
ദോഹ: വിവേചനത്തിനെതിരെ ഒരുമയുടെ ആഹ്വാനവുമായി ഖത്തറിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതി മാനവിക സംഗമം സംഘടിപ്പിച്ചു. വിവിധ സംഘടന നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്ത സംഗമം ഇന്ത്യയിലെ പുതിയ പൗരത്വ നിയമം രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഇന്ത്യന്‍ ദേശീയതയുടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ തകര്‍ക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതും നിഷേധിക്കുന്നതും ഭരണഘടനയുടെ മൗലിക തത്വമായ മതനിരപേക്ഷതക്ക് കടകവിരുദ്ധമാണ്. സമത്വത്തിനുളള അവകാശത്തെയാണ് അത് ലംഘിക്കുന്നതെന്നും മാനവിക സംഗമം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ഖത്തര്‍ കെ.എം.സി.സി സീനിയര്‍ വൈസ്പ്രസിഡന്റ് ഒ.എ കരീം അധ്യക്ഷത വഹിച്ചു.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി മുന്നേറുകയാണെന്നും അതിന് പ്രവാസ ലോകത്ത് നിന്നുളള പിന്തുണയാണ് ഈ സംഗമമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ: താജ് ആലുവ വിഷയമവതരിപ്പിച്ച് സംസാരിച്ചു. പൗരത്വ നിയമം രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും ഇത് ഒരു സമുദായത്തിന്റെ മാത്രം പ്രശനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.സി മാനേജ്‌മെന്റ് കമ്മിറ്റി അംഗം അഡ്വ. ജാഫര്‍ഖാന്‍, സി.ഐ.സി പ്രസിഡന്റ് കെ.സി അബ്ദുല്ലത്തീഫ്, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് അശ്‌റഫ് തൂണേരി, ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ്പ്രസിഡന്റ് സിറാജ് ഇരിട്ടി, യുവകലാ സാഹിതി ജനറല്‍ സെക്രട്ടറി ഇബ്രു ഇബ്രാഹിം, സോഷ്യല്‍ ഫോറം പ്രസിഡന്റ് കെ.സി മുഹമ്മദലി, വണ്‍ ഇന്ത്യ സെക്രട്ടറി ജീവന്‍ തോംസണ്‍, യൂണിറ്റി ഖത്തര്‍ പ്രസിഡന്റ് ഖലീല്‍, ഗേള്‍സ് ഇന്ത്യ പ്രതിനിധി ഫരീഹ അബ്ദുല്‍ അസീസ്, ഫരീദ് തിക്കോടി സംസാരിച്ചു. ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് കരിയാട് സ്വാഗതവും കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ പ്രമേയവതരണവും സമാപന പ്രസംഗവും നടത്തി. വണ്‍ ഇന്ത്യ കണ്‍വീനര്‍ ഷാജി ഫ്രാന്‍സിസ്, കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയേറ്റ് അംഗം സുഹൈല്‍ ശാന്തപുരം, ഇസ്്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം, സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് കടമേരി സംബന്ധിച്ചു. മുനുഷ് എ.സി. മുഹമ്മദ് റാഫി പരിപാടിക്ക് നേതൃത്വം നല്‍കി.