
ദോഹ: ഖത്തര്‍ ലോകകപ്പ് 2022ലും ഏഷ്യന്‍ കപ്പ് 2023 മത്സരങ്ങളിലും പങ്കെടുക്കാനുള്ള ഏഷ്യന്‍ യോഗ്യതാ നറുക്കെടുപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് ഇയില്‍. ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ നറുക്കെടുപ്പില്‍ ഖത്തറിന് പുറമേ ഇന്ത്യ, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണുള്ളത്.
ഗ്രൂപ്പ് എയില്‍ 2023 ഏഷ്യാകപ്പ് ആതിഥേയരായ ചൈന, സിറിയ, ഫിലിപ്പൈന്‍സ്, മാലിദ്വീപ്, ഗുവാം എന്നിവയാണ് മത്സരിക്കുന്നത്. ഫിഫ കോംപിറ്റീഷന്‍സ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഉംഗര്‍, ആസ്‌ത്രേയിലന്‍ ഇതിഹാസം ടിം കാഹില്‍ എന്നിവര്‍ പങ്കെടുത്ത നറുക്കെടുപ്പില്‍ ഏഷ്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഫുട്ബാള്‍ റാങ്കുകാരായ ഇറാന്‍ ഗ്രൂപ്പ് സിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇറാഖ്, ബഹറൈന്‍, ഹോങ്കോങ്, കംബോഡിയ എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പില്‍ ഏറ്റുമുട്ടുന്നത്. റഷ്യന്‍ ലോകകപ്പ് 2018ല്‍ നിര്‍ഭാഗ്യംകൊണ്ട് പുറത്തേക്കു പോകേണ്ടി വന്ന ഇറാന്‍ തുടര്‍ച്ചയായി മൂന്നാം തവണ ലോകകപ്പില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഫിഫ ലോകകപ്പ് 2018ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ജപ്പാന്‍ ഗ്രൂപ്പ് എഫിലാണുള്ളത്. കിര്‍ഗിസ് റിപ്പബ്ലിക്ക്, താജിക്കിസ്ഥാന്‍, മ്യാന്‍മര്‍, മംഗോളിയ എന്നിവയാണ് ഈ ഗ്രൂപ്പിലുള്ള മറ്റു രാജ്യങ്ങള്‍.
ഗ്രൂപ്പ് എച്ചില്‍ ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലബനാന്‍, തുര്‍ക്ക്മനിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ഡിയില്‍ സഊദി അറേബ്യ, ഉസ്‌ബെക്കിസ്താന്‍, ഫലസ്തീന്‍, യമന്‍, സിംഗപ്പൂര്‍ എന്നിവയും ഗ്രൂപ്പ് ബിയില്‍ ആസ്‌ത്രേലിയ, ജോര്‍ദാന്‍, ചൈനീസ് തായ്‌പേയ്, കുവൈത്ത്, നേപ്പാള്‍ എന്നിവയും ഗ്രൂപ്പ് ജിയില്‍ വിയറ്റ്‌നാം, തായിലാന്റ്, മലേഷ്യ, ഇന്തോനേഷ്യ, യു എ ഇ എന്നീ രാജ്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എട്ട് ഗ്രൂപ്പുകളിലേയും ജേതാക്കളും റണ്ണറപ്പുകളില്‍ കൂടുതല്‍ പോയിന്റുള്ള നാല് ടീമുകളുമാണ് അന്തിമ റൗണ്ടിലെത്തുക. ഗ്രൂപ്പില്‍ ഖത്തര്‍ വിജയികളാവുകയാണെങ്കില്‍ മറ്റു ഗ്രൂപ്പുകളിലെ ഏഴ് ടീമുകളും അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് ഫിഫ ലോകകപ്പ് മത്സരങ്ങളിലേക്കുള്ള അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും. ക്വാളിഫയിംഗ് മത്സരങ്ങള്‍ സെപ്തംബറിലാണ് ആരംഭിക്കുക.