
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഗസ മുനമ്പിലെയും വെസ്റ്റ്ബാങ്കിലെയും എല്ലാ ഗവര്‍ണറേറ്റുകളിലും അനാഥരുടെ കുടുംബങ്ങള്‍ക്കും ആവശ്യം അര്‍ഹിക്കുന്നവര്‍ക്കും ശൈത്യകാല സഹായം വിതരണം ചെയ്തു. ഫലസ്തീന്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സഹായം എത്തിച്ചത്. ഖത്തര്‍ ചാരിറ്റിയുടെ ഊഷ്മളതയും സമാധാനവും എന്ന പേരിലുള്ള ശൈത്യകാല കാമ്പയിന്റെ ഭാഗമായാണ് സഹായവിതരണം. അനാഥരുടെ കുടുംബങ്ങള്‍ക്ക് 2,410 പുതപ്പുകളും ഖത്തര്‍ ചാരിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 958 അനാഥര്‍ക്ക് വസ്ത്രങ്ങളും ലഭ്യമാക്കി. ശൈത്യകാല സഹായത്തിന്റെ ഭാഗമായി താപ ആവശ്യങ്ങള്‍ക്കായി 20,000ലധികം ലിറ്റര്‍ ഡീസല്‍ വിതരണം ചെയ്തു.
റാമല്ലയിലെയും അല്‍ബിര, നബ്‌ലസ്, ജെറികോ ഗവര്‍ണറേറ്റുകളിലെയും അല്‍ഖുദ്‌സിന്റെ പ്രാന്തപ്രദേശങ്ങളിലെയും 500പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അനാഥരുടെ 350 കുടുംബങ്ങള്‍ക്കായി ഗ്യാസ് ഹീറ്ററുകളും വിതരണം ചെയ്തു. ഗസ മുനമ്പില്‍ 716 കുടുംബങ്ങള്‍ക്ക് ബ്ലാങ്കറ്റുകളും റൂഫ് കവറുകളും വിതരണം ചെയ്തു. ഗസയിലെ ഖത്തര്‍ ചാരിറ്റിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ 2,70,000 റിയാല്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഫലസ്തീന്‍ ജനത നിലവില്‍ വളരെ പ്രശ്നകരമായ സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ സഹായം ലഭ്യമാക്കേണ്ടത് സുപ്രധാനമാണെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.