
ദോഹ: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനായി എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍(ഇഎഎ) ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ പുതിയ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു. ലോക നൂതന വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ച് ഇഎഎയുടെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമായി പ്രൈമറി പ്രായത്തിലുള്ള 59 ദശലക്ഷം കുട്ടികള്‍ സ്‌കൂളിനു പുറത്താണ്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുട്ടികള്‍ക്കായുള്ള വിവര നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറത്തുനില്‍ക്കുന്ന കുട്ടികളുടെ എണ്ണം യഥാര്‍ഥത്തില്‍ വളരെ വലുതാണെന്ന് ശൈഖ മൗസ ബിന്‍ത് നാസര്‍ ചൂണ്ടിക്കാട്ടി.
ഈ തടസങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പുതിയ കര്‍മ്മപദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഈ രാജ്യങ്ങളിലെ സ്‌കൂളിനു പുറത്തുള്ള കുട്ടികളുടെ എണ്ണം പൂജ്യത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇത് നിര്‍വഹിക്കുന്നതിലൂടെ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാനാകും- ശൈഖ മൗസ ചൂണ്ടിക്കാട്ടി. വൈസ് മജ്‌ലിസില്‍ ശൈഖ മൗസ സന്ദര്‍ശനം നടത്തി. പ്രോട്ടോടൈപ്പ് ക്ലാസ് റൂമിന്റെ ഔദ്യോഗിക അനാവരണവും അവര്‍ നിര്‍വഹിച്ചു. ഇവയുടെ നിര്‍മാണത്തിന് ഫണ്ട് ചെലവഴിക്കുന്ന ഇഎഎ ഫൗണ്ടേഷനും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ചേര്‍ന്നാണ്. 2022 ഫിഫ ലോകകപ്പില്‍ ഉപയോഗിക്കുന്ന ഇവ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഇഎഎ പദ്ധതികള്‍ക്ക് ലഭ്യമാക്കും.
രണ്ടു ദിവസമായി ദോഹയില്‍ തുടര്‍ന്നുവന്നിരുന്ന വൈസ് ഉച്ചകോടിയുടെ സമാപന ചടങ്ങിലും ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു. 100ലധികം രാജ്യങ്ങളിലെ 3000ഓളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇത്തവണത്തെ എഡീഷനില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 900 വിദ്യാര്‍ഥികളുടെ പങ്കാളിത്തവുമുണ്ടായി. വൈസ് ഉച്ചകോടിയിലെ ചര്‍ച്ചകളും സെഷനുകളും നൂറുമണിക്കൂറിലധികം നീണ്ടു. ട്വിറ്ററില്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം ട്വീറ്റുകളുണ്ടായി.