in ,

ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്യുസിബി

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി യൂറോമണി സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: ബാങ്കിംഗ് വ്യവസായത്തിന്റെ സാമ്പത്തിക സാങ്കേതികവിദ്യ(ഫിന്‍ടെക്) കര്‍മ്മപദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു. ഫിന്‍ടെക് കര്‍മ്മപദ്ധതി പ്രഖ്യാപിക്കാന്‍ ക്യുസിബി സജ്ജമായിട്ടുണ്ട്.
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും ധനകാര്യ സാങ്കേതിക കമ്പനികളുമായും സഹകരിച്ചാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. നവീകരണത്തെയും വിപണി സ്ഥിരതയെയും പിന്തുണയ്ക്കുന്നു ആധുനിക നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് സംഭാവന ചെയ്യുന്നതാണ് ഫിന്‍ടെക് സ്ട്രാറ്റജി. ഇത് ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും ക്യുസിബി ഗവര്‍ണര്‍ പറഞ്ഞു. സെന്റ് റെജിസ് ഹോട്ടലില്‍ യൂറോമണി ഖത്തര്‍ സമ്മേളനത്തിന്റെ ഉദ്ഘാടനസെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനകാര്യ മേഖലയുടെ റെഗുലേറ്ററി, സൂപ്പര്‍വൈസറി അതോറിറ്റി എന്ന നിലയില്‍ സെന്‍ട്രല്‍ ബാങ്കിന് രാജ്യത്തെ ബാങ്കിങ്, സാമ്പത്തിക മേഖലയുടെ വികസനത്തില്‍ സാമ്പത്തിക സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിയാം. പരമ്പരാഗത ചാനലുകളില്‍ നിന്ന് ഡിജിറ്റല്‍ ഇതരമാര്‍ഗങ്ങളിലേക്ക് ബാങ്കിംഗ് സംവിധാനത്തെ മാറ്റുന്നതില്‍ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നു.
ആഗോള ബാങ്കിംഗ് സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സജ്ജമായ ഡിജിറ്റല്‍ ബാങ്കുകള്‍ ആ വഴിയിലാണ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രധാന പരമ്പരാഗത സേവനങ്ങള്‍ നല്‍കാന്‍ ഈ നവയുഗ ബാങ്കുകള്‍ക്ക് കഴിവുണ്ടെന്ന് ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രോണിക് ക്ലൗഡ് അധിഷ്ഠിത ബാങ്കിങ് സേവനങ്ങള്‍, മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ കഴിവുകള്‍ എന്നിവ ബാങ്കിങ് വ്യവസായത്തിന്റെ പ്രധാന ഘടകങ്ങളായി മാറുകയാണ്. പ്രമുഖ ഫിന്‍ടെക് കമ്പനികളുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ വ്യത്യസ്തമായ സംവിധാനം സ്ഥാപിക്കാന്‍ ബാങ്കുകളോട് ക്യുസിബി ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ബാങ്കിങ്് സേവനങ്ങള്‍ ഇപ്പോള്‍ ഏത് സമയത്തും ഏത് സ്ഥലത്തും നടപ്പിലാക്കാന്‍ കഴിയും. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ എന്നിവ പോലുള്ള വലിയ ഉപഭോക്തൃ അടിത്തറയുള്ള ടെക് ഭീമന്മാരുടെ പ്രവേശനം പരമ്പരാഗത ബാങ്കിങ് വ്യവസായത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ സാധ്യതയുണ്ട്. ബാങ്കിങ്് വ്യവസായത്തിലെ പുതിയ സംഭവവികാസങ്ങള്‍ സ്വകാര്യത, മത്സരം, വിപണി കുത്തക എന്നിവയെക്കുറിച്ച് നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കരട് പൊതുബജറ്റ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു