
ദോഹ: ലോക ശുചീകരണ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ കാരിഫോര്‍, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവുമായി ചേര്‍ന്ന് ഒറ്റത്തവണ ഉപയോഗിക്കുന്ന(സിംഗിള്‍ യൂസ്) പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം തടയുന്നതിനായി പുതിയ കാമ്പയിന് തുടങ്ങി. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ലഘുലേഖകളും പുനരുപയോഗിക്കാവുന്ന ബാഗുകളും വിതരണം ചെയ്യുന്നുണ്ട്.
കാമ്പയിന് പ്രകാരം സെപ്തംബര്‍ മുതല്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച കാരിഫോര്‍ പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ചയായി ആചരിക്കും.
ക്യാഷ് കൗണ്ടറുകളില്‍ നിന്ന് ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി ഉപയോക്താക്കള്‍ക്ക് സൗജന്യ പരിസ്ഥിതി സൗഹൃദ ബാഗുകള്‍ വാഗ്ദാനം ചെയ്യും. പഴം പച്ചക്കറി വിഭാഗത്തില്‍ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പേപ്പര്‍ ബദലുകള്‍ ഉപയോഗിക്കും.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പാരിസ്ഥിതിക വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ബോധവല്‍ക്കരണ വിഭാഗം മേധാവി നവഫ് ഒമര്‍ ബഖമിസ് ചൂണ്ടിക്കാട്ടി.
കാരിഫോര്‍ പരിപാടിയിലെ മന്ത്രാലയത്തിന്റെ പങ്കാളിത്തം സിവില്‍ സൊസൈറ്റി സംഘടനകളുടെ പരിശ്രമങ്ങള്‍ക്കും പാരിസ്ഥിതിക സംരംഭങ്ങള്‍ക്കുമുള്ള പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു, പാരിസ്ഥിതിക ക്ഷേമം എല്ലാ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും സംയോജിത ഉത്തരവാദിത്തമാണ്.
പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉപയോഗിക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ പൊതുജനങ്ങളെ പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഇന്‍സ്പെക്ടര്‍മാരുടെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയെന്നതും ലക്ഷ്യം.
എല്ലാ ഉപഭോക്താക്കളെയും അവരുടെ പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ശേഖരിക്കുന്നതിന് ഓരോ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച സ്റ്റോറുകള്‍ സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായി കാരിഫോര്‍ കണ്ട്രി മാനേജര്‍ പറഞ്ഞു.