
ദോഹ: ഒരേ യാത്രയില്‍ ലോകത്തെ രണ്ടു പ്രധാന കൊടുമുടികള്‍ കീഴടക്കി ചരിത്രം സൃഷ്ടിച്ച ഖത്തരി യുവ സാഹസികന് ഫഹദ് ബാദര്‍ മറ്റൊരു വെല്ലുവിളി കൂടി ഏറ്റെടുക്കാനൊരുങ്ങുന്നു. അന്റാര്‍ട്ടിക്കിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ വിന്‍സണ്‍ കീഴടക്കാനൊരുങ്ങുകയാണ് ഫഹദ് ബാദര്‍.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റും ഏറ്റവും ഉയരംകൂടിയ നാലാമത്തെ കൊടുമുടിയായ ലോട്സെയും ഒരേ യാത്രയില്‍ ഫഹദ് ബാദര്‍ കീഴടക്കിയിരുന്നു. വിവിധ മേഖലകളില്‍ പ്രത്യേകിച്ചും കായികമേഖലയില്‍ ഖത്തര്‍ കൈവരിക്കുന്ന നേട്ടങ്ങളില്‍ ഏറ്റവും സുപ്രധാനമായിരുന്നു ഇത്. എവറസ്റ്റും ലോട്സെയും ഒരേ യാത്രയില്‍ കീഴടക്കുന്ന ആദ്യ അറബ് സ്വദേശി ഫഹദ് ബാദറാണ്.
എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന രണ്ടാമത്തെ ഖത്തരിയാണ് ഫഹദ്. 24 മണിക്കൂര്‍ സമയത്തിലാണ് ഫഹദ് ഈ രണ്ടു കൊടുമുടികളും കീഴടക്കി ചരിത്രത്തില്‍ പ്രവേശിച്ചത്. രണ്ടു കൊടുമുടികളുടെയും ഉന്നതിയില്‍ ഖത്തറിന്റെ പതാകയും ഉയര്‍ത്തി. ആഗസ്തില്‍ ഫഹദ് ബാദര്‍ ബ്ലാങ്ക് കൊടുമുടിയും ആല്‍പ്സിലെ മാറ്റര്‍ഹോണും കീഴടക്കി. ഇതിന്റെ പിന്നാലെയാണ് ഫഹദ് അടുത്ത ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ലോകത്തിലെ ഏഴു കൊടുമുടികളില്‍ ഏറ്റവും റിമോട്ടായ ഈ കൊടുമുടി കീഴടക്കുന്നതിനുള്ള ദൗത്യം ഡിസംബറിലായിരിക്കും. ഖത്തര്‍ ദേശീയ ദിനത്തിലായിരിക്കും പര്യടനം തുടങ്ങുക. ഡിസംബര്‍ അവസാനത്തോടെ ദക്ഷിണ ധ്രുവത്തിന്റെ മധ്യത്തിലെത്താനാകുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം ജനുവരിയിലെ ആദ്യആഴ്ചയില്‍ വിന്‍സണ്‍ കൊടുമുടിയുടെ ഉച്ചകോടിയിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊമേഴ്സ്യല്‍ ബാങ്കിന്റെ രാജ്യാന്തര ബാങ്കിങ് വിഭാഗത്തിലെ എക്സിക്യുട്ടീവ് ജനറല്‍ മാനേജറാണ് ഫഹദ് ബാദര്‍. വെല്ലുവിളികളെയും സാഹസികതയെയും ഇഷ്ടപ്പെടുന്ന ഫഹദ് അന്റാര്‍ട്ടിക്കയിലെ കൊടുമുടിയിലും ഖത്തറിന്റെ പതാക ഉയര്‍ത്താനൊരുങ്ങുന്നു.
1966നുശേഷം ഏകദേശം 1200ഓളം പേര് വിന്‍സണ്‍ കൊടുമുടി കീഴടക്കിയിട്ടുണ്ട്. ദക്ഷിണധ്രുവത്തില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന വിന്‍സണ്‍ മാസിഫ് കൊടുമുടിക്ക് 4892 മീറ്റര്‍ ഉയരവും 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയുമുണ്ട്.
എല്സ്വര്ത്ത് പര്‍വ്വതനിരയുടെ ഭാഗമാണിത്. 1957-ല്‍ ഒരു അമേരിക്കന്‍ നാവിക വിമാനമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. അന്റാര്‍ട്ടിക്കാ ഗവേഷണങ്ങള്‍ക്ക് പണം വകയിരുത്തുന്നതിനെ പിന്തുണച്ചിരുന്ന അമേരിക്കന്‍ കോണ്‍ഗ്രസംഗം കാള്‍ വിന്‍സണിന്റെ പേരാണ് പര്‍വ്വതത്തിനു നല്‍കിയത്. 1966-ല്‍ നിക്കൊളസ് ക്ലിഞ്ചും സംഘവും ആദ്യമായി പര്‍വ്വതത്തില്‍ കയറി.