
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ മൂന്നാമത് രാജ്യാന്തര വേട്ട, ഫാല്‍ക്കണ്‍ മേള സുഹൈല്‍ 2019 സന്ദര്‍ശിച്ചത് ആയിരങ്ങള്‍. വെള്ളി, ശനി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സുഹൈല്‍ പ്രദര്‍ശനം ഇന്നലെ സമാപിച്ചു.കഴിഞ്ഞദിവസങ്ങളില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സുഹൈല്‍ സന്ദര്‍ശിച്ചു.

അമീരി ദിവാന്‍ സ്‌പെഷ്യല്‍ ചീഫ് ഖാലിദ് ബിന്‍ ഷഹീദ് അല്‍ഗാനിം, മുസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് തുര്‍ക്കി അല്‍സുബൈ, അമീറിന്റെ പ്രതിരോധകാര്യങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ഹമദ് ബിന്‍ അല്‍അത്തിയ്യ, ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍താനി, ശൈഖ് ഹമദ് ബിന്‍ സുഹൈം അല്‍താനി, സാംസ്‌കാരിക, കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി, വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ജോര്‍ദാന്‍ അംബാസഡര്‍ സയിദ് അല്‍ ലസ്വി, യുകെയിലെ ഖത്തര്‍ അംബാസഡര്‍ യൂസുഫ് ബിന്‍ അലിഅല്‍ഖാതിര്‍, ഒമാന്‍ അംബാസഡര്‍ നാജിബ് യഹിയ അല്‍ബലൂഷി, കുവൈത്ത് അംബാസഡര്‍ ഹാഫിത് മുഹമ്മദ് അല്‍അജ്മി, മൊറോക്കോ അംബാസഡര്‍ മുഹമ്മദ് സിത്‌രി, തുര്‍ക്കിഷ് അംബാസഡര്‍ ഫിക്രത് ഒസര്‍, സിറിയന്‍ അംബാസഡര്‍ നിസാര്‍ അല്‍ഹിരാകി, ഫിലിപ്പൈന്‍സ് അംബാസഡര്‍ അലന്‍ തിംബയാന്‍, ഓസ്‌ട്രേലിയ അംബാസഡര്‍ ജൊനാഥന്‍ മുയിര്‍ എന്നിവര്‍ സുഹൈല്‍ സന്ദര്‍ശിച്ചു.

വിസ്ഡം സ്‌ക്വയറില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ വേദിയിലാണ് സുഹൈല്‍ പ്രദര്‍ശനം ഒരുക്കിയത്.രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും സംസ്‌കാരവുമാണ് സുഹൈലില്‍ പ്രതിഫലിക്കുന്നത്. സംസ്‌കാരം വേറിട്ടതും വൈവിധ്യമാര്‍ന്നതുമായ രീതിയില്‍ രാജ്യാന്തരലോകത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ് സുഹൈല്‍ പ്രദര്‍ശനത്തിലൂടെ കത്താറ.
ഖത്തര്‍ പൈതൃകത്തെയും തനിമയെയും കാന്‍വാസുകളിലേക്ക് പകര്‍ത്തുന്ന ചിത്രകാരന്‍മാരുടെ പങ്കാളിത്തവും മേളയുടെ മാറ്റുകൂട്ടുന്നു. ഖത്തറിന്റെ ആതിഥേയത്വം അനുഭവിച്ചറിയുന്നതിനും പരമ്പരാഗത ഭക്ഷണരുചി ആസ്വദിക്കുന്നതിനും അവസരമൊരുക്കിയിരുന്നു.സൗജന്യ കുടിവെള്ള വിതരണവും വിവിധ ഭാഗങ്ങളിലായി ഖഹ്വ, കാപ്പി എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും മേളയില്‍ പങ്കെടുക്കാന്‍ രാജ്യാന്തര സംരംഭങ്ങളെത്തിയത് സുഹൈലന്റെ സ്വീകാര്യതക്കുള്ള തെളിവാണ്. 20ലധികം രാജ്യങ്ങളില്‍ നിന്നായി 140ലേറെ പ്രദര്‍ശകരാണ് മേളയുടെ സവിശേഷത. അഞ്ചു ദിവസങ്ങളിലായി ഫെസ്റ്റിവലില്‍ വന്‍ സന്ദര്‍ശകപങ്കാളിത്തമുണ്ടായി. കുട്ടികളും കുടുംബങ്ങളും ഉള്‍പ്പടെ നിരവധിപേരാണ് കഴിഞ്ഞദിവസങ്ങളിലെത്തിയത്.

ഇവിടത്തെ പവലിയനുകളില്‍ മികച്ച വില്‍പ്പനയും നടന്നു. ഫാല്‍ക്കണ്‍ പ്രേമികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് രാജ്യാന്തര സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം നിരവധി പ്രാദേശിക, വിദേശ സന്ദര്‍ശകരെയാണ് സുഹൈല്‍ ആകര്‍ഷിക്കുന്നത്.ഖത്തരി പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് ഫാല്‍ക്കണുകള്‍.