in ,

പ്രൊജക്ട് ഖത്തര്‍ 2019 ഏപ്രില്‍ 29 മുതല്‍; 50ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും

ദോഹ: പതിനാറാമത് രാജ്യാന്തര കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ആന്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍സ് എക്‌സിബിഷന്‍ (പ്രൊജക്ട് ഖത്തര്‍2019) ഏപ്രില്‍ 29 മുതല്‍ മേയ് ഒന്നു വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി 500ലധികം കമ്പനികളും പ്രദര്‍ശകരും പങ്കെടുക്കും.

34 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുടെയും അതോറിറ്റികളുടെയും ഏജന്‍സികളുടെയും പങ്കാളിത്തമുണ്ടാകും. ദേശീയ പവലിയനുകള്‍ ഉള്‍പ്പടെ ഇത്തവണയുണ്ടാകും. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണവുമുണ്ട്. ഖത്തറിന്റെ നിര്‍മാണമേഖലയുടെ വികസനത്തില്‍ സുപ്രധാന സംഭാവന നല്‍കാന്‍ പ്രൊജക്റ്റ് ഖത്തറിന് സാധിക്കുമെന്ന് സംഘാടകരായ ഐഎഫ്പി ഖത്തറിന്റെ ആക്ടിങ് ജനറല്‍ മാനേജര്‍ ഹൈദര്‍ മഷൈമേഷ് പറഞ്ഞു. നയതന്ത്രജ്ഞര്‍, വ്യാപാരികള്‍, പ്രാദേശിക-വിദേശ കമ്പനി പ്രതിനിധികള്‍ എന്നിവരുടെയെല്ലാം സാന്നിധ്യമുണ്ടാകും.

ഖത്തറില്‍ നടക്കുന്ന ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണ് പ്രൊജക്ട് ഖത്തര്‍. നിരവധി പ്രാദേശിക-അന്തര്‍ദേശീയ കമ്പനികളുടെ പങ്കാളിത്തമുണ്ടാകും. മേഖലയിലെയും ലോകത്തിലെയും ഏറ്റവും കൂടുതല്‍ സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യമാണ് ഖത്തര്‍. വ്യത്യസ്ത മേഖലകളില്‍ ഖത്തര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഖത്തര്‍ മാര്‍ക്കറ്റിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് പ്രൊജക്ട് ഖത്തറിലൂടെ ലക്ഷ്യമാക്കുന്നത്.

ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അടിസ്ഥാനമാക്കിയുള്ള വികസന കുതിപ്പില്‍ ചെറുകിട-ഇടത്തരം സംരംഭകരുടെ പങ്കാളിത്തം ഖത്തര്‍ താല്‍പര്യപ്പെടുന്നുണ്ട്. നിര്‍മാണ മേഖലയുമായി മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയുടെ ഭാഗമായിക്കൂടിയാണ് പ്രോജക്ട് ഖത്തര്‍ നടപ്പാക്കുന്നത്. 2004ലാണ് പ്രൊജക്റ്റ് ഖത്തറിനു തുടക്കംകുറിച്ചത്. ഖത്തറിലെ നിര്‍മാണമേഖലയുടെ ഭാവി എന്ന വിഷയത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ പ്രൊജക്റ്റ് ഖത്തറില്‍ നടക്കും. പുതിയ നിക്ഷേപ, വ്യവസായ പദ്ധതികളും അവസരങ്ങളും തുറന്ന് ലഭിക്കുന്നതായിരിക്കും പ്രദര്‍ശനം.പ്രൊജക്റ്റ് ഖത്തറില്‍ ഇന്ത്യന്‍ പവലിയനും

ദോഹ: പ്രൊജക്റ്റ് ഖത്തറില്‍ ഇന്ത്യന്‍ പവലിയനുമുണ്ടാകും. 34 അംഗ ഇന്ത്യന്‍ പ്രതിനിധിസംഘമാണ് പ്രൊജക്റ്റ് ഖത്തറില്‍ പങ്കെടുക്കുക. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ പ്രോത്സാഹന സംരംഭമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ(എഫ്‌ഐഇഒ) നേതൃത്വത്തിലായിരിക്കും ഇന്ത്യന്‍ പവലിയന്‍.

ഇന്ത്യയും മറ്റു രാജ്യങ്ങളുമായി വാണിജ്യ, വ്യവസായ, നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ എഫ്‌ഐഇഒ നിര്‍ണായകപങ്കാണ് വഹിക്കുന്നത്. പ്രൊജക്റ്റ് ഖത്തറിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്. നിര്‍മാണ ഉപകരണങ്ങള്‍, ഊര്‍ജ്ജം, ഹവാക്, സിറാമിക്‌സ്, ടൂള്‍സ്, സാനിറ്ററി വെയേഴ്‌സ്, മെഷീനറി ഉള്‍പ്പടെ വിവിധ നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തമുണ്ടാകും.

ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ സവിശേഷമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. അതോടൊപ്പം ഇന്ത്യയുടെ ഈ മേഖലകളിലെ ശേഷിയും മികവും പ്രകടമാക്കുന്നതായിരിക്കും പ്രദര്‍ശനം. ഖത്തരി കമ്പനികളുമായി പങ്കാളിത്ത സാധ്യതകള്‍ തുറക്കുന്നതിനും ഇന്ത്യന്‍ പവലിയന്‍ സഹായകമായിരിക്കും. എഫ്‌ഐഇഒ റീജിയണല്‍ ചെയര്‍മാന്‍ അശ്വനി കുമാറായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുക.

ഇന്ത്യാന ഗ്രാറ്റിങ്‌സ്, ഓസോണ്‍ ഹാര്‍ഡ്വെയര്‍, അക്രിസില്‍, റീന്‍ഹാര്‍ഡ്റ്റ് റോട്ടോ, വിക്ടര്‍ ഫോര്‍ജിങ്‌സ്, രാം രത്‌ന വയേഴ്‌സ്, ആല്‍ഫ ഒമേഗ, ക്ലീന്‍ കോട്ട്‌സ്, ഹൈഡക്‌സ് ഹൈഡ്രോളിക്‌സ്, എംഎല്‍ ടൂള്‍സ്, മോഹന്‍ മുത, സന്‍വ ഡയമണ്ട് ടൂള്‍സ്, സര്‍ഫസ് ഫിനിഷിങ് എക്യുപ്‌മെന്റ്‌സ് തുടങ്ങിയ കമ്പനികള്‍ പങ്കെടുക്കും.

നിരവധി ഖത്തരി വ്യാപാരികളും നിക്ഷേപകരും ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളില്‍ ഇന്ത്യ- ഖത്തര്‍ സാമ്പത്തിക, വാണിജ്യ വ്യാപാരം ശക്തിപ്പെട്ടുവരികയാണ്. 2018- 19(ഏപ്രില്‍-ജനുവരി) കാലയളവില്‍ ഖത്തറുമായുള്ള ഇന്ത്യയുടെ ആകെ വ്യാപാരം 10.42 ബില്യണ്‍ യുഎസ്‌ഡോളറാണ്. ഇതില്‍ ഖത്തറിലേക്കുള്ള കയറ്റുമതി 1.31 ബില്യണ്‍ ഡോളര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

അമീര്‍ കപ്പ് ഫൈനല്‍ അല്‍വഖ്‌റ സ്റ്റേഡിയത്തില്‍