
ദോഹ: ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സംപ്രേഷണാവകാശം ബിഇന്‍ ഗ്രൂപ്പിന്. ഫിഫക്കുവേണ്ടി ഡെന്റ്സുവും ബിഇന്‍ മീഡിയാ ഗ്രൂപ്പും ഇതുമായി ബന്ധപ്പെട്ട രണ്ടുവര്‍ഷത്തെ മാധ്യമ അവകാശ കരാര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയിലെ 24 രാജ്യങ്ങളില്‍ ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ എക്സ്ക്ലൂസീവ് സംപ്രേഷണാവകാശം ബിഇന്‍ സ്പോര്ട്സിനായിരിക്കും.
ക്ലബ്ബ് ലോകകപ്പിന്റെ 2019, 2020 എഡീഷനുകള്‍ ഖത്തറിലാണ് നടക്കുന്നത്. ഇതാദ്യമായാണ് ഖത്തര്‍ ഫിഫ ക്ലബ്ബ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈ ഡിസംബറില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂള്‍(യൂറോപ്പ്), ഫ്ളമെന്‍ഗോ(തെക്കേ അമേരിക്ക), സി.എഫ്. മോണ്ടെറി(കരീബിയന്‍), ഇഎസ് ടുണീസ്(ആഫ്രിക്ക), ഹൈന്ജീന് സ്പോര്‍ട്ട്(ഓഷ്യാനിയ), അല്‍ഹിലാല്‍(ഏഷ്യ) എന്നീ ക്ലബ്ബുകള്‍ക്കു പുറമെ ആതിഥേയരാജ്യമായ ഖത്തറിന്റെ ദേശീയ ചാമ്പ്യന്മാരായ അല്‍സദ്ദും മത്സരിക്കുന്നുണ്ട്. ഡിസംബര്‍ 11 മുതല്‍ 21വരെ ഖത്തറിലെ മൂന്നു സ്റ്റേഡിയങ്ങളിലാണ് ഫിഫ ക്ലബ്ബ് ലോകകപ്പ്. 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. ഈ അത്യാധുനിക സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങള്‍ ആഗോള ഫുട്ബോള്‍ ആസ്വാദകര്‍ക്ക് നേരിട്ടറിയാനും മനസിലാക്കാനും ലഭിക്കുന്ന അവസരമാണ് ക്ലബ്ബ് ലോകകപ്പ്.
സംപ്രേഷണാവകാശം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ബിഇന്‍ മീഡിയ ഗ്രൂപ്പ് സിഇഒ യൂസുഫ് അല്‍ഉബൈദ്ലി പറഞ്ഞു. ലോകത്തിലെ മികച്ച കായിക മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ബിഇന്നിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും പ്രതിഫലിക്കുന്നതാണ് പുതിയ കരാര്‍. ലോകോത്തര നിലവാരമുള്ള സ്റ്റുഡിയോകളും ദോഹയിലെ സൗകര്യങ്ങളും ഒപ്പം പരിചയസമ്പന്നരായ ജീവനക്കാരുംഉള്ളതിനാല്, ഈ അഭിമാനകരമായ അന്താരാഷ്ട്ര ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മേഖലയിലെ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ക്ക് അഭിമാനത്തോടെ സംപ്രേഷണം ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫ ക്ലബ് ലോകകപ്പിന്റെ അടുത്ത രണ്ട് പതിപ്പുകളിലും ബിഇന്‍ സ്പോര്‍ട്സ് സാന്നിധ്യമറിയിക്കുന്നതിലെ സന്തോഷം ഫിഫ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സൈമണ്‍ തോമസ് പങ്കുവെച്ചു. ഫിഫ ലോകകപ്പ് 2022ന്റെ ആതിഥേയ രാജ്യത്തിലെ പ്രധാന ബ്രോഡ്കാസ്റ്ററായ അവര്‍ ഇതിനകം ഫിഫയുടെ വളരെ പ്രധാനപ്പെട്ട പ്രക്ഷേപണ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.