in

പൗരത്വവും മതവും തമ്മില്‍ കൂട്ടിക്കുഴക്കരുത്: കാതോലിക്ക ബാവ

വാര്‍ത്താസമ്മേളനത്തില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ സംസാരിക്കുന്നു

ദോഹ: പൗരത്വവും മതവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നും ഭരിക്കാനുള്ള അധികാരം രാജ്യത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും കര്‍ദിനാള്‍ മോറോന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. ഖത്തര്‍ റിലീജിയന്‍സ് കോംപ്ലക്‌സിലെ മലങ്കര കാതോലിക്ക ഇടവക കേന്ദ്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീജിയന്‍സ് കോംപ്ലക്‌സില്‍ ഇന്ന് നടക്കുന്ന വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ‘കൊയ്‌നോണിയ-2020’ല്‍ പങ്കെടുക്കാനായാണ് കാതോലിക്ക ബാവ ഖത്തറിലെത്തിയത്.
ഇന്ത്യാ മഹാരാജ്യത്തിന്റെ അടിത്തറ മതേതരത്വമാണ്. മതേതരത്വം എന്നത് മനുഷ്യത്വത്തില്‍ അടിസ്ഥാനപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഇതിനെതിരായി രാജ്യത്ത് നടക്കുന്ന ഏതൊരു നീക്കവും വിഭജനം സൃഷ്ടിക്കും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ഒരു തരം ഭയം ഉടലെടുത്തിട്ടുണ്ടെന്നും ഇതിന്റെ കാരണങ്ങള്‍ ചര്‍ച്ചകളിലൂടെയും മറ്റും മനസ്സിലാക്കി അധികാര കേന്ദ്രങ്ങള്‍ പുനര്‍വിചിന്തനം നടത്തണമെന്നും കാതോലിക്ക ബാവ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായ നടപടിയല്ല. ചര്‍ച്ചകള്‍ക്കും പ്രശ്‌ന പരിഹാരങ്ങള്‍ക്കും തയ്യാറാകാത്തത് രാജ്യത്തിന്റെ യഥാര്‍ഥ ആശയം മനസ്സിലാകാത്തതിനാലാണ്. ഇത്തരം നീക്കങ്ങള്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തിന്റെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൗജിഹാദ് സംബന്ധിച്ച് ഒരു ക്രിസ്ത്യന്‍ സഭ പുറത്തുവിട്ട അഭിപ്രായം നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കേണ്ട അവസരമല്ല ഇപ്പോഴത്തേത്. സഭ നിരവധി അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഒരു കാര്യം എന്ന നിലക്കാണ്് അതിനെ കാണേണ്ടത്. പക്ഷെ വേണ്ടതിലധികം പ്രാധാന്യം അതിന് കിട്ടുകയും വിവാദമാകുകയു ചെയ്തു. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ മറ്റ് വിഷയങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മ രൂപപ്പെടാത്തതിന് പിന്നില്‍ സ്വാര്‍ഥ താത്പര്യങ്ങളാണെന്നും വിഭാഗീയത മാറ്റാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും കാതോലിക്ക ബാവ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജിഷൂ മാത്യൂ, ഡോ.ഷാജി മാത്യൂസ് വാഴയില്‍, വര്‍ഗീസ് കൂത്തനേത്ത്, എബ്രഹാം നെടുവേലില്‍ എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊറോണ വൈറസ്; മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം

റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യന്‍ തീരദേശ സേന കപ്പല്‍ ദോഹയില്‍