
ദോഹ: ഡിസംബര്‍ 11 മുതല്‍ 21 വരെ ദോഹയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന തുടരുന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍ 24,211 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഖത്തറിലും യുകെയിലും താമസിക്കുന്നവരാണ് ടിക്കറ്റുകള്‍ കൂടുതലായി ബുക്ക് ചെയ്തത്.
ഖത്തറിലെ 60ശതമാനം പേരും യുകെയിലെ 16ശതമാനം പേരും വിസ പ്രീസെയില്‍ ഘട്ടത്തിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. യൂറോപ്പ്, ദക്ഷിണ അമേരിക്ക, മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലുള്ളവരും ടിക്കറ്റുകള്‍ നേടി.
ഡിസംബര്‍ 21ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ലഭ്യമായ 10,085 ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടു മുതലാണ് ഔദ്യോഗികമായ വില്‍പ്പന ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ വിസ കാര്‍ഡുകളുള്ളവര്‍ക്കാണ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം. 25 മുതല്‍ 400 റിയാല്‍വരെയാണ് ടിക്കറ്റ് നിരക്ക്.
ആദ്യ റൗണ്ട്, രണ്ടാം റൗണ്ട്, അഞ്ചാം സ്ഥാനക്കാരെ നിശ്ചയിക്കല്‍, ഒന്നാം സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് കാറ്റഗറി ഒന്നിന് നൂറു റിയാലും കാറ്റഗറി രണ്ടിന് 50 റിയാലും കാറ്റഗറി മൂന്നിന് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
രണ്ടാം സെമിഫൈനല്‍ മത്സരത്തിന് കാറ്റഗറി ഒന്നിന് 300 റിയാല്‍, കാറ്റഗറി രണ്ടിന് 150 രിയാല്‍, കാറ്റഗറി മൂന്നിന് 75 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരം, ഫൈനല്‍ എന്നിവക്കുള്ള ടിക്കറ്റ് നിരക്ക് യഥാക്രമം 400, 200, 100 റിയാല്‍ വീതമാണ്.
വിസ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 31വരെ എക്‌സ്‌ക്ലൂസീവായി ടിക്കറ്റുകള്‍ നേടാന്‍ അവസരമുണ്ടാകും. നവംബര്‍ പതിനാലു മുതല്‍ ഡിസംബര്‍ 21വരെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് നേടാം.
ഫിഫ വെബ്്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. അംഗപരിമിതര്‍ക്കായി പ്രത്യേകമായി ടിക്കറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.
വിജയകരമായ അപേക്ഷകര്‍ക്ക് ഇ-ടിക്കറ്റുകളായിരിക്കും അനുവദിക്കുക. ഉപഭോക്താവിന് പ്രിന്റ് എടുക്കാനാകും.
ഡിസംബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് തങ്ങളുടെ ഫിഫ ടിക്കറ്റിങ് അക്കൗണ്ട് മുഖേന ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. ആദ്യ സെമി ഡിസംബര്‍ 17നും രണ്ടാം സെമി ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നുമാണ്. ഫൈനല്‍ 21നും. ആറു തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളാണ് ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതുവരെ ലോക കിരീടം നേടാന്‍ ലിവര്‍പൂളിനായിട്ടില്ല.
ഒന്നാം റൗണ്ട് ജേതാക്കള്‍, എഎഫ്‌സി, സിഎഎഫ്, കോണ്‍കാകഫ് പ്രതിനിധികള്‍ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പരസ്പരം മത്സരിക്കും.