
ദോഹ: ഫ്രാന്‍സില്‍ നടക്കുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങള്‍ക്കു മുന്നോടിയായുള്ള പതാകവാഹകരായി പങ്കെടുക്കുന്നതിന് ഖത്തറിലെ കുട്ടികള്‍ക്കും അവസരം. ഖത്തര്‍ ഫൗണ്ടേഷന് പ്രോഗ്രാമുകളില്‍ പങ്കാളികളായ കുട്ടികളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കാണ് ഈ അപൂര്‍വ നേട്ടം ലഭിച്ചത്. ഫിഫയുടെ ഔദ്യോഗിക ആഗോള പങ്കാളിയായ ദി വാന്‍ഡ ഗ്രൂപ്പാണ് ഖത്തറിലെ കുട്ടികളെ ഔദ്യോഗികമായി ക്ഷണിച്ചത്. ഫിഫയുടെ എല്ലാ ടൂര്‍ണമെന്റുകളിലും യൂത്ത് പ്രോഗ്രാമിനുള്ള അവകാശം വാന്‍ഡ ഗ്രൂപ്പിനാണ്.
ഫിഫ വനിതാ ലോകകപ്പിലെ രണ്ടു സെമിഫൈനല്‍ മത്സരങ്ങള്‍ക്കു മുന്‍പായുള്ള ചടങ്ങിലാണ് ഖത്തര്‍ ഫൗണ്ടേഷന്റെ ആറു കൂട്ടികള്‍ക്ക് പതാകവാഹകരാകാനുള്ള(ഫ്ളാഗ് ബിയറര്‍) അവസരം ലഭിക്കുക. വനിതാ ഫുട്ബോളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമായിരിക്കും ഇവര്‍ നില്ക്കുക. ദശലക്ഷക്കണക്കിനു പേരായിരിക്കും ടെലിവിഷനിലൂടെ ഇത് കാണുക. രണ്ടു സെമി ഫൈനല്‍ മത്സരങ്ങളുടെയും കിക്കോഫിനു മുമ്പായാണ് ഈ ചടങ്ങ്.

ഖത്തറിലെ ആറു ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പതാകവാഹകരാകുന്നതിനുള്ള അപൂര്‍വ അവസരം ലഭിച്ചത്. സെമിഫൈനലിനു മുന്നോടിയായി ഖത്തര്‍ കുട്ടികള്‍ ലിയോണ്‍ സന്ദര്‍ശിക്കുകയും ഖത്തര്‍ ഫൗണ്ടേഷന് ഒരുക്കിയ പരിപാടികളില്‍ പങ്കാളികളാകുകയും ചെയ്തു. പ്രാദേശികസമൂഹവുമായി ഇടപഴകുന്നതിനുള്ള അവസരവും ഈ കൂട്ടികള്‍ക്ക് ലഭിച്ചു. ഓരോ സെമിഫൈനലിനു മുന്നോടിയായും ഫിഫ പതാകവാഹകരായി ഖത്തര്‍ പ്രതിനിധിസംഘത്തിലെ മൂന്നു പേര്‍ക്കുവീതം അവസരം ലഭിക്കും. ഈ ചടങ്ങിനുശേഷം പ്രത്യേക സ്റ്റാന്‍ഡിലിരുന്ന് ഇവര്‍ക്ക് മത്സരം ആസ്വദിക്കാനാകും.
ഖത്തര്‍ ഫൗണ്ടേഷനും വാന്‍ഡ ഗ്രൂപ്പും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഭാഗമായുള്ള ആദ്യ ചുവടുവയ്പ്പാണ് ഈ ട്രിപ്പ്. ഖത്തര്‍ ഫൗണ്ടേഷന്റെ കമ്യൂണിറ്റി പ്രോഗ്രാം അംഗങ്ങളായ ഫാത്തിമ അല്‍നഈമി, ഹയ അല്‍നഈമി, അല്യ അല്‍നഈമി, എബിലിറ്റി ഫ്രണ്ട്ലി സ്പോര്‍ട്സ് പ്രോഗ്രാം അംഗങ്ങളായ ഫറാ മുഹമ്മദ്, നിഹാദ് റിസാല്‍, ഫുട്ബോള്‍ പ്രോഗ്രാമിന്റെ ഭാഗമായ ഷമീം താഹ എന്നിവര്‍ക്കാണ് പതാകവാഹകരാകുന്നതിനുള്ള അപൂര്‍വാവസരം ലഭിച്ചത്.