in

ഫത്ഹുല്‍ഖൈര്‍ യാത്രാസംഘം ദോഹയില്‍ മടങ്ങിയെത്തി

ഫത്ഹുല്‍ ഖൈര്‍ യാത്രാസംഘം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ നല്‍കിയ സ്വീകരണം

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ നാലാമത് ഫത്ഹുല്‍ഖൈര്‍ യാത്രാസംഘം ആദ്യഘട്ട വിദേശപര്യടനം പൂര്‍ത്തിയാക്കി ഖത്തറില്‍ മടങ്ങിയെത്തി. തുര്‍ക്കി, ഗ്രീസ്, അല്‍ബേനിയ, ക്രൊയേഷ്യ, മാള്‍ട്ട എന്നീ രാജ്യങ്ങളിലൂടെ എണ്‍പത് ദിവസത്തോളം നീണ്ട കടല്‍സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സംഘം ദോഹയില്‍ തിരിച്ചെത്തിയത്.

നാലാമത് യാത്രയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഫത്ഹുല്‍ ഖൈര്‍ ക്യാപ്റ്റന്‍ യൂസുഫ് മുഹ്മമ്മദ് അല്‍സദ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ ബാബിക് ഹാര്‍ബര്‍ തുറമുഖത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്. പതിനാറ് ഖത്തരി നാവികരാണ് പരമ്പരാഗത ഖത്തരി പായ്ക്കപ്പല്‍ യാത്രയിലുണ്ടായിരുന്നത്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും പതിനൊന്ന് തുറമുഖങ്ങളിലൂടെയായിരുന്നു യാത്ര.

ഗ്രീസില്‍ മൈക്കനോസ് തുറമുഖത്തിലും പിന്നീട് ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും കോര്‍ഫു തുറമുഖത്തിലും യാത്രക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കിയിരുന്നു. അല്‍ബേനിയയില്‍ തിരാന തുറമുഖത്തിലും സ്വീകരണമുണ്ടായിരുന്നു. തിരാനയില്‍ നിന്ന് ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റിലേക്കായിരുന്നു യാത്ര.

ആദ്യഘട്ട പര്യടനം മാള്‍ട്ടയിലാണ് അവസാനിപ്പിച്ചത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പങ്കെടുത്തു. മാള്‍ട്ടയില്‍ നിന്നും വിമാനമാര്‍ഗമെത്തിയ സംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയിരുന്നു. ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍.

സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയെന്നതും കൂടുതല്‍ പേരിലേക്ക് പ്രചാരണപരിപാടികള്‍ എത്തിക്കുകയെന്നതും യാത്രയിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഘട്ടമായാണ് യാത്ര.

രണ്ടാം ഘട്ടം 2020 ജൂണിനായിരിക്കും തുടങ്ങുക. ഫ്രാന്‍സ്, സ്‌പെയിന്‍ മുഖേനയാണ് യാത്ര. മൂന്നാം ഘട്ടം മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നിവിടങ്ങളിലൂടെയാണ് യാത്ര. പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്റെ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാലാമത് പ്രവാചക കവിതാമത്സരം: വിജയികളെ പ്രഖ്യാപിച്ചു

ലുലു ഔട്ട്‌ലെറ്റുകളില്‍ 10/15/20/30 പ്രമോഷന്‍ തുടരുന്നു