in ,

ഫിഫയുടെ ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകമ്മിറ്റി മുന്നറിയിപ്പ്

ദോഹ: 2022 ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഫിഫയുടെ ബൗദ്ധിക സ്വത്ത് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി പ്രാദേശിക സംഘാടകചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്റെ(ഫിഫ) ബൗദ്ധിക സ്വത്ത്(ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി- ഐപി) യാതൊരു അനുമതിയല്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

ഫിഫയുടെ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള നിയമലംഘനംം ഗുരുതരമായ കുറ്റകൃത്യമാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കുന്നതിന് മുന്നോടിയായാണ് സുപ്രീംകമ്മിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

വ്യക്തികള്‍, കോര്‍പറേറ്റ് മേഖലയിലുള്ളവര്‍, ഖത്തറില്‍ താമസിക്കുന്നവര്‍, ബിസിനസ് സ്ഥാപനങ്ങള്‍, അച്ചടി സ്ഥാപനങ്ങള്‍, മാധ്യമ ഏജന്‍സികള്‍, വിതരണക്കാര്‍, ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍, പ്രത്യേക വിശേഷഅവസരങ്ങളിലും മറ്റും നല്‍കുന്ന ഉപഹാരങ്ങളുടെയും സമ്മാനവസ്തുക്കളുടെയും നിര്‍മാതാക്കള്‍ തുടങ്ങി എല്ലാ മേഖലകളിലുള്ളവര്‍ക്കും മുന്നറിയിപ്പ് ബാധകമാണ്.

2022 ലോകകപ്പ് ഔദ്യോഗിക ചിഹ്നം, ട്രോഫി ഉള്‍പ്പടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുക്കളൊന്നും ദുരുപയോഗം ചെയ്യാന്‍ പാടില്ല. 2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ബൗദ്ധിക സ്വത്തിന്റെ എല്ലാഘടകങ്ങളുടെയും പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്.

ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം ഉള്‍പ്പടെയുള്ള ബൗദ്ധിക സ്വത്തിന്റെ മാര്‍ക്കുകള്‍, മുദ്രകള്‍, കലാപരമായ ഘടകങ്ങള്‍, സാഹിത്യഘടകങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പരിധിയില്‍ ഉള്‍പ്പെടും. ചട്ടങ്ങള്‍ ലംഘിച്ച് അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ തടവോ 20,000 റിയാലില്‍ കൂടാത്ത പിഴയോ ഇവ രണ്ടും ഒന്നിച്ചുമോ ലഭിച്ചേക്കും. ഇക്കാര്യത്തിലെ കോടതി വിധി പ്രതിയുടെ ചെലവില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ തുക കൂടി അടങ്ങുന്നതാണ് പിഴത്തുക.

ആറ് മാസം വരെ കുറ്റവാളികളുടെ സ്ഥാപനങ്ങളുെട ലൈസന്‍സ് റദ്ദാക്കും. നിയമലംഘനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍,യന്ത്രങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ കണ്ടുകെട്ടും. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, ഔദ്യോഗിക ഭാഗ്യചിഹ്നം, ഫിഫ എന്ന പേര്, ഖത്തര്‍ 2022, വേള്‍ഡ്കപ്പ്, വേള്‍ഡ്കപ്പ് 2022, ഫിഫ വേള്‍ഡ്കപ്പ് ഖത്തര്‍ 2022 തുടങ്ങിയ പേരുകളോ വാക്യങ്ങളോ ഒരുമിച്ചോ ഒറ്റക്കോ ഉപയോഗിക്കല്‍ എന്നിവയെല്ലാം ഫിഫ ബൗദ്ധിക സ്വത്തിന്റെ പരിധിയിലുള്ളവയാണ്.

ഫിഫ ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പരസ്യസംബന്ധമായതോ വാണിജ്യ സംബന്ധമായതോ മറ്റ് പ്രമോഷനുകള്‍ക്കുള്ളതോ ആയ എല്ലാ ഉപയോഗങ്ങള്‍ക്കും ഫിഫയുടെ മുന്‍കൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി നേടണം. അനുമതിയില്ലാതെ ഫിഫയുടെ ഏതെങ്കിലും ബൗദ്ധികസ്വത്ത് ഉപേയാഗിച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള അവകാശവും ഫിഫക്കുണ്ട്.

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഫിഫ ബൗദ്ധിക സ്വത്തിന്റെ ഏതെങ്കിലും കാര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും എടുക്കുന്നതില്‍ നിന്നും മാറിനില്‍ക്കണം. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ brandprotection@fifa.org എന്ന മെയില്‍ മുഖേന ഫിഫയെ അറിയിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അനാവരണം ചെയ്തു

വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2019’ന് ഉജ്വല തുടക്കം