in , , , ,

ഫയര്‍‌സ്റ്റേഷനില്‍ മുഹമ്മദ് ഫരാജിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം തുടങ്ങി

ദോഹ ഫയര്‍ സ്റ്റേഷന്‍ മുഹമ്മദ് ഫരാജിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തില്‍ നിന്ന്

ദോഹ: ഖത്തരി കലാകാരനും ആര്‍ക്കിടെക്റ്റും ആനിമേറ്ററും ഡിസൈനറുമായ മുഹമ്മദ് ഫരാജ് അല്‍സുവൈദിയുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ദോഹ ഫയര്‍സ്‌റ്റേഷനില്‍ തുടങ്ങി. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ എന്നാണ് പ്രദര്‍ശനത്തിനു നാമകരണം ചെയ്തിരിക്കുന്നത്. ജനുവരി എട്ടിനു തുടങ്ങിയ പ്രദര്‍ശനം ഫെബ്രുവരി എട്ടുവരെ തുടരും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴുവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചക്കുശേഷം ഒന്നര മുതല്‍ ഏഴുവരെയുമായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം.
ഫയര്‍‌സ്റ്റേഷന്റെ ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സുടെ ഭാഗമായി മൂന്നു മാസം ന്യുയോര്‍ക്കിലെ മാന്‍ഹട്ടണില്‍ താമസിച്ചുകൊണ്ട് തയാറാക്കിയ കലാസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാന്‍ഹട്ടണിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡിയോ ആന്റ് ക്യുറട്ടോറിയല്‍ പ്രോഗ്രാമി(ഐസ്‌സിപി)ലായിരുന്നു മുഹമ്മദ് ഫരാജ് കലാപ്രവര്‍ത്തനം നടത്തിയത്. ഡിജിറ്റല്‍ പ്രിന്റുകളുടെ ഒരു ശ്രേണി തന്നെ പ്രദര്‍ശനത്തിലുണ്ട്.

മുഹമ്മദ് ഫരാജ് അല്‍സുവൈദി


ന്യുയോര്‍ക്കിലുടനീളം പകര്‍ത്തി ത്രീഡി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാറ്റംവരുത്തിയാണ് കലാസൃഷ്ടികള്‍ തയാറാക്കിയത്. റസിഡന്‍സി പ്രോഗ്രാമിലെ തന്റെ സമ്പന്നമായ അനുഭവം എടുത്തുകാണിക്കുന്നതാണ് പ്രദര്‍ശനമെന്ന് മുഹമ്മദ് ഫരാജ് അല്‍സുവൈദി പറഞ്ഞു. പ്ലിമൗത്ത് സര്‍വകലാശാലയില്‍ നിന്ന് വാസ്തുവിദ്യയില്‍ ബി.എയും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് വാസ്തുവിദ്യയില്‍ എം.എ നേടിയിട്ടുണ്ട് മുഹമ്മദ് ഫരാജ്. ഖത്തറിലെ വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഖത്തര്‍ മ്യൂസിയംസ്. ഇതിന്റെ ഭാഗമായാണ് ന്യുയോര്‍ക്കില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡിയോ ആന്റ് ക്യുററ്റോറിയല്‍ പ്രോഗ്രാമില്‍(ഐഎസ്‌സിപി) കലാപ്രവര്‍ത്തനം നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം ലഭ്യമാക്കുന്നത്. 2015ലാണ് ദോഹ ഫയര്‍‌സ്റ്റേഷനില്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ദോഹയിലേതിനു തുടര്‍ച്ചയെന്ന നിലയിലാണ് ഖത്തര്‍ മ്യൂസിയംസ് ഫയര്‍‌സ്റ്റേഷന്റെ കീഴില്‍ പാരീസ് റസിഡന്‍സിയും പിന്നീട് ന്യുയോര്‍ക്ക് റസിഡന്‍സിയും നടപ്പാക്കിയത്.
മൂന്നുമാസം ഫയര്‍‌സ്റ്റേഷന്‍ കലാകേന്ദ്രത്തില്‍ താമസിച്ച് കലാപ്രവര്‍ത്തനം നടത്തുകയെന്ന ദൗത്യമാണ് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഉത്തരവാദിത്വം. ന്യുയോര്‍ക്കില്‍ താമസിച്ച് പഠിക്കുന്നതിനും കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനുമുള്ള ഭാഗ്യം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. സ്റ്റുഡിയോ സ്ഥലം, മ്യൂസിയങ്ങള്‍, ഗ്യാലറികള്‍ എന്നിവയില്‍ പ്രവേശനം ലഭിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്‍മാരുമായി ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ട്.
ഇത്തരത്തില്‍ ലഭിച്ച അവസരം പ്രയോനപ്പെടുത്തി മുഹമ്മദ് ഫരാജ് ഒരുക്കിയ സൃഷ്ടികളുടെ പ്രദര്‍ശനമാണ് ഫയര്‍‌സ്റ്റേഷനില്‍ തുടരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇ-മാലിന്യ അപകടങ്ങള്‍: എച്ച്എംസി സമ്മേളനം ഫെബ്രുവരിയില്‍

അല്‍ഖന്‍സ വിദ്യാര്‍ഥികള്‍ അല്‍വതിയ്യത്ത് ഇന്റര്‍ചേഞ്ചില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു