
ദോഹ: ഖത്തര്‍ മ്യൂസിയംസ് സംഘടിപ്പിക്കുന്ന നാലാമത് വാര്‍ഷിക ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് കലാപ്രദര്‍ശനത്തിന് തുടക്കമായി. ഖത്തറിലെ പ്രതിഭാധനരായ യുവകലാകാരന്‍മാരുടെയും കലാകാരികളുടെയും സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

അനന്തമായ അളവുകള്‍ എന്ന പ്രമേയത്തിലാണ് ഇത്തവണ പ്രദര്‍ശനം. ഫയര്‍സ്റ്റേഷന്റെ ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സുടെ ഭാഗമായ 19 കലാപ്രതിഭകള്‍ തങ്ങളുടെ റസിഡന്‍സി കാലയളവില്‍ തയാറാക്കിയ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡോ.ബഹാ അബുദയാ, സെയ്ദ അല്‍ഖുലൈഫി എന്നിവരാണ് പ്രദര്‍ശനം ക്യുറേറ്റ് ചെയ്യുന്നത്.

ഗ്യാരേജ് ഗ്യാലറിയില്‍ 700 സ്‌ക്വയര്‍മീറ്ററിലായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം സെപ്തംബര്‍ ഒന്നുവരെ തുടരും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രദര്‍ശനം.
അനന്തമായ അളവുകള്‍ ഖത്തറിന്റെ സര്‍ഗാത്മക സമൂഹത്തിന്റെ ലോകോത്തര കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം കലാകാരന്‍മാര്‍ക്ക് അവരുടെ മികവുകള്‍ വികസിപ്പിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഉദാഹരണമാണെന്നും ഫയര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ഖലീഫ അല്‍ഉബൈദ്‌ലി പറഞ്ഞു.

സ്പഷ്ടമായ സ്‌പെക്ട്രങ്ങള്‍, ചിന്തകളുടെ അഗ്രം, ദൃശ്യ ഗോളം എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ഖത്തറിലെ പത്തു പേരുടെയും ജോര്‍ദ്ദാനിലെയും അമേരിക്കയിലെയും രണ്ടുപേരുടെയും ഇറ്റലി, ഈജിപ്ത്, പാകിസ്താന്‍, ഫ്രാന്‍സ്, സഊദി അറേബ്യ എന്നിവിടങ്ങളിലെ ഓരോരുത്തരുടെയും കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.
ഖത്തറില്‍ നിന്ന് ശൈഖ ജാസിം അല്‍ഹര്‍ദാന്‍, സാറ ഹസന്‍ അല്‍അന്‍സാരി, മുഹമ്മദ് ഫരാജ് അല്‍സുവൈദി, അബ്ദുല്ല നാജിബ് അല്‍കുവാരി, മറിയം മസൂദ് അലമേരി, നയ്‌ല അല്‍മുല്ല, ഫൈസല്‍ റാഷിദ് അല്‍ഹജ്‌രി, ലുലുവ അല്‍സുലൈത്തി, സാറ അഹമ്മദ് അല്‍ഫദാഖ്, റൗദ അബ്ദുല്‍അസീസ് എം.എ.അല്‍ഖൗരി, ജോര്‍ദ്ദാനിലെ അലാ ബത്ത, ഹസന്‍ മനസ്ര, അമേരിക്കയിലെ മൈക്കിള്‍ പിറോണി, ജെസ്സി പയ്‌നെ, സഊദിയിലെ നൂര്‍ബാനു ഫിറാസ് അല്‍ഹിജൈസി, ഇറ്റലിയിലെ ഫെഡറിക വിസാനി, ഫ്രാന്‍സിലെ ഗ്വില്ലൗമെ ക്ലൗഡെ ഫെലിസീന്‍ റൗസരെ പാകിസ്താനിലെ സിദ്ര സുബൈരി, ഈജിപ്തിലെ ഇമാന്‍ മാലിക്കി തുടങ്ങിയവരുടേതാണ് കലാസൃഷ്ടികള്‍. ഫയര്‍ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ താമസിച്ചു ചിത്രരചന നടത്തിയവരാണ് ഇവര്‍. 2015ലാണ് ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
ഇവിടെയുള്ള 20 സ്റ്റുഡിയോകളില്‍ ഒന്‍പതു മാസം താമസിച്ചാണ് ചിത്രം വര ഉള്‍പ്പടെ കലാസൃഷ്ടികളുടെ നിര്‍മാണത്തിലേര്‍പ്പെടേണ്ടത്. ഫയര്‍സ്റ്റേഷനില്‍ താമസിച്ച് സ്റ്റുഡിയോ സൗകര്യം പ്രയോജനപ്പെടുത്തി കലാസൃഷ്ടികള്‍ വരയ്ക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതിനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.
കൂടാതെ മാസം നിശ്ചിത തുക സ്റ്റൈപ്പന്റും ലഭിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കലാപ്രതിഭകള്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ ക്ഷണപ്രകാരം എത്തുന്ന ലോകപ്രശസ്ത ആര്‍ട്ടിസ്റ്റുകള്‍, കുറേറ്റര്‍മാര്‍, കലാചരിത്രകാരന്‍മാര്‍ തുടങ്ങിവരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് പദ്ധതിയുമായി സഹകരിക്കാന്‍ ഒട്ടനവധി ആര്‍ട്ടിസ്റ്റുകളുടെ അപേക്ഷകളാണ് ലഭിച്ചത്.
ഇതില്‍ നിന്നാണ് വിദഗ്ദ്ധ ജൂറി യോഗ്യരായവരെ തിരഞ്ഞടുത്തത്. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, പെയിന്റിങ്, ശില്‍പ്പകല തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരാണിവര്‍. ഇവര്‍ തങ്ങളുടെ റസിഡന്‍സി കാലയളവില്‍ തയാറാക്കിയ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.