Monday, August 10ESTD 1934

ഫിഫ ക്ലബ്ബ് ലോകകപ്പിന് നാളെ കിക്കോഫ്; ഫാന്‍ സോണ്‍ തുറന്നു

ദോഹ. ഫിഫ ക്ലബ് ലോകകപ്പിന് നാളെ ദോഹയില്‍ കിക്കോഫ്. ലോകത്തിലെ ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ക്കൊപ്പം ആതിഥേയരായ ഖത്തറിന്റെ അല്‍സദ്ദും ക്ലബ്ബ് ലോകകപ്പില്‍ ബൂട്ടണിയും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരെന്ന നിലയിലാണ് സദ്ദിനെ തെരഞ്ഞെടുത്തത്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും സുരക്ഷാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മികച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 21നാണ് കലാശപ്പോരാട്ടം. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫാന്‍ സോണ്‍ ദോഹ സ്പോര്‍ട്സ് പാര്‍ക്കില്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ദോഹ ഗോള്‍ഫ് ക്ലബ്ബിനു സമീപത്താണ് ദോഹ സ്‌പോര്‍ട്‌സ് പാര്‍ക്ക്. 21 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ പുലര്‍ച്ചെ 12 വരെയാണ് ഫാന്‍ സോണിന്റെ പ്രവര്‍ത്തനം. അലിബാബ ക്ലൗഡുമായി സഹകരിച്ചാണ് ഫാന്‍സോണ്‍ സജ്ജമാക്കിയിരിക്കുന്നത്. കാണികള്‍ക്ക് കൂറ്റന്‍ സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാം. ഒപ്പം രാജ്യാന്തര ഡിജെമാരും മറ്റ് കലാകാരന്മാരും ഒരുക്കുന്ന തല്‍സമയ സംഗീത പരിപാടികള്‍, സംസ്‌കാരങ്ങളുടെ കാര്‍ണിവല്‍ എന്നിവയെല്ലാം ഫാന്‍സോണില്‍ ഒരുക്കിയിട്ടുണ്ട്. മെക്സിക്കന്‍ വിഭവങ്ങളും ബര്‍ഗര്‍, പീസ തുടങ്ങി വ്യത്യസ്ത ഭക്ഷണ-പാനീയങ്ങളും ആസ്വദിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഫുട്ബോള്‍ പ്രമേയമാക്കിയുള്ള പ്രത്യേക പരിപാടികളും കാണാം. പ്രവേശനം സൗജന്യമാണ്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം മാത്രമാണ് പ്രവേശനം.മത്സര ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മത്സര ദിനങ്ങളില്‍ ദോഹ മെട്രോയില്‍ സൗജന്യ ഡേ പാസ് ലഭിക്കും. സൗജന്യ യാത്രക്കായി റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ ഏത് മെട്രോ സ്റ്റേഷനുകളിലുമുള്ള ഗോള്‍ഡ് ക്ലബ്ബ് ബോക്സ് ഓഫിസില്‍ മത്സര ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ദോഹ മെട്രോയില്‍ സ്റ്റേഡിയങ്ങളിലേക്ക് എത്താനാണ് അധികൃതരുടെ നിര്‍ദേശം.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭിക്കും. കാണികള്‍ ഇ-ടിക്കറ്റിന്റെ പ്രിന്റ് കൈവശം സൂക്ഷിക്കണം. 3 വിഭാഗങ്ങളിലായി 25 മുതല്‍ 400 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന്റെ സാന്നിധ്യമാണ് ക്ലബ്ബ് ലോകകപ്പിനെ ആകര്‍ഷകമാക്കുന്നത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്തള്ള ലിവര്‍പൂള്‍ ആറു തവണ യൂറോപ്യന്‍ ചാംപ്യന്‍മാരായിട്ടുണ്ട്. മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ ദെയ്ക്, സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയവരെല്ലാം ദോഹയില്‍ മത്സരത്തിനുണ്ടാകും. ജര്‍മന്‍ സ്വദേശി യൂര്‍ഗന്‍ ക്ലോപ്പാണ് പരിശീലകന്‍. മെക്സിക്കന്‍ ഫുട്ബോള്‍ ലീഗിലെ ഏറ്റവും പഴക്കമുള്ള ക്ലബ്ബും വടക്കേ അമേരിക്കയിലെ കോണ്‍കാഫ് ചാംപ്യന്‍സ്ലീഗ് ജേതാക്കളുമായ സിഎഫ് മൊണ്ടേറെയും ആത്മവിശ്വാസത്തിലാണ്. അര്‍ജന്റീനക്കാരനായ അന്റോണിയോ മുഹമ്മദാണ് ടീമിന്റെ പരിശീലകന്‍.
ഓഷ്യാനിയയിലെ ചാംപ്യന്‍സ് ലീഗില്‍ ജയിച്ച് ക്ലബ് ലോകകപ്പിന് യോഗ്യത നേടിയ ഹെന്‍ഗെയ്ന്‍ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ), സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസിന്റെ പരിശീലനത്തിലിറങ്ങുന്ന ആതിഥേയരായ അല്‍സദ്ദ്, ആഫ്രിക്കയിലെ സിഎഎഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ടുണീഷ്യയുടെ ഇഎസ് തുനീസ്, എഎഫ്സി ചാംപ്യന്‍സ് ലീഗ് ജേതാക്കളായ സഊദി അറേബ്യയുടെ അല്‍ ഹിലാല്‍, ബ്രസീലിയന്‍ ഫുട്ബോള്‍ ലീഗിലെ ചാംപ്യന്‍മാരായ ഫ്ളെമംഗോ എന്നിവരും ക്ലബ്ബ് ലോകകപ്പില്‍ മത്സരത്തിന് ആവേശം ഉയര്‍ത്തും.

error: Content is protected !!