
ദോഹ: ഖത്തറിലെ ഫുട്ബോള്‍ മത്സരങ്ങളെല്ലാം നിശ്ചയിച്ചതുപോലെ നടക്കുമെങ്കിലും കാണികളുടെ സാന്നിധ്യമുണ്ടാകില്ല. മത്സരങ്ങളില്‍ കാണികളുടെ സാന്നിധ്യം ഒഴിവാക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 2019-2020 ഫുട്ബോള്‍ സീസണിലെ അമീര്‍ കപ്പ്, ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ്, സെക്കന്റ് ഡിവിഷന്‍ ലീഗ്, ഖത്തര്‍ഗ്യാസ് ലീഗ് മത്സരങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുജന സാന്നിധ്യമില്ലാതെ നടത്താനാണ് തീരുമാനം. നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിന് രാജ്യം സ്വീകരിക്കുന്ന നടപടികളുടെയും ശ്രമങ്ങളുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ തീരുമാനം. മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഫുട്ബോള്‍ ആസ്വാദകരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി)യുടെ കായികപരിപാടികളിലും മത്സരങ്ങളിലും കാണികളുടെ സാന്നിധ്യമുണ്ടാകില്ല. അതേസമയം ക്യുഒസിയുടെ കായികപരിപാടികളെല്ലാം മുന്‍നിശ്ചയിച്ചതുപോലെ തന്നെ നടക്കും. എന്നാല്‍ ഈ പരിപാടികളിലൊന്നും കാണികളുണ്ടാകില്ല. ഖത്തറില്‍ സ്‌കൂളുകളും യൂണിവേഴ്സിറ്റികളും താല്‍ക്കാലികമായി അടച്ചതോടെ ക്യുഒസി എല്ലാ യുവ കായിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്താന്‍ രാജ്യം സ്വീകരിച്ച സംരക്ഷണ നടപടികള്‍ക്ക് അനുസൃതമായാണ് ക്യുഒസിയുടെ തീരുമാനം. പൊതുകൂട്ടായ്മകളും സമ്മേളനങ്ങളും ഒഴിവാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും ദേശീയ പാന്‍ഡെമിക് തയാറെടുപ്പു സമിതിയും ശുപാര്‍ശ ചെയ്തിരുന്നു. ക്യുഒസി അതിന്റെ കായികതാരങ്ങളുടെയും ആസ്വാദകരുടെയും ക്ഷേമം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല ബന്ധപ്പെട്ട ദേശീയ അധികാരികള്‍ നല്‍കുന്ന വിദഗ്ദ്ധരുടെ മാര്‍ഗനിര്‍ദ്ദേശം പിന്തുടരുകയും ചെയ്യും.