിര്‍ന്നവരും, ആരോഗ്യവതികളായ സ്ത്രീകള്‍ ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നു, ആരോഗ്യവാന്‍മാരും സുരക്ഷിതരുമായ തൊഴിലാളികള്‍, മാനിസികാരോഗ്യവും നല്ല നിലയിലുള്ള ജീവിതവും, പഴകിയ രോഗാവസ്തയുള്ളവര്‍ക്ക് മികച്ച ആരോഗ്യ പരിചരണം, ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യവും സംതൃപ്തകരവുമായ ജീവിതം ഉറപ്പുവരുത്തല്‍, പ്രായവളര്‍ച്ചയിലൂന്നിയ ആരോഗ്യം എന്നീ ഏഴ് ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലക്ഷ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്.
പി.എച്.സി.സിയുടെ കഴിഞ്ഞ പഞ്ചവത്സര പദ്ധതിയിലെ 93 ശതമാനം ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കാലഘട്ടത്തിനനുസരിച്ച് സുരക്ഷിതവും സുസ്ഥിരവും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ പ്രൈമറി ഹെല്‍ത്ത് കെയര്‍ സേനവനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പുതിയ പഞ്ചവത്സര പദ്ധതിയെന്ന് ഡോ. ഹനാന്‍ അല്‍കുവാരി പറഞ്ഞു.