
ദോഹ: വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും സൂഖ് വാഖിഫില്‍ തുടക്കമായി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഗവേഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ പങ്കാളിത്തവും ഫെസ്റ്റിവലിനുണ്ട്. ഈ സീസണിലെ രണ്ടാമത് ഫെസ്റ്റിവലാണിത്. ഒക്ടോബര്‍ 26വരെ തുടരും. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും മറ്റു ദിവസങ്ങളില്‍ ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി ഒന്‍പതുവരെയുമാണ് പ്രവേശനം. ആദ്യ എഡീഷനില്‍ 46 പ്രാദേശിക ഫാമുകളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഇത്തവണ 56 പ്രാദേശിക ഫാമുകളും ഹസാദ് ഭക്ഷ്യകമ്പനിയും പങ്കെടുക്കുന്നു. കാഴ്ചയുടെ വ്യത്യസ്തയ്‌ക്കൊപ്പം രുചിയുടെ വൈവിധ്യവും സമ്മാനിക്കുന്നതാണ് മേള. വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുടെ ശേഖരം ഫെസ്റ്റിവലിലുണ്ട്.
ഈത്തപ്പഴക്കൃഷിക്കും ഈത്തപ്പഴങ്ങള്‍ക്കും രാജ്യം വലിയ പ്രാധാ്യം നല്‍കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികകാര്യവകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ഖുലൈഫി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പരിപാലിക്കുന്നതിന്റെ ഭാഗമായും സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഈത്തപ്പഴ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിധത്തിലാണ് വില ക്രമീകരിച്ചിരിക്കുന്നത്.
പ്രാദേശിക ഫാമുകളില്‍നിന്നും കമ്പനികളില്‍നിന്നുമാണ് ഫെസ്റ്റിവലിനായി ഈന്തപ്പഴം സൂഖ് വാഖിഫിലെത്തിക്കുക. പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഈത്തപ്പഴ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രതിവര്‍ഷം ഫാമുകളില്‍നിന്നും 10 മില്യണ്‍ റിയാല്‍ മൂല്യമുള്ള ഈത്തപ്പഴങ്ങളാണ് മന്ത്രാലയം വാങ്ങുന്നത്.