in ,

ഫത്ഹുല്‍ഖൈര്‍ യാത്രക്ക് തിരാനയില്‍ ആവേശകരമായ സ്വീകരണം

ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് തിരാനയില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തില്‍ നിന്ന്

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ നാലാമത് ഫത്ഹുല്‍ഖൈര്‍ അല്‍ബേനിയയില്‍. തിരാന തുറമുഖത്തില്‍ പരമ്പരാഗത പായ്ക്കപ്പല്‍ യാത്രക്ക് ആവേശകരമായ വരവേല്‍പ്പാണ് ഒരുക്കിയത്. തിരാനയിലെ ഇസ്‌കന്‍ദര്‍ ബിക് സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന സ്വീകരണചടങ്ങില്‍ അല്‍ബേനിയയിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഹമദ് അല്‍മര്‍റി, തിരാന മുനിസിപ്പാലിറ്റി മേയര്‍ അരിയോണ്‍ വെല്‍ജെയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തരി പായ്ക്കപ്പലിന്റെ ക്യാപ്റ്റന്‍ യൂസുഫ് മുഹമ്മദ് അല്‍സദക്കും പതിനഞ്ച് നാവികര്‍ക്കും അതിഥികള്‍ക്കുമായി അത്താഴവിരുന്നും ഒരുക്കിയിരുന്നു. അല്‍ബേനിയയിലെ കുവൈത്ത് അംബാസഡര്‍ ഫായെസ് മിസ്ഹരി അല്‍ജാസിം പങ്കെടുത്തു. യാത്രയോടനുബന്ധിച്ച് തിരാനയിലെ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ പ്രത്യേക ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു.

2022 ഫിഫ ലോകകപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും മറ്റു സാംസ്‌കാരിക സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഗ്രീസിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര അല്‍ബേനിയയിലെത്തിയത്.

ഗ്രീസില്‍ കോര്‍ഫു തുറമുഖത്തിലാണ് കത്താറയുടെ പരമ്പരാഗത പായ്ക്കപ്പല്‍ അവസാനമായെത്തിയത്. മൈക്കനോസ് തുറമുഖത്തിലും പിന്നീട് ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലും യാത്രക്ക് ആവേശകരമായ വരവേല്‍പ്പ് നല്‍കിയിരുന്നു. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ ബാബിക് ഹാര്‍ബര്‍ തുറമുഖത്തുനിന്നായിരുന്നു യാത്ര തുടങ്ങിയത്.

പതിനാറ് ഖത്തരി നാവികരാണ് പരമ്പരാഗത ഖത്തരി പായ്ക്കപ്പല്‍ യാത്രയിലുള്ളത്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും പതിനൊന്ന് തുറമുഖങ്ങളിലൂടെയാണ് യാത്ര വിഭാവനം ചെയ്തിരുന്നത്. തിരാനയില്‍ നിന്ന് ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റിലേക്കുമായിരിക്കും യാത്ര. തുടര്‍ന്ന് ഇറ്റലിയിലെ പഗ്‌ലിയയിലേക്കാണ് യാത്ര.

ആദ്യഘട്ട യാത്ര ഇറ്റലിയില്‍ അവസാനിക്കും. ഇസ്താന്‍ബുളില്‍ നിന്നും ജിയോണ, മോണ്ടികാര്‍ലോ, നൈസ്, കാന്‍സ്, മാാര്‍സെയ്ല്ലിയസ്, സ്പപെയിനിലെ ബാര്‍സലോണ, മൊറോക്കോയിലെ ടാങ്ഗിയര്‍, അള്‍ജീരിയ, ടുണീഷ്യ എന്നിവയിലൂടെ യാത്ര തുടരും.

ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ചരിത്രയാത്രയാണ് ഫത്ഹുല്‍ ഖൈര്‍. സമുദ്രായനമേഖലയില്‍ ഖത്തറിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷം: ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം കത്താറയില്‍

അധ്യയനവര്‍ഷം സ്‌കൂളുകളിലേക്കെത്തിയത് 3.15 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍