
ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനസൗകര്യവികസനപദ്ധതികളും 2021നകം പ്രവര്‍ത്തനസജ്ജമാകുമെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഈ വര്‍ഷം ആദ്യപകുതിയില്‍ എജ്യൂക്കേഷന്‍ സിറ്റി, അല്‍ബയ്ത്ത് സ്റ്റേഡിയങ്ങള്‍ അനാവരണം ചെയ്യുമെന്നും സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു.
ദാവോസില്‍ ലോക സാമ്പത്തികഫോറത്തോടനുബന്ധിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് അല്‍തവാദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തറിനെയും മിഡില്ഈസ്റ്റിനെയും സംംബന്ധിച്ചിടത്തോളം പരിവര്‍ത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാന്‍ ടൂര്‍ണമെന്റിനു ശേഷിയുണ്ടെന്ന് സിഎന്‍ബിസിയിലെ ഹാഡ്ലെ ഗാംബ്ലിനു നല്കിയ അഭിമുഖത്തില്‍ അല്‍തവാദി വ്യക്തമാക്കി. പ്രധാന കായിക മത്സരങ്ങള്‍ പ്രത്യേകിച്ചും ഫുട്ബോളും ലോകകപ്പും ജനങ്ങളെ യോജിപ്പിക്കുന്നതിനും ഒരുമിച്ചുകൊണ്ടുവരുന്നതിനും അവിശ്വസനീയമായ അവസരങ്ങള്‍ നല്കുന്നു. അടുത്തിടെ നടന്ന ഫിഫ ക്ലബ് ലോകകപ്പ് നോക്കുകയാണെങ്കില്‍, ഖത്തറില്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ആളുകള്‍ പരസ്പരം ഇടപഴകുകയും ഫുട്ബോള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ഒരു യഥാര്‍ത്ഥ ഉത്സവമായിരുന്നു. ജീവിതത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതില്‍ കായികരംഗത്തിന്റെ മൂല്യത്തെയും ശക്തിയെയും അഭിനന്ദിക്കുന്നു. അടുത്തിടെ ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഒരു മികച്ച ഉദാഹരണമാണ്.
ബഹ്റൈന്‍ ആദ്യമായി ഗള്‍ഫ് കപ്പ് നേടിയ ചാമ്പ്യന്‍ഷിപ്പില്‍ ആസ്വാദകരുടെ വികാരം അവിശ്വസനീയമായിരുന്നു- അല്‍തവാദി പറഞ്ഞു. ഭിന്നിപ്പും ദേശീയതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു യുഗത്തില്‍, നമ്മുടെ പൊതു മാനവികത പ്രദര്‍ശിപ്പിക്കുന്നതിനും പങ്കിട്ട മൂല്യങ്ങള്‍ ആഘോഷിക്കുന്നതിനും ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍ ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുളള ഖത്തറിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. 2020 സുപ്രീംകമ്മിറ്റിയെ സംബന്ധിച്ചിടത്തോളം തിരക്കുള്ള വര്‍ഷമാണ്. ഈ ഫെബ്രുവരിയില്‍ സിഎഎഫ് സൂപ്പര്‍ കപ്പിനും ഡിസംബറില്‍ ഫിഫ ക്ലബ്ബ് ലോകകപ്പിനും ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫുട്ബോള്‍ ആസ്വാദകരെയാണ് ഈ ടൂര്‍ണമെന്റുകളിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദാവോസില്‍ നിരവധി ഉന്നതതല ചര്‍ച്ചകളിലും പാനല്‍ സെഷനുകളിലും ഹസന് അല്‍തവാദി പങ്കെടുത്തു.